മന്ദസ്മിതത്തോടെ അവരിറങ്ങി, അതിരുകളില്ലാത്ത ലോകം കാണാന്‍

കോഴിക്കോട്: രോഗം ബാധിച്ച് വീടിന്‍െറ നാലു ചുമരുകള്‍ക്കുള്ളില്‍ കഴിയാന്‍ വിധിക്കപ്പെട്ട കുരുന്നുകള്‍ക്ക് അക്ഷരാര്‍ഥത്തില്‍ അതൊരു ശുഭയാത്രയായിരുന്നു. നഗരത്തിലെ മേഖലാ ശാസ്ത്രകേന്ദ്രത്തില്‍ ശാസ്ത്രപ്രദര്‍ശനങ്ങള്‍ കണ്ട്, സരോവരം ബയോപാര്‍ക്കിലെ പുല്‍ത്തകിടികളില്‍ ആവോളമിരുന്ന്അവര്‍ പറഞ്ഞു എന്ത് രസാ, ഈ ലോകം കാണാന്‍. ‘സ്മിതം’ എന്ന പേരില്‍ കുന്ദമംഗലം ബി.ആര്‍.സിക്കുകീഴിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുവേണ്ടി ബി.ആര്‍.സിയും മുക്കം റോട്ടറി ക്ളബും ഒരുക്കിയ വിനോദയാത്രയിലാണ് കുരുന്നുകള്‍ ആസ്വാദനത്തിന്‍െറ പുതിയ ആകാശങ്ങള്‍ കണ്ടത്തെിയത്. ബുദ്ധിമാന്ദ്യവും, ഓട്ടിസവും, ചലനവൈകല്യവും സെറിബ്രല്‍ പാള്‍സിയും ബാധിച്ച, സ്കൂളില്‍ പോവാന്‍ കഴിയാത്തതിനാല്‍ വീട്ടിലിരുന്ന് റിസോഴ്സ് അധ്യാപികയുടെ സഹായത്തോടെ പഠനം നടത്തുന്ന 24 കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് നഗരത്തിലത്തെിയത്. ആദ്യമായി വീടുവിട്ട് പുറത്തിറങ്ങുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. രാവിലെ എട്ടിന് ‘ശുഭയാത്ര’ എന്നപേരില്‍ മണാശ്ശേരി ബി.ആര്‍.സി പരിസരത്തുനിന്ന് തുടങ്ങിയ യാത്ര എം.എല്‍.എമാരായ ജോര്‍ജ് എം. തോമസ്, പി.ടി.എ. റഹീം എന്നിവര്‍ ഫ്ളാഗ്ഓഫ് ചെയ്തു. പിന്നീട് വിശ്വം വിസ്മയം എന്ന പേരില്‍ മേഖലാ ശാസ്ത്രകേന്ദ്രത്തില്‍ വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു. കളിവീടില്‍ ഒത്തുചേര്‍ന്ന കുട്ടികളോട് ജില്ല കലക്ടര്‍ എന്‍. പ്രശാന്ത് സംവദിക്കാനത്തെി. വിശേഷങ്ങള്‍ തിരക്കിയും ഓട്ടോഗ്രാഫ് നല്‍കിയും കലക്ടര്‍ കുട്ടികളോടൊപ്പം ഏറെനേരം ചെലവഴിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരിയും പിന്നീടത്തെി. പി.കെ. ഗോപി, പോള്‍ കല്ലാനോട്, പ്രദീപന്‍ പാമ്പിരിക്കുന്ന്, ഡോ. ഗോപി പുതുക്കോട്, ഗണേഷ് കൈലാസ് എന്നിവര്‍ കുട്ടികളോട് സംസാരിച്ചു. തുടര്‍ന്ന് ജലീല്‍ പരപ്പനങ്ങാടിയുടെ നേതൃത്വത്തില്‍ കലാസന്ധ്യയും അരങ്ങേറി. കുന്ദമംഗലം ബി.ആര്‍.സി പ്രോഗ്രാം ഓഫിസര്‍ എന്‍. വന്ദന, ട്രെയിനര്‍ അജ്മല്‍ കക്കോവ്, മുക്കം റോട്ടറി ക്ളബ് പ്രസിഡന്‍റ് കെ.ജി. സന്ദീപ്, സെക്രട്ടറി അനില്‍കുമാര്‍, റിസോഴ്സ് അധ്യാപകര്‍ എന്നിവരാണ് സ്മിതം യാത്രക്ക് നേതൃത്വം നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.