കോഴിക്കോട്: പ്രകൃതിവിഭവങ്ങളെ കുറിച്ച് സമ്പൂര്‍ണ വിവരങ്ങള്‍ ലഭ്യമാക്കുന്ന ഭൂവിഭവ വിവര സംവിധാനം ജില്ലയിലും. ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് തയാറാക്കിയ സംവിധാനം ശനിയാഴ്ച ജില്ലയില്‍ നിലവില്‍വരും. തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ കൃഷി, ഭൂപ്രകൃതി, പ്രകൃതി വിഭവങ്ങള്‍, മണ്‍തരങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാക്കുന്നതാണ് പദ്ധതി. തദ്ദേശ സ്ഥാപനങ്ങള്‍ക്കും വികസന വകുപ്പുകള്‍ക്കും ഗവേഷകര്‍ക്കും പ്രകൃതി വിഭവങ്ങളെക്കുറിച്ച് അറിയാനും വിശകലനം ചെയ്യാനും ഭൂപടങ്ങള്‍ തയാറാക്കി പകര്‍പ്പെടുക്കാനും ഇതുവഴി സാധിക്കും. മണ്ണ്, ജലം, സസ്യസമ്പത്ത് എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയവും സൂക്ഷ്മതലത്തിലുള്ളതുമായ അറിവും ഒരുക്കിയിട്ടുണ്ട്. 2015ലെ സര്‍വേ അടിസ്ഥാനമാക്കിയുള്ള വിവരമാണ് ലഭ്യമാക്കുക. വിവരം ആവശ്യാനുസരണം കൂട്ടിച്ചേര്‍ക്കാനും സൗകര്യമുണ്ട്. ഗൂഗ്ള്‍ എര്‍ത്തിന്‍െറ സഹായത്തോടെ ഭൂപ്രദേശങ്ങളുടെ ത്രിമാന ദൃശ്യങ്ങളും ഭൂവിഭവവിവര സംവിധാനത്തില്‍ ലഭ്യമാണ്. റോഡുകള്‍, കൃഷിയിടങ്ങള്‍, വനം, കുന്നുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ ഓരോ പ്രദേശത്തിന്‍െറയും സമഗ്ര ഘടന ഉള്‍പ്പെടുത്തിയ ദ്വിമാന മാപ്പുകളാണ് സൈറ്റിലുള്ളത്. അഞ്ചുദിവസത്തെ കാലാവസ്ഥാ പ്രവചനവും സൈറ്റിലുണ്ടാവും. എറണാകുളം, പാലക്കാട്, വയനാട്, കോട്ടയം, കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം, ഇടുക്കി, കൊല്ലം ജില്ലകളുടെ സമ്പൂര്‍ണ ഭൂവിഭവ വിജ്ഞാനം ലഭ്യമാണ്. ജില്ലയുടെ ഭൂവിഭവ വിവര സംവിധാനത്തിന്‍െറ ഉദ്ഘാടനം ഈമാസം 15 രാവിലെ 10ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഭൂവിഭവ വിവര സംവിധാനത്തിന്‍െറ ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറും മനുഷ്യവിഭവശേഷിയും ജില്ലാ പ്ളാനിങ് ഓഫിസിന് കൈമാറും. ആസൂത്രകര്‍, ഭരണകര്‍ത്താക്കള്‍, തദ്ദേശ ഭരണമേധാവികള്‍, ശാസ്ത്രജ്ഞര്‍, വികസന വകുപ്പുകളിലെ സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ക്ക് സ്ഥലമാന സങ്കേതങ്ങള്‍ ഉപയോഗിച്ച് ഭൂവിനിയോഗാസൂത്രണം ചെയ്യുന്നതിലെ പുതിയ സാധ്യതകളെക്കുറിച്ച് ശില്‍പശാലയും ഇതോടൊപ്പം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.