മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബേ​പ്പൂ​രി​ൽനി​ന്ന് ആ​രം​ഭി​ച്ച എ​ൽ.​ഡി.​എ​ഫ് റോ​ഡ് ഷോ

ആവേശത്തിമിർപ്പ് അവസാനലാപ്പിൽ

കോഴിക്കോട്: നാടാകെ ഉത്സവ പ്രതീതി നൽകുന്ന തദ്ദേശപ്പോരിന്‍റെ പ്രചാരണപ്പെരുമക്ക് ചൊവ്വാഴ്ച കൊട്ടിക്കലാശം. അവസാന ലാപ്പിൽ പരസ്യ പ്രചാരണം കൊഴുപ്പിക്കാനും നിഷ്പക്ഷ വോട്ടുകൾ ഉറപ്പിക്കാനുമുള്ള ഓട്ടപ്പാച്ചിലാണ് മുന്നണികളും സ്ഥാനാർഥികളും. റോഡ് ഷോ, വാഹന പ്രചാരണം, പാരടി ഗാനങ്ങൾ, കുടുംബ യോഗങ്ങൾ, ഗാനമേളകൾ തുടങ്ങിയവയുമായി പ്രചാരണം ഉച്ഛസ്ഥായിലെത്തി. കൊട്ടിക്കലാശം പൊലിപ്പിക്കാൻ മുന്നണികൾ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. തദ്ദേശതെരഞ്ഞെടുപ്പിൽ ഓരോ വോട്ടും നിർണായകമായതിനാൽ വോട്ടുകൾ തങ്ങളുടെ പെട്ടിയിൽ തന്നെ വീഴുമെന്ന് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ. ന്യൂജൻ വോട്ടർമാരെ ആകർഷിക്കുന്നതിനായി റീൽസുകളും ഇത്തവണ പ്രചാരണ രംഗംത്ത് നിറഞ്ഞു.

കൊട്ടിക്കലാശത്തിന് ആവേശം പകരാന്‍ അണിയറയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ജില്ലാ കേന്ദ്രത്തിലും നഗര, ഗ്രാമ കേന്ദ്രങ്ങളിലും വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പ്രധാന ജങ്ഷനുകളിലും കൊട്ടിക്കലാശമുണ്ടാകും. സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസിനെ വിന്യസിക്കും. വാര്‍ഡുകളില്‍ റോഡ് ഷോയോടെയാകും പരസ്യ പ്രചാരണം അവസാനിക്കുക. വീടുകള്‍ കയറിയുള്ള അവസാന റൗണ്ട് പ്രചാരണം, ലഘുലേഖ വിതരണം എന്നിവ ഇനിയുള്ള രണ്ട് ദിവസംകൊണ്ട് പൂര്‍ത്തിയാക്കും. ഇത്തവണ ഇരു മുന്നണികളും പ്രമുഖ നേതാക്കളെ പ്രചാരണത്തിനായി ജില്ലയിലെത്തിച്ചിരുന്നു.

എൽ.ഡി.എഫ് സ്ഥാനാർഥികൾക്ക് വോട്ടഭ്യർഥിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, അഡ്വ. കെ. പ്രകാശ് ബാബു, ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്‍റ് ശ്രേയാംസ് കുമാർ തുടങ്ങിയവരും യു.ഡി.എഫിനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടഫി കെ.സി വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ്, മുൻ കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി തങ്ങൾ തുടങ്ങിയവരും എൻ.ഡി.എക്കായി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ, മുൻ സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ തുടങ്ങിയവരും ജില്ലയിലെത്തി. വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളാണ് മുന്നണികൾ കാഴ്ചവെച്ചത്.

ജില്ലയിൽ കോർപറേഷൻ, കൊടുവള്ളി, പോരാമ്പ്ര തുടങ്ങിയ ഭാഗങ്ങളിൽ വോട്ടർപട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റപ്പെട്ടതും അനധികൃതമായി ഇരട്ടവോട്ടുകൾ കൂട്ടിച്ചേർത്തതും വലിയ ചർച്ചയായി. എയിംസ് അടക്കം ജില്ലയിലെ വികസനപദ്ധതികളും അഴിമതിയും തെരഞ്ഞെടുപ്പ് ചർച്ചയിലും മുന്നിട്ടുനിന്നു. അതോടൊപ്പം ശബരിമല സ്വർണക്കൊള്ള, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന പരാതി, ജമാഅത്തെ ഇസ്‍ലാമി ബന്ധം, ദേശീയപാത വികസനം- തകർച്ച തുടങ്ങിയവയും ചർച്ചയായി. മലയോര മേഖലകളിൽ മനുഷ്യ - വന്യജീവി സംഘർഷവും കൃഷി നാശവും പ്രധാന ചർച്ചയായി. 

Tags:    
News Summary - Kerala Local Body Election Final Lap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.