കരിങ്കല്‍ ക്വാറി ഖനനം: വീടുകള്‍ക്ക് കേടുപാടുണ്ടാക്കുന്നു

കൊടുവള്ളി: നഗരസഭ പരിധിയിലെ പോര്‍ങ്ങോട്ടൂര്‍ കിഴക്കണ്ടംപാറ കരിങ്കല്‍ ക്വാറി ഖനനത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. സമീപത്തെ വീടുകള്‍ക്കും ജീവനും ഭീഷണി ഉയര്‍ത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ ഖനനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തത്തെിയത്.ക്വാറിക്ക് സമീപത്തായി അറുപതോളം വീടുകളാണുള്ളത്. ഇവര്‍ ഉപയോഗിച്ചുവരുന്ന രണ്ട് ശുദ്ധജല വിതരണ പദ്ധതികളും എം.എല്‍.എയുടെയും ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍െറയും ഫണ്ടില്‍നിന്ന് അനുവദിച്ച 35 ലക്ഷം രൂപ വിനിയോഗിച്ച് സ്ഥാപിച്ച പദ്ധതിയും അപകടത്തിന്‍െറ വക്കിലാണ്. ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ഖനനം നടത്തുന്നതിനാല്‍ സമീപത്തെ വീടുകളിലെല്ലാം സാരമായ കേടുപാട് സംഭവിച്ചിരിക്കുകയാണ്. ക്വാറിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അങ്കണവാടിയും അപകടാവസ്ഥയിലാണ്. കല്ലുകള്‍ തെറിച്ചുവീഴുന്നത് ഭയന്ന് കുട്ടികളെ അങ്കണവാടിയിലേക്ക് അയക്കാന്‍ രക്ഷിതാക്കള്‍ ഭയപ്പെടുന്നു. ജനവാസകേന്ദ്രത്തിന് സമീപത്തെ കരിങ്കല്‍ ക്വാറിക്കെതിരെ നേരത്തേ നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് 2016 മേയില്‍ അധികൃതര്‍ നിര്‍ത്തിവെപ്പിച്ചിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് വീണ്ടും ക്വാറിയില്‍ ഖനനം ആരംഭിച്ചതായാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനെതിരെയാണ് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് ജില്ല കലക്ടര്‍, ആര്‍.ഡി.ഒ, എസ്.പി, ജിയോളജി വകുപ്പ്, തഹസില്‍ദാര്‍, കൊടുവള്ളി സി.ഐ, നഗരസഭ എന്നിവര്‍ക്ക് പരാതി നല്‍കിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍: ബിന്ദു അനില്‍ കുമാര്‍ (ചെയര്‍.), പി.കെ. ഷെരീഫ്, പി.കെ. വേലായുധന്‍ (വൈ. ചെയര്‍.), വി.എം. ഹംസ (കണ്‍.), കെ. ഷിജിത്ത്, പി.കെ. ഷിബു (ജോ. കണ്‍.), വി.സി. അനില്‍ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.