സെന്‍ട്രല്‍ ലൈബ്രറിയും ഉറൂബ് സ്മാരകവും ഇനി ആനക്കുളം സാംസ്കാരിക നിലയത്തില്‍

കോഴിക്കോട്: കിളിയനാട് സ്കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്ന ജില്ലാ സെന്‍ട്രല്‍ ലൈബ്രറിയും ഉറൂബ് സ്മാരകവും കോര്‍പറേഷന്‍ ആനക്കുളം സാംസ്കാരിക നിലയത്തിലേക്ക് താല്‍ക്കാലികമായി മാറ്റിയതിന്‍െറ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ് ലൈബ്രറി പ്രവര്‍ത്തിച്ചുപോന്ന മാനാഞ്ചിറയിലെ സ്ഥലം നഷ്ടപ്പെട്ടതിലുള്ള പ്രതിഷേധയോഗമായി ചടങ്ങ് മാറി. നഗരത്തിന്‍െറ കണ്ണായ സ്ഥലത്ത് നഗരവാസികളുടെ വായനാകേന്ദ്രമായി പ്രവര്‍ത്തിച്ച സെന്‍ട്രല്‍ ലൈബ്രറിയോട് ചെയ്ത വഞ്ചനക്ക് തുല്യതയില്ളെന്ന് മേയര്‍ പറഞ്ഞു. നഗരത്തിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ കേന്ദ്രമായിരുന്ന ലൈബ്രറിയോടുള്ള ക്രൂരത ചിന്തിക്കാന്‍ കഴിയാത്തതാണ്. ‘94ല്‍ സെന്‍ട്രല്‍ ലൈബ്രറി പ്രവര്‍ത്തിച്ച മാനാഞ്ചിറയിലെ കെട്ടിടം പൊളിച്ച് 30 സെന്‍റ് സ്ഥലത്ത് പുതിയത് പണിതെങ്കിലും അത് ട്രസ്റ്റിന് കീഴിലാക്കുകയായിരുന്നു. ഇതോടെ ചേവായൂരിലേക്ക് മാറ്റിയ സെന്‍ട്രല്‍ ലൈബ്രറിക്ക് തിരിച്ച് പുതിയ കെട്ടിടത്തിലേക്ക് മാറാനായില്ല. പിന്നീട് ക്രിസ്ത്യന്‍ കോളജിനടുത്ത് കിളിയനാട് സ്കൂള്‍ കെട്ടിടത്തിലേക്ക് മാറിയ ലൈബ്രറിയും പിന്നീട് തുടങ്ങിയ ഉറൂബ് സ്മാരകവും അവിടെ ഞെരുങ്ങിക്കഴിയുകയായിരുന്നു. കിളിയനാട് സ്കൂളില്‍ പുതിയകെട്ടിടം പണിയാനായാണ് ലൈബ്രറി ഇപ്പോള്‍ മൂന്നാമതൊരിടത്തേക്ക് മാറ്റുന്നത്. വായനശാലാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട കോഴിക്കോട്ട് സംസ്ഥാനത്തിനുതന്നെ മാതൃകയാകേണ്ടിയിരുന്ന മാനാഞ്ചിറ ലൈബ്രറി ഇന്ന് ട്രസ്റ്റിനുകീഴില്‍ ഏതവസ്ഥയിലാണെന്ന് വ്യക്തമാണെന്ന് ചടങ്ങില്‍ സംസാരിച്ച ജില്ലാ സെന്‍ട്രല്‍ ലൈബ്രറി സെക്രട്ടറി കെ. ചന്ദ്രന്‍ പറഞ്ഞു. ഉടമയുടെ അനുവാദമില്ലാതെ സ്ഥലം മറ്റൊരു ട്രസ്റ്റിന് കീഴിലാക്കിയതിനെതിരെ ഹൈകോടതി വിധി വന്നു. മാനാഞ്ചിറ ലൈബ്രറിക്കെട്ടിടത്തിലേക്ക് സെന്‍ട്രല്‍ ലൈബ്രറി മാറ്റാന്‍ ഉത്തരവിറങ്ങുകയും ചെയ്തെങ്കിലും ഇപ്പോള്‍ നടപടികള്‍ സ്റ്റേയിലാണെന്ന് ചന്ദ്രന്‍ പറഞ്ഞു. ജില്ലാ സെന്‍ട്രല്‍ ലൈബ്രറി പ്രസിഡന്‍റ് ചൂലൂര്‍ ഗോപാല കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം.സി. അനില്‍കുമാര്‍, എന്‍. ശങ്കരന്‍, പി.ബി. മുരളീഭാസ്്, എം. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ആനക്കുളം സാംസ്കാരിക നിലയത്തില്‍ താഴെനിലയിലെ വിവിധ ഹാളുകളില്‍ ലൈബ്രറിയും ഉറൂബ് മ്യൂസിയവും താല്‍ക്കാലികമായി പ്രവര്‍ത്തിക്കാനാണ് തീരുമാനം. മലബാര്‍ ക്രിസ്ത്യന്‍ കോളജിന് സമീപം കിളിയനാട് സ്കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സെന്‍ട്രല്‍ ലൈബ്രറിക്ക് പുതിയ കെട്ടിടം ഉടനുണ്ടാവും. മൂന്നുനിലയിലാണ് പുതിയ കെട്ടിടമുയരുക. എ. പ്രദീപ് കുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 1.65 കോടി രൂപ ചെലവില്‍ കെട്ടിടം പണിയാനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.