തിരുവമ്പാടിയില്‍ വിമാനത്താവളം: നടപടികള്‍ സ്വീകരിക്കണം

കോഴിക്കോട്: തിരുവമ്പാടിയില്‍ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കാന്‍ സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണമെന്ന് മലബാര്‍ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട് കമ്മിറ്റി തിരുവമ്പാടി (മിയാക്), മലബാര്‍ ഡെവലപ്മെന്‍റ് കൗണ്‍സില്‍ ഭാരവാഹികള്‍ സംയുക്തമായി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറ വികസനം വഴിമുട്ടിയ സാഹചര്യത്തില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകള്‍ക്ക് നടുവിലായി വരുന്ന തിരുവമ്പാടിയില്‍ പുതിയ വിമാനത്താവളം ആവശ്യമാണ്. ഇതിനായി തിരുവമ്പാടി, നീലേശ്വരം ഡിവിഷനുകളിലായി 1800 ഏക്കര്‍ എസ്റ്റേറ്റ് ഭൂമി ലഭ്യമാണ്. ഒരു കുടുംബത്തെപോലും കുടിയൊഴിപ്പിക്കാതെ വിമാനത്താവള നിര്‍മാണം സാധ്യമാകും. ഭൂമി വിട്ടുകൊടുക്കാന്‍ ഉടമകള്‍ തയാറാണ്. പരിസ്ഥിതി സൗഹൃദ വിമാനത്താവള നിര്‍മാണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലവുമാണ് തിരുവമ്പാടി. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതായും കേന്ദ്ര നേതാക്കളെ സമീപിച്ചതായും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. അഗസ്റ്റിന്‍, കെ.എന്‍. ചന്ദ്രന്‍, സി.ഇ. ചാക്കുണ്ണി, ഖാലിദ് പുതുശേരി, ജോണി പറ്റാനി, സുബൈര്‍ കൊളക്കാടന്‍, ബേബി പെരുമാലില്‍, ജോയി അഗസ്റ്റിന്‍, മോഹന്‍ ചന്ദ്രഗിരി, അഡ്വ. എം.കെ. അയ്യപ്പന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.