തെരുവിലെ കഥാനായകര്‍ അരങ്ങത്തേക്ക്

കോഴിക്കോട്: നഗരത്തിന്‍െറ ഹൃദയഭാഗമായ മിഠായിത്തെരുവിന്‍െറ തുടിപ്പുകളെ അക്ഷരങ്ങളിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയ ‘ഒരു തെരുവിന്‍െറ കഥ’ ഇനി നാടകമായി കാണാം. എസ്.കെ. പൊറ്റെക്കാട്ടിന്‍െറ സ്മരണക്കായി കലാ-സാംസ്കാരിക-സാമൂഹിക പ്രവര്‍ത്തകര്‍ രൂപംനല്‍കിയ പുതിയറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചന്ദ്രകാന്തം സാംസ്കാരികവേദിയാണ് തെരുവിന്‍െറ കഥയെ അരങ്ങിലത്തെിക്കുന്നത്. എസ്.കെ. പൊറ്റെക്കാട്ട് താമസിച്ചിരുന്ന പുതിയറയിലെ വീടിന്‍െറ പേരാണ് സംഘടനക്ക് നല്‍കിയത്. ‘പുതിയറയുടെ രാജകുമാരന്‍’ എന്നറിയപ്പെടുന്ന വിശ്വവിഖ്യാത സാഹിത്യകാരനും മലയാള സഞ്ചാരസാഹിത്യത്തിലെ അവസാനവാക്കുമായ എസ്.കെ. പൊറ്റെക്കാട്ടിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത നോവലാണ് ‘തെരുവിന്‍െറ കഥ’. പത്രങ്ങളുടെ തലക്കെട്ടുകള്‍ ഉറക്കെ വായിച്ച് വിപണനം നടത്തുന്ന കൃഷ്ണക്കുറുപ്പിലൂടെയാണ് തെരുവിന്‍െറ വിശാലമായ ലോകം നാടകത്തില്‍ അനാവരണം ചെയ്യുന്നത്. ഓമഞ്ചിയും രാമുണ്ണി മാസ്റ്ററും ആയിശയും മുരുകനും സുധാകരന്‍ മുതലാളിയും മാലതിയും വികൃതിക്കൂട്ടങ്ങളും പിന്നെ അവഗണിക്കാനാകാത്ത സാന്നിധ്യമായി നിലകൊള്ളുന്ന കമ്പിത്തൂണ്‍പോലും ഈ തെരുവിലുണ്ട്. ഇവരെല്ലാം കഥാപാത്രങ്ങളായി ഒരിക്കല്‍കൂടി പുനര്‍ജനിക്കും. ‘ഒരു തെരുവിന്‍െറ കഥ’ എന്ന പേരില്‍ത്തന്നെ ഒരുക്കുന്ന നാടകത്തില്‍ എസ്.കെ. പൊറ്റെക്കാട്ടിനത്തെന്നെയാണ് പ്രധാന കഥാപാത്രമായി അവതരിപ്പിക്കുന്നത്. എസ്.കെയുടെ തൂലികയിലൂടെ അനശ്വരമായ കഥയെ നാടകരൂപത്തില്‍ പുനരവതരിപ്പിക്കുന്നതിലൂടെ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയൊരുക്കുകയും തെരുവിന്‍െറ കഥക്ക് പുനര്‍വായന നടത്തുകയുമാണ് ചന്ദ്രകാന്തം ലക്ഷ്യമിടുന്നത്. പ്രമുഖ നാടക സംവിധായകനും നടനുമായ വിജയന്‍ വി. നായരുടെ സംവിധാനത്തിലാണ് നാടകമൊരുങ്ങുന്നത്. തിരക്കഥാ രചനയുള്‍പ്പെടെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി. എം.കെ. രവിവര്‍മയുടേതാണ് രചന. അടുത്തദിവസങ്ങളില്‍ അഭിനേതാക്കളെ കണ്ടത്തെി നവംബര്‍ 15 മുതല്‍ റിഹേഴ്സല്‍ തുടങ്ങുമെന്ന് വേദി പ്രസിഡന്‍റ് പി. ദിവാകരന്‍ പറഞ്ഞു. 27 കഥാപാത്രങ്ങളുള്ള, രണ്ട് മണിക്കൂറോളം ദൈര്‍ഘ്യമുള്ള നാടകത്തിലേക്ക് അമച്വര്‍ നാടകസംഘങ്ങളിലെ അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. ആദ്യ അവതരണം 2017 ഫെബ്രുവരി ഏഴിന് പറയഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടത്തും. ഒന്നുമില്ലായ്മയുടെ പടുകുഴിയില്‍ ജീവിക്കുന്ന മനുഷ്യരുടെ വേദനയും സന്തോഷങ്ങളുമുള്ള ‘തെരുവിന്‍െറ കഥ’ ഏറെ വൈകാതെ ഇനി അരങ്ങിന്‍െറ ഇരുണ്ടവെളിച്ചത്തില്‍ കാണാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.