തലശ്ശേരി-മാഹി ബൈപാസ്: ഭൂവുടമകളുടെ കാത്തിരിപ്പ് തുടര്‍ക്കഥയാവുന്നു

വടകര: തലശ്ശേരി-മാഹി ബൈപാസില്‍ അഴിയൂര്‍ ഭാഗത്തെ ഭൂവുടമകളുടെ നഷ്ടപരിഹാരത്തിനായുള്ള കാത്തിരിപ്പ് തുടര്‍ക്കഥയാവുന്നു. ഭൂമി സംബന്ധമായ രേഖകള്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ട് മൂന്നുവര്‍ഷം കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍, തലശ്ശേരി ഭാഗത്തുള്ള ഭൂവുടമകള്‍ കോടതിയെ സമീപിച്ചതിന്‍െറ അടിസ്ഥാനത്തില്‍ രണ്ടുവര്‍ഷം മുമ്പ് നഷ്ടപരിഹാര തുക ലഭിച്ചിരുന്നു. മറ്റിടങ്ങളിലുള്ളവരാണ് നഷ്ടപരിഹാര തുക ഇപ്പോഴും ഫയലില്‍ കുരുങ്ങിക്കിടക്കുന്നതിന്‍െറ ദുരിതം പേറുന്നത്. ഇതോടെ, ഭൂമി ക്രയവിക്രയം നടത്താനോ വീടുകളില്‍ അറ്റകുറ്റപ്പണി നടത്താനോ കഴിയാത്ത സാഹചര്യമാണുള്ളത്. ജില്ലയുടെ ഭാഗമായ അഴിയൂര്‍ പഞ്ചായത്തില്‍ മാത്രം നൂറിലേറെ കുടുംബങ്ങള്‍ ഇതിന്‍െറ ദുരിതം പേറുകയാണ്. നഷ്ടപരിഹാരം ലഭിക്കാനായി ആധാരം അടക്കമുള്ള ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ വടകരയിലെ ലാന്‍ഡ് അക്വിസിഷന്‍ (എന്‍.എച്ച്) ഓഫിസിലാണ് സമര്‍പ്പിച്ചിരിക്കുന്നത്. നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതിന്‍െറ ഭാഗമായി നിരവധി തവണ ജില്ലകലക്ടര്‍ ഭൂവുടമകളുടെ യോഗം വിളിച്ച് വിപണിവില നല്‍കുമെന്ന് പറഞ്ഞുവെങ്കിലും ഇതുവരെ അത് പ്രാബല്യത്തില്‍ വന്നിട്ടില്ളെന്ന് ഭൂവുടമകള്‍ ആരോപിക്കുന്നു. അഴിയൂര്‍ മുതല്‍ വെങ്ങളംവരെ നിലവിലുള്ള ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മതിയായ നഷ്ടപരിഹാരം, പുനരധിവാസ പാക്കേജ് അടക്കമുള്ള കാര്യത്തില്‍ പ്രക്ഷോഭം നടക്കുന്നതിനിടയിലാണ് നേരത്തേ രേഖകള്‍ നല്‍കിയവരുടെ ദുരിതം ചര്‍ച്ചയാവുന്നത്. തലശ്ശേരി-മാഹി ബൈപാസിനായി ഭൂമി ഏറ്റെടുക്കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന പിടിപ്പുകേട് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്നവരെ ബോധ്യപ്പെടുത്താനാണ് ദേശീയപാത കര്‍മസമിതി ഉള്‍പ്പെടെയുള്ള സമരസംഘടനകളുടെ നീക്കം. കഴിഞ്ഞ ദിവസം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചോറോട് വില്ളേജില്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്കും നഷ്ടപരിഹാരം സംബന്ധിച്ച് കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വ്യക്തമായി പറഞ്ഞില്ളെന്ന് ആക്ഷേപമുണ്ട്. മാഹി-തലശ്ശേരി ബൈപാസില്‍ അഴിയൂര്‍ ഭാഗത്തെ നാമമാത്ര വില പുറത്തുവന്നുകഴിഞ്ഞാല്‍ അഴിയൂര്‍ വെങ്ങളം ഭാഗത്ത് ദേശീയപാത സമരം ശക്തമാകുമെന്ന് ഭീതിയാണിതിനു പിന്നിലെന്ന് കര്‍മസമിതി ജില്ല കമ്മിറ്റി ആരോപിക്കുന്നു. അതിനിടയില്‍ നിലവിലുള്ള പാത വികസനസത്തിനൊപ്പം മാത്രമേ ബൈപാസിലെ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കൂവെന്നും പറയപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.