കോളജ് യൂനിയന്‍: ജില്ലയില്‍ എസ്.എഫ്.ഐ മുന്നേറ്റം

കോഴിക്കോട്: കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ്.എഫ്.ഐ മുന്നേറ്റം. സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ ഭൂരിപക്ഷവും എസ്.എഫ്.ഐ സ്വന്തമാക്കി. സ്വാശ്രയ കോളജുകളിലാണ് കെ.എസ്.യു-എം.എസ്.എഫ് സഖ്യത്തിന് നേട്ടമായത്. എസ്.ഐ.ഒയും നില മെച്ചപ്പെടുത്തി. മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, മലബാര്‍ ക്രിസ്ത്യന്‍ കോളജ്, സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ്, ചേളന്നൂര്‍ എസ്.എന്‍. കോളജ്, മടപ്പള്ളി ഗവ. കോളജ്, കിളിയനാട്-മുക്കം ഐ.എച്ച്.ആര്‍.ഡി കോളജുകള്‍, സി.കെ.ജി പേരാമ്പ്ര, കോടഞ്ചേരി, കുന്ദമംഗലം, ബാലുശ്ശേരി, കൊടുവള്ളി, മൊകേരി ഗവ. കോളജുകള്‍, ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എജുക്കേഷന്‍ കോളജ്, വടകര കോഓപറേറ്റിവ് കോളജ് തുടങ്ങിയവയാണ് എസ്.എഫ്.ഐയെ തുണച്ചത്. മുചുകുന്ന് എസ്.ആര്‍.ബി.ടി.എം കോളജ്, ഐ.എച്ച്.ആര്‍.ഡി നാദാപുരം, കുറ്റ്യാടി സഹകരണ കോളജ് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റിലും എസ്.എഫ്.ഐ എതിരില്ലാതെ ജയിച്ചു. ക്രിസ്ത്യന്‍ കോളജില്‍ ഒമ്പത് ജനറല്‍ സീറ്റില്‍ ഏഴിലും മടപ്പള്ളി ഗവ. കോളജില്‍ ഒമ്പതില്‍ അഞ്ചിലും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തേ തെരഞ്ഞെടുപ്പ് നടന്ന സ്വയംഭരണ കോളജായ ദേവഗിരിയില്‍ ഒമ്പത് ജനറല്‍ സീറ്റില്‍ ആറും എസ്.എഫ്.ഐയാണ് നേടിയത്. നാദാപുരം ഗവ. കോളജ് എം.എസ്.എഫ് സ്വന്തമാക്കി. മുക്കം എം.എ.എം.ഒ കോളജിലെ ഒമ്പത് ജനറല്‍ സീറ്റുകളില്‍ കെ.എസ്.യു-എം.എസ്.എഫ് സഖ്യവും എസ്.എഫ്.ഐയും നാല് വീതം സീറ്റുകള്‍ നേടി. ഒരു സീറ്റ് നേടിയ എസ്.ഐ.ഒയുടെ നിലപാടാവും ഇവിടെ യൂനിയന്‍ ഭരണം നിശ്ചയിക്കുക. എസ്.എം.ഐ കോളജ് വടകര, സുന്നിയ്യ കോളജ് ചേന്ദമംഗലൂര്‍, കെ.എം.ഒ കൊടുവള്ളി, ഇലാഹിയ കൊയിലാണ്ടി, എം.ഇ.ടി നാദാപുരം, ഗോള്‍ഡന്‍ ഹില്‍സ് എളേറ്റില്‍, മലബാര്‍ മൂടാടി, എം.എച്ച്.ഇ.എസ് വടകര, എം.ഇ.എസ് വില്യാപ്പള്ളി, അല്‍ഫുര്‍ഖാന്‍ നാദാപുരം എന്നിവ എം.എസ്.എഫ് നേടി. സില്‍വര്‍ ആട്സ് കോളജ് പേരാമ്പ്ര കെ.എസ്.യു-എം.എസ്.എഫ് സഖ്യവും സ്വന്തമാക്കി. വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് സംഘടനകള്‍ പ്രകടനം നടത്തി. എസ്.ഐ.ഒക്ക് ഉജ്ജ്വല മുന്നേറ്റം കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കു കീഴില്‍ നടന്ന കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.ഐ.ഒവിന് വന്‍ മുന്നേറ്റം നേടാന്‍ കഴിഞ്ഞതായി സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള അറിയിച്ചു. നാല് കോളജുകളില്‍ യൂനിയന്‍ നേടിയതുള്‍പ്പെടെ 15ലധികം ജനറല്‍ സീറ്റുകളും 20ലധികം അസോസിയേഷന്‍ സീറ്റുകളും എസ്.ഐ.ഒ നേടി. അല്‍ജാമിഅ ആര്‍ട്സ് കോളജ് മലപ്പുറം, വണ്ടൂര്‍ വിമന്‍സ് കോളജ്, ഇലാഹിയ്യാ കോളജ് തിരൂര്‍ക്കാട്, ഫലാഹിയ്യാ കോളജ് മലപ്പുറം എന്നീ കാമ്പസുകളില്‍ എസ്.ഐ.ഒ യൂനിയന്‍ നേടി. മമ്പാട് എം.ഇ.എസ് കോളജ്, ഹിക്മിയ്യ കോളജ്, മടപ്പള്ളി കോളജ്, എം.എ.എം.ഒ കോളജ്, മലബാര്‍ ക്രിസ്ത്യന്‍ കോളജ്, ഐഡിയല്‍ കോളജ് കുറ്റ്യാടി, കൊണ്ടോട്ടി ഗവ. കോളജ് തുടങ്ങിയ 20ലധികം കാമ്പസുകളില്‍ എസ്.ഐ.ഒ മുന്നേറ്റമുണ്ടാക്കി. കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കു കീഴിലെ കോളജുകളില്‍ എസ്.ഐ.ഒ സര്‍ഗാത്മകതയുടെ ഉജ്ജ്വല മുന്നേറ്റമാണ് നേടിയതെന്ന് നഹാസ് മാള അറിയിച്ചു. അല്‍ജാമിഅ ആര്‍ട്സ് കോളജില്‍ യൂനിയന്‍ നേടിയ എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്കുനേരെ എസ്.എഫ്.ഐ നടത്തിയ ഗുണ്ടാ ആക്രമണം അപലപനീയമാണ്. കേരളത്തിലെ എസ്.എഫ്.ഐയുടെ അക്രമരാഷ്്ട്രീയത്തിനുള്ള മറുപടികൂടിയാണ് കാലിക്കറ്റ് കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.