കൈക്കൂലിക്കേസില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കഠിന തടവും പിഴയും

കോഴിക്കോട്: ഡെയറി ഫാമിലെ പരിസ്ഥിതി മലിനീകരണത്തിനെതിരെ നടപടിയെടുക്കാതിരിക്കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കഠിന തടവും പിഴയും. വയനാട് കല്‍പറ്റ കുന്നുതൊട്ടിയില്‍ ബാബു സെബാസ്റ്റ്യനെയാണ് വിജിലന്‍സ് പ്രത്യേക ജഡ്ജി വി. പ്രകാശ് ശിക്ഷിച്ചത്. രണ്ടു വര്‍ഷം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. 2006 ഡിസംബറില്‍ താമരശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറായി ജോലിചെയ്യവെ ബാബു സെബാസ്റ്റ്യന്‍ കട്ടിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഡെയറി ഫാമിലെ പരിസ്ഥിതി മലിനീകരണത്തില്‍ നടപടിയെടുക്കാതിരിക്കാന്‍ ഫാം ഉടമയായ സക്കീന, മാതാവ് ആയിശ, ബിസിനസ് പങ്കാളിയായ കെ.എം. അഷ്റഫ് എന്നിവരില്‍നിന്ന് കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കേസ്. മലിനീകരണവിഷയത്തില്‍ നിയമനടപടിയെടുക്കാതിരിക്കാന്‍ താമരശ്ശേരി കോടതിവളപ്പില്‍വെച്ച് 2006 ഡിസംബര്‍ 21നാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പിന്നീട് 20,000 രൂപ കൈക്കൂലിയായി അഷ്റഫിനോട് ടെലിഫോണിലും ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അഷ്റഫ് 2007 ജനുവരിയില്‍ കോഴിക്കോട് ഡിവൈ.എസ്.പി ഐ. മുഹമ്മദ് അസ്ലമിന് പരാതി നല്‍കുകയും വിജിലന്‍സ് സഹായത്തോടെ ഇയാള്‍ക്ക് കെണി ഒരുക്കുകയും ചെയ്തു. ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകളുമായി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തിയ പരാതിക്കാരന്‍ ഇയാള്‍ക്ക് പണം കൈമാറുകയും, മുമ്പ് അറിയിച്ച വിവരമനുസരിച്ച് വിജിലന്‍സ് പരിശോധന നടത്തി കൈക്കൂലിപ്പണം വീണ്ടെടുക്കുകയും ചെയ്യുകയായിരുന്നു. 2007 ജനുവരി ഒന്നിനാണ് ബാബു സെബാസ്റ്റ്യനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ അഡ്വ. ഒ ശശി ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.