സര്‍വേ നടപടി ശക്തമാക്കി അധികൃതര്‍

എകരൂല്‍: ഗെയില്‍ വിരുദ്ധ സമരസമിതിയുടെ സമരത്തിനിടയിലും ജനവാസകേന്ദ്രങ്ങളിലൂടെ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള ഭൂമി സര്‍വേ നടപടി തുടരുന്നു. വെള്ളിയാഴ്ച സംയുക്ത സമരസമിതി നേതാക്കള്‍ യോഗം ചേരുന്ന തക്കം നോക്കി, കനത്ത പൊലീസ് സംരക്ഷണത്തില്‍ അധികൃതര്‍ ഭൂമി അളന്ന് കുറ്റിയടിക്കല്‍ തുടര്‍ന്നു. ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശത്തുകൂടെയാണ് ഇപ്പോള്‍ സര്‍വേ നടക്കുന്നത്. അമ്പലപ്പറമ്പിലെ അളവ് കഴിഞ്ഞ് അടുത്തടുത്തായി വീടുകള്‍ സ്ഥിതി ചെയ്യുന്ന പെരുമയില്‍ പ്രദേശത്തുകൂടെയാണ് സര്‍വേ പുരോഗമിക്കുന്നത്. പെരുമയില്‍ ഉമറിന്‍െറയും ഹമീദിന്‍െറയും വീടുകള്‍ക്കിടയില്‍ 20 മീറ്റര്‍ ഭൂമി തികക്കണമെങ്കില്‍ ഏതെങ്കിലും ഒരു വീട് പൊളിച്ചുമാറ്റേണ്ടി വരുമെന്ന അവസ്ഥയാണുള്ളതെന്ന് വീട്ടുകാര്‍ പറഞ്ഞു. തല്‍ക്കാലം പത്ത് മീറ്റര്‍ അളന്ന് കുറ്റിയിട്ടാണത്രെ ഉദ്യോഗസ്ഥര്‍ മടങ്ങിയത്. തൊട്ടടുത്തായി പെരുമയില്‍ താഴെ വിധവയായ മേരി ക്ളാരയുടെ ആറു സെന്‍റ് ഭൂമിയും വീടുമാണുള്ളത്. സര്‍വേ നടത്തുമ്പോള്‍ ഈ വീടും പൊളിക്കേണ്ടിവരുമെന്ന സ്ഥിതിയാണുള്ളത്. വര്‍ഷങ്ങളായി കാന്‍സര്‍ ബാധിച്ച് കിടപ്പിലായ അമ്മയും ഏക മകനുമാണ് ഈ വീട്ടില്‍ താമസം. നിങ്ങളുടെ ഭൂമി എടുക്കില്ളെന്ന് ആശ്വസിപ്പിച്ചാണത്രെ ഉദ്യോഗസ്ഥര്‍ മടങ്ങിയത്. വിമുക്തഭടന്‍ കല്ലാച്ചികണ്ടി എം.കെ. മുഹമ്മദിന്‍െറ 36 സെന്‍റ് ഭൂമിയാണ് അളന്നത്. സ്വന്തമായി വീടില്ലാതെ ഇപ്പോള്‍ വാടക വീട്ടില്‍ താമസിക്കുന്ന ഇദ്ദേഹം ഈ സ്ഥലത്ത് വീട് നിര്‍മിക്കാനുള്ള രേഖകള്‍ ശരിയാക്കി വീടിന് കുറ്റിയടിച്ചതാണ്. സ്വന്തം ഭൂമിയില്‍ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി മരണം വരെ പോരാടുമെന്ന് വര്‍ഷങ്ങളോളം രാജ്യത്തെ സേവിച്ച ഈ വിമുക്തഭടന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.ജനവാസ കേന്ദ്രങ്ങളിലൂടെ സ്ഥലമെടുക്കില്ളെന്ന ഗെയിലിന്‍െറ ഉറപ്പ് മിക്ക സ്ഥലത്തും പാലിക്കാതെയാണ് സര്‍വേ നടപടികള്‍ പുരോഗമിക്കുന്നത്. വെള്ളിയാഴ്ച അളന്ന എല്ലാ ഭൂമിയും ജനവാസ കേന്ദ്രത്തിലാണുള്ളത്. പെരുമയില്‍ ഉമ്മര്‍, ഹമീദ്, മേരി ക്ളാര, കൈതപ്പൊയില്‍ ഖദീജ എന്നിവരുടെ വീടുകള്‍ക്ക് തൊട്ടടുത്തുകൂടെയാണ് ഉദ്യോഗസ്ഥര്‍ അളന്നു കുറ്റിയിട്ടത്. ആശാരിപ്പണിക്കാരനായ ഗണേഷന്‍െറ 10 സെന്‍റ് സ്ഥലത്തുള്ള അമ്പതോളം കവുങ്ങുകളാണ് മുറിച്ചു മാറ്റേണ്ടി വരുക. പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍ സമര സമിതിയിലുണ്ടെങ്കിലും ജനപങ്കാളിത്തം കുറയുന്നത് പ്രക്ഷോഭ ം വിജയിപ്പിക്കുന്നതില്‍ തടസ്സമാവുകയാണ്. മുഖ്യധാര രാഷ്ട്രീയ സംഘടനകളാവട്ടെ മൗനം തുടരുകയാണ്. അതിനിടെ തുടര്‍സമരത്തെ കുറിച്ച് സമരസമിതി ചര്‍ച്ച നടത്തി. തിങ്കളാഴ്ച പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കും. രണ്ടുദിവസത്തെ സ്ക്വാഡ് പ്രവര്‍ത്തനത്തിലൂടെ ജനപങ്കാളിത്തം ഉറപ്പാക്കും. സമരസമിതി ചെയര്‍മാന്‍ എ.കെ. ഗോപാലന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഇ.ടി. ബിനോയ്, കെ.കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍, കൈപ്പാട്ട് പത്മനാഭന്‍, കെ.കെ.ഡി. രാജന്‍, ടി. മുഹമ്മദ് വള്ളിയോത്ത്, കെ.എം. രബിന്‍ലാല്‍, ടി.പി. അസീസ്, കല്ലുക്കെട്ടില്‍ മുഹമ്മദ്, കെ.കെ. അബൂബക്കര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.