കോഴിക്കോട്: യുവാവിനെ ഇരുമ്പ് വടിയും ഇടിക്കട്ടയും കൊണ്ട് ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ഒന്നാം പ്രതിക്ക് അഞ്ചു കൊല്ലം കഠിനതടവും 10,000 രൂപ പിഴയും. ആവള ചെറുവോട്ട് കുന്നത്ത് ഉവൈസിനെയാണ് (27) മാറാട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജ് എസ്. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. ആവള പെരിഞ്ചേരിക്കടവ് പട്ടേരിമണ്ണില്‍ താഴെ പ്രദീപനെ (38) ആക്രമിച്ച കേസിലാണ് വിധി. പിഴയടച്ചില്ളെങ്കില്‍ ഒരുമാസം കൂടി തടവനുഭവിക്കണമെന്നും പിഴയടച്ചാല്‍ തുക പരിക്കേറ്റയാള്‍ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. 2013 മേയ് 14ന് രാവിലെ 8.30ന് ആവളനിന്ന് വീട്ടിലേക്ക് പോകവെ പ്രതിക്ക് വിരോധമുള്ള മറ്റൊരാളെന്ന് തെറ്റിദ്ധരിച്ച് ആക്രമണം നടത്തിയെന്നാണ് കേസ്. കണ്ണിന് താഴെ എല്ല് പൊട്ടി പ്രദീപന് ഗുരുതരമായി പരിക്കേറ്റിരുന്നു. വധശ്രമത്തിന് അഞ്ച് കൊല്ലവും ഗുരുതര പരിക്കേല്‍പിച്ചതിന് മൂന്നു കൊല്ലവും തടഞ്ഞുവെച്ചതിന് ഒരുമാസവും തടവ് വിധിച്ചെങ്കിലും ശിക്ഷ അഞ്ച് കൊല്ലം ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്ന് വിധിയിലുണ്ട്. എട്ട് സാക്ഷികളെ വിസ്തരിച്ച കേസില്‍ 10 രേഖകള്‍ ഹാജരാക്കി. രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് ഷാഫി, തന്‍സീര്‍ എന്നിവരെ നേരത്തേ നടന്ന വിചാരണയില്‍ കോടതി വെറുതെവിട്ടിരുന്നു. ഒന്നാം പ്രതി ഹാജരാത്തതിനാലാണ് വിചാരണ വൈകിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. സുഗതന്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.