കോഴിക്കോട്: ഇന്ത്യയിലെ ജനസംഖ്യാവളര്‍ച്ച പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും വിഭവങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സാഹചര്യമാണുള്ളതെന്നും അമേരിക്കന്‍ പരിസ്ഥിതി-സമ്പദ്ശാസ്ത്രജ്ഞന്‍ മാര്‍ക്ക് ലിന്‍ഡ്ലെ. മുഖ്യധാര സമ്പദ്ശാസ്ത്രത്തിന്‍െറയും വ്യവസായികയുഗത്തിന്‍െറയും വിമര്‍ശകനായ ജെ.സി. കുമരപ്പയെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു ഓക്സ്ഫഡ്, കൊളംബിയ സര്‍വകലാശാലകളില്‍ മുന്‍ അധ്യാപകനായിരുന്ന അദ്ദേഹം. ഇപ്പോഴുള്ളതിന്‍െറ 40 ശതമാനത്തോളം ജനസംഖ്യ വര്‍ധിക്കുമ്പോള്‍ ഭക്ഷ്യോല്‍പാദന മേഖല തകിടംമറിയും. ഇത് വിലക്കയറ്റത്തിന് കാരണമാകും. പരിസ്ഥിതിയെ സമ്പദ്വ്യവസ്ഥയുടെ ഭാഗമായി കാണുന്ന ആശയമാണ് ജെ.സി. കുമരപ്പ മുന്നോട്ടുവെച്ചതെന്നും അദ്ദേഹം പറഞ്ഞു. വളരെ സൂക്ഷ്മതയോടെ മാത്രമേ സാങ്കേതികവിദ്യ ഉപയോഗിക്കാവുവെന്നാണ് കുമരപ്പ വാദിച്ചിരുന്നത്. സാങ്കേതികവിദ്യയുടെ തെറ്റായ ഉപയോഗം പരിസ്ഥിതി സമ്പദ്ഘടനയെ ബാധിക്കുകയും അത് മനുഷ്യനുതന്നെ ആഘാതം സൃഷ്ടിക്കുമെന്നും കുമരപ്പ പറഞ്ഞത് ഇപ്പോള്‍ സംഭവിക്കുകയാണ്. പരിസ്ഥിതിയെ നിലനിര്‍ത്തിക്കൊണ്ടുള്ള ഉല്‍പാദനമാണ് രാജ്യത്തുണ്ടാകേണ്ടത്. എന്നാല്‍, പലപ്പോഴും ഉല്‍പാദനത്തിനായി പരിസ്ഥിതിയെ ഒഴിവാക്കുന്ന സ്ഥിതിയാണുള്ളത്. വായുവും വെള്ളവും പ്രകൃതിയിലെ പുതുക്കാനാകാത്ത മറ്റു വിഭവങ്ങളും കുറച്ച് ഉപയോഗിച്ചുകൊണ്ടുള്ള കാര്‍ഷിക ഉല്‍പാദന സാങ്കേതികവിദ്യകളാണ് ഇനി കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആധുനിക ഇന്ത്യന്‍ പരിസ്ഥിതിവാദത്തിന്‍െറ പിതാവെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ വിശേഷിപ്പിച്ച നിലനില്‍പ്പിന്‍െറ സമ്പദ്ശാസ്ത്രകാരനായ ജെ.സി. കുമരപ്പ സ്മാരക പ്രഭാഷണം ലിവിങ് എര്‍ത്ത് കളക്ടീവിന്‍െറ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സെക്രട്ടറി ടി.പി. കുഞ്ഞിക്കണ്ണന്‍ ആമുഖപ്രഭാഷണം നടത്തി. ആര്‍.കെ. ഷിബുരാജ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.