ഇവര്‍ നീട്ടുന്ന കൈകളിലേക്ക് സ്നേഹപൂര്‍വം നല്‍കാം

കോഴിക്കോട്: ജില്ല പഞ്ചായത്തിനു കീഴിലെ ജീവകാരുണ്യ പദ്ധതിയായ ‘സ്നേഹസ്പര്‍ശ’ത്തിന്‍െറ വിഭവസമാഹരണം ഞായറാഴ്ച നടത്തും. ജില്ലയിലുടനീളം ഒരു ലക്ഷം വളന്‍റിയര്‍മാര്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വീടുകള്‍തോറും കയറിയിറങ്ങും. രസീത് നല്‍കി സ്വരൂപിക്കുന്ന തുക സ്നേഹസ്പര്‍ശം പദ്ധതിയിലൂടെ വൃക്ക-മാനസിക-എയ്ഡ്സ് രോഗികളുടെ ചികിത്സക്കും പുനരധിവാസത്തിനുമായാണ് ഉപയോഗിക്കുക. ജില്ല പഞ്ചായത്ത് പ്രസിഡന്‍റിന്‍െറയും കലക്ടറുടെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയെ ആശ്രയിക്കുന്നത് ആയിരത്തിലേറെ പേരാണ്. ഇതില്‍ 800ഓളം പേര്‍ വൃക്കരോഗികളാണ്. വൃക്ക മാറ്റിവെച്ചവരും സ്ഥിരമായി ഡയാലിസിസ് ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഡയാലിസിസിനും മറ്റുമുള്ള തുകയാണ് മാസംതോറും ഇവര്‍ക്കു നല്‍കുന്നത്. കൂടാതെ ജില്ലയില്‍ അരിക്കുളം, മരുതോങ്കര, ചെങ്ങോട്ടുകാവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാനസികാരോഗ്യ ക്ളിനിക്കുകളിലും നിരവധി പേര്‍ പദ്ധതിയുടെ ഭാഗമായി ചികിത്സ തേടുന്നുണ്ട്. പ്രതിമാസം 15 മുതല്‍ 20 ലക്ഷം വരെയാണ് സ്നേഹസ്പര്‍ശം പദ്ധതിയുടെ ചെലവ്. സന്നദ്ധസംഘടനകളില്‍നിന്നും സുമനസ്സുകളില്‍നിന്നും വിദ്യാര്‍ഥികളില്‍നിന്നും ആരാധനാലയങ്ങളില്‍നിന്നും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതിവിഹിതത്തില്‍ നിന്നുമാണ് പദ്ധതിയിലേക്കുള്ള ഫണ്ട് സമാഹരിക്കുന്നത്. 2011ലാണ് സ്നേഹസ്പര്‍ശം പദ്ധതി ജില്ലയില്‍ ആരംഭിച്ചത്. ഇതിനുമുമ്പ് 2014ല്‍ 45 പഞ്ചായത്തുകളിലായി വിഭവസമാഹരണം നടത്തിയിരുന്നു. ഞായറാഴ്ച നടക്കുന്ന സമാഹരണയജ്ഞത്തിന് പഞ്ചായത്ത് പ്രസിഡന്‍റുമാരും വാര്‍ഡ് അംഗങ്ങളും നേതൃത്വം നല്‍കും. പഞ്ചായത്ത് തലങ്ങളില്‍ ഉദ്ഘാടനച്ചടങ്ങും വിളംബര ജാഥകളും ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ ചെയര്‍മാനായി പഞ്ചായത്ത്തല സമിതിയും വാര്‍ഡ് അംഗം ചെയര്‍മാനായി വാര്‍ഡ്തല സമിതിയും ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. വാര്‍ഡ്തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സ്ക്വാഡാണ് വീടുകള്‍തോറും വിഭവസമാഹരണത്തിനിറങ്ങുകയെന്ന് പദ്ധതി കോഓഡിനേറ്റര്‍ എന്‍. ശ്രീരാജ് പറഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തകരും സന്നദ്ധ സംഘടന പ്രവര്‍ത്തകരും പ്രാദേശിക രാഷ്ട്രീയ നേതാക്കളും പദ്ധതിയില്‍ പങ്കുചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.