മുക്കം: വന്‍തുക തലവരിപ്പണം വാങ്ങി സ്വാശ്രയ മെഡിക്കല്‍ പ്രവേശം നടത്തുന്നതായി ആരോപിച്ച് മണാശേരി കെ.എം.സി.ടി മെഡിക്കല്‍ കോളജിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് നൂറോളം വരുന്ന പ്രവര്‍ത്തകര്‍ മണാശേരി അങ്ങാടിയില്‍നിന്ന് പ്രകടനമായത്തെിയത്. കോളജിനു സമീപം മാര്‍ച്ച് കൊടുവള്ളി സി.ഐ ബിശ്വാസ്, മുക്കം എസ്.ഐ അബ്ദുറഹിമാന്‍, ഗ്രേഡ് എസ്.ഐ സലീം, കൊടുവളളി എസ്.ഐ പ്രതിഷ്, കാക്കൂര്‍ എസ്.ഐ ജീവന്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വി.എന്‍. ജംനാസ് അധ്യക്ഷത വഹിച്ചു. ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് എം.ടി. അഷ്റഫ്, നജീബ് കല്‍പ്പൂര്, ജിതേഷ്, ബൈജു, പി.വി. സുരേന്ദ്രലാല്‍, ജുനൈദ് പാണ്ടികശാല, എന്‍.പി. ശംസുദ്ദീന്‍, മുഹമ്മദ് ദിഷാല്‍, വിഷ്ണു കയ്യൂണമ്മല്‍ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനം കഴിഞ്ഞതിന് ശേഷം വീണ്ടും സംഘര്‍ഷം ഉടലെടുത്തു. മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ പൊലീസ് പ്രതിരോധം തകര്‍ത്ത് മുന്നോട്ട് പോവാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറെ നേരം ഉന്തും തളളും നടന്നു. സമരം അവസാനിച്ചശേഷം കൊടുവളളി എസ്.ഐ ജീവന്‍ ജോര്‍ജുമായി പ്രവര്‍ത്തകര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. നേരത്തെ പ്രവര്‍ത്തകര്‍ കോളജ് അടപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് തടയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.