ഓര്‍മയുടെ പാര്‍ട്ടി ക്ളാസില്‍ മുഴങ്ങുന്ന ശബ്ദമായി മൂര്‍ത്തി മാഷ്

കോഴിക്കോട്: പുതുതലമുറയിലെ സഖാക്കള്‍ക്കെല്ലാം പാര്‍ട്ടി ക്ളാസില്‍ മുഴങ്ങുന്ന ശബ്ദമാണ് വി.വി. ദക്ഷിണാമൂര്‍ത്തി എന്ന പാര്‍ട്ടി സൈദ്ധാന്തികന്‍. വായനയുടെയും അറിവിന്‍െറയും ആ നിശ്ശബ്ദ സാന്നിധ്യം തന്‍െറ തലമുറയുടെ പാര്‍ട്ടി ആചാര്യനായിരുന്നെന്ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ ഓര്‍ക്കുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ കോഴിക്കോട് കമീഷണര്‍ ഓഫിസിലേക്ക് നടത്തിയ ഡി.വൈ.എഫ്.ഐ മാര്‍ച്ചിലെ തന്‍െറ പ്രസംഗം അതിരുവിട്ടപ്പോള്‍ ജില്ലാ സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന മാഷ് പറഞ്ഞ വാക്ക് ഇന്നും കാതില്‍ മുഴങ്ങുകയാണ്. ‘പ്രസംഗത്തില്‍ നല്ല ഭാഷ പ്രയോഗിക്കണം’ എന്നായിരുന്നു ആ ഉപദേശം. പാര്‍ട്ടി ചരിത്രവും സിദ്ധാന്തവും മാത്രമല്ല, സമകാലിക സംഭവങ്ങളെല്ലാം പഠിച്ച് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ടാക്കിയേ സംസാരിക്കാവൂ എന്നായിരുന്നു ആ പാഠം. എസ്.എഫ്.ഐ കാലത്ത് അദ്ദേഹത്തിന്‍െറ ക്ളാസ് കേട്ടുവളര്‍ന്ന എന്‍െറ തലമുറക്ക് ലഭിച്ച വലിയ പാഠമായിരുന്നു അത്.-പ്രദീപ് കുമാര്‍ ഓര്‍ത്തു. ഒരുകാലത്ത് സ്കൂള്‍ അധ്യാപകനായതുകൊണ്ടുമാത്രമല്ല, അദ്ദേഹം ‘മാഷ്’ എന്നപേരില്‍ അറിയപ്പെട്ടത്. ഒരു തലമുറക്ക് മാര്‍ക്സിസത്തിന്‍െറ ബാലപാഠം പകര്‍ന്നു കൊടുത്ത അധ്യാപകനായിരുന്നു. പ്രഭാഷകന്‍, പത്രാധിപര്‍, ട്രേഡയൂനിയന്‍ നേതാവ് എന്നിങ്ങനെ ബഹുമുഖമായിരുന്നു ആ കഴിവ്. പേരാമ്പ്രക്കടുത്ത് വടക്കുമ്പാട് ഹൈസ്കൂളില്‍ ദീര്‍ഘകാലം ഇംഗ്ളീഷ് അധ്യാപകന്‍. ക്ളാസ്മുറിക്കുള്ളില്‍ പഠിപ്പിച്ചതിലേറെപ്പേരെ പുറത്ത് പഠിപ്പിച്ചു. മലബാറിലാകെ തലമുറക്ക് വൈരുധ്യാധിഷ്ഠിത ഭൗതികവാദവും മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് ദര്‍ശനവും പകരാനുള്ള ദൗത്യനിര്‍വാഹകനായി മാറിയ ജീവിതം. സ്കൂള്‍ അധ്യാപകന്‍െറ അതേ നിഷ്ഠയില്‍, അതിലുമേറെ ജാഗ്രതയില്‍ അദ്ദേഹം പാര്‍ട്ടി ക്ളാസെടുത്തു. സിദ്ധാന്തത്തെ അനുഭവവും ജീവിത പരിസരവുമായി ഇഴചേര്‍ത്ത് വിവരിക്കുന്ന ശൈലി. സ്വന്തം ജീവിതംപോലെ ലാളിത്യം അതിന്‍െറ മുഖമുദ്രയായി. പൊതുപ്രവര്‍ത്തനത്തിന്‍െറ തിരക്കിലായതോടെ അധ്യാപന ജോലിയില്‍നിന്ന് സ്വയം വിരമിച്ചു. എന്നാല്‍, ആശയാധ്യാപനത്തിന്‍െറ മേഖലയില്‍ അവസാനകാലംവരെയും സംഭാവനയുണ്ടായി. ദേശീയ നേതാക്കളായിരുന്ന ബി.ടി. രണദിവെയും ബസവ പുന്നയ്യയും മറ്റും മലബാറിലത്തെിയാല്‍ അവരുടെ പ്രസംഗം പരിഭാഷപ്പെടുത്തിയിരുന്നതും മൂര്‍ത്തി മാഷായിരുന്നു. സസ്യാഹാരം മാത്രം കഴിച്ചിരുന്ന മാഷിന് മോരിനോട് മാത്രമായിരുന്നു പ്രത്യേക ഇഷ്ടം. വീട്ടില്‍നിന്ന് വരുമ്പോള്‍ പലപ്പോഴും ബാഗില്‍ മോര് സൂക്ഷിക്കുന്നത് എപ്പോഴും കൗതുകമുണര്‍ത്തി. അസുഖംമൂലം പാര്‍ട്ടി വേദികളില്‍നിന്ന് അകന്നപ്പോഴും നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ ‘താന്‍ സര്‍വ വ്യാപിയാണല്ളോ’ എന്ന് ചോദിച്ചുകൊണ്ടാണ് എതിരേറ്റത്. അവസാനമായി അദ്ദേഹത്തോട് സംസാരിച്ചത് അതായിരുന്നു -പ്രദീപ്കുമാര്‍ ഓര്‍ക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.