പൂനൂര്‍ പുഴയുടെ പടനിലം കടവ് തടയണക്ക് ചീപ്പില്ല; ജലനിരപ്പ് താഴുന്നു

കൊടുവള്ളി: പൂനൂര്‍ പുഴക്ക് കുറുകെ പടനിലം കടവില്‍ നിര്‍മിച്ച തടയണക്ക് ചീപ്പ് ഇല്ലാത്തതിനാല്‍ വെള്ളം നഷ്ടപ്പെടുന്നു. 90 ലക്ഷം രൂപ ചെലവില്‍ ജലസേചന വകുപ്പ് നിര്‍മിച്ചതാണിത്. വേനല്‍ കടുത്തതോടെ പുഴയില്‍ നീരൊഴുക്ക് കുറഞ്ഞ് ജലവിതാനം താഴ്ന്നുവരികയാണ്. കഴിഞ്ഞ മേയിലാണ് പുഴയില്‍ തടയണ നിര്‍മിച്ചത്. പണി പൂര്‍ത്തീകരിച്ചപ്പോള്‍ ചീപ്പ് ഇട്ട് വെള്ളം കെട്ടിനിര്‍ത്തിയിരുന്നു. കനത്ത മഴയില്‍ പുഴയില്‍ വെള്ളമുയര്‍ന്നപ്പോള്‍ ഒരു ചീപ്പ് തകര്‍ന്ന് ഒലിച്ചുപോവുകയായിരുന്നു. ഇതിനെതുടര്‍ന്ന് അധികൃതര്‍ മറ്റ് ചീപ്പുകളും അഴിച്ചുവെക്കുകയായിരുന്നു. തടയണക്ക് ചീപ്പ് സ്ഥാപിച്ച് ജലമൊഴുക്ക് തടഞ്ഞില്ളെങ്കില്‍ പുഴയില്‍ ജലവിതാനം താഴാനും പ്രദേശത്തെ കുടിവെള്ള പദ്ധതികളിലെയും വീടുകളിലെയും കിണറുകള്‍ വറ്റി കുടിവെള്ള ക്ഷാമം രൂക്ഷമാവാനും ഇടയാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തുലാവര്‍ഷം കൂടി ദുര്‍ബലമായതോടെ പുഴയില്‍ നീരൊഴുക്ക് നന്നേ കുറഞ്ഞിട്ടുണ്ട്. ഒഴുക്ക് നിലക്കുന്നതിന് മുമ്പ് ചീപ്പ് സ്ഥാപിച്ച് വെള്ളം തടഞ്ഞുനിര്‍ത്താന്‍ നടപടി സ്വീകരിക്കാത്തപക്ഷം ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച തടയണകൊണ്ട് ഗുണം ലഭിക്കില്ളെന്നാണ് പറയുന്നത്. പടനിലം പാലത്തിന് താഴെ പുതുതായി നിര്‍മിച്ച ബണ്ടിന് ഉടന്‍ ഷട്ടര്‍ സ്ഥാപിച്ച് വെള്ളം കെട്ടി നിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന് ജനതാദള്‍ (യു) ആരാമ്പ്രം ടൗണ്‍ കമ്മിറ്റി ആവശ്യപ്പെട്ടു. എം.എ. സിദ്ദീഖ് അധ്യക്ഷതവഹിച്ചു. സക്കീന മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചോലക്കര മുഹമ്മദ്, വി. ഗോപാലന്‍, എം. രാജന്‍, സുഗേഷ്, എ.സി. ജലാല്‍, എം.സി. സിദ്ദീഖ്, ടി.ടി. മുഹമ്മദ്, എം. ഉസ്സയിന്‍, അനീഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.