അറ്റകുറ്റപ്പണി വൈകുന്നു; കെ.എസ്.ആര്‍.ടി.സിയില്‍ ട്രിപ് മുടങ്ങുന്നു

കോഴിക്കോട്: കൃത്യസമയത്ത് സ്പെയര്‍പാര്‍ട്സ് ലഭിക്കാത്തത് ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ബസുകളുടെ ട്രിപ് മുടക്കത്തിന് ആക്കം കൂട്ടുന്നു. 500 രൂപക്ക് മുകളില്‍ വിലയുള്ള സ്പെയര്‍പാര്‍ട്സുകള്‍ റീജ്യനല്‍ വര്‍ക്ഷോപ് വഴി മാത്രമേ വാങ്ങാവൂവെന്ന പുതിയ സര്‍ക്കുലറാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. അത്യാവശ്യഘട്ടത്തില്‍ ചെറിയ തകരാറുകള്‍ പരിഹരിക്കുന്നതിന് ഡിപ്പോകളുടെ അടുത്തുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍നിന്ന് സ്പെയര്‍പാര്‍ട്സുകള്‍ വാങ്ങിയിരുന്നു. തകരാര്‍ പെട്ടെന്ന് പരിഹരിച്ച് വണ്ടി അപ്പോള്‍തന്നെ സര്‍വിസ് നടത്താന്‍ ഇത് സഹായിച്ചിരുന്നു. ഏപ്രില്‍ 23ന് ഇറങ്ങിയ സര്‍ക്കുലറില്‍ ഇത്തരത്തില്‍ സാധനങ്ങള്‍ വാങ്ങരുതെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. റീജ്യനല്‍ വര്‍ക്ഷോപ്പില്‍നിന്ന് കൃത്യസമയത്ത് സാധനം ലഭിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. സര്‍ക്കുലര്‍ നടപ്പാക്കുന്നതില്‍ പ്രശ്നമില്ളെങ്കിലും നടക്കാവിലെ റീജ്യനല്‍ വര്‍ക്ഷോപ്പില്‍നിന്ന് സാധനം എത്തുമ്പോഴേക്കും പല ബസുകളുടെയും രണ്ടോ മൂന്നോ ട്രിപ്പുകള്‍ മുടങ്ങിയിട്ടുണ്ടാകും. വീല്‍ ബെയറിങ്, ക്ളച്ച് റിലാക്സ് ബെയറിങ്, ഓയില്‍ ഫില്‍ട്ടര്‍, ഡീസല്‍ ഫില്‍ട്ടര്‍ തുടങ്ങിയ ചെറിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതാണ് ഇതോടെ വൈകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം നിസ്സാര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ താമരശ്ശേരി ഡിപ്പോയില്‍ ഒന്നിലധികം ബസുകള്‍ സര്‍വിസ് നടത്താനായില്ല. ഏപ്രിലിലാണ് പുതിയ ഉത്തരവിറങ്ങിയതെങ്കിലും മാര്‍ച്ചിലും ഏപ്രിലിലും സ്വകാര്യ കടകളില്‍നിന്ന് ബസുകളുടെ അറ്റകുറ്റപ്പണിക്ക് ആവശ്യമായ നട്ടും ബോള്‍ട്ടും ഗ്രീസും മറ്റു ചെറിയ സ്പെയര്‍പാര്‍ട്സും വാങ്ങിയിരുന്നു. താമരശ്ശേരി ഡിപ്പോയില്‍ മാത്രമായി ഇത്തരത്തില്‍ 35000ത്തലധികം രൂപ കടകളില്‍ നല്‍കാനുണ്ട്. ഉത്തരവ് വന്നതോടെ ഈ തുകയും ലഭിച്ചിട്ടില്ല. ഉത്തരവ് ഇറങ്ങുന്നതിന് മുമ്പ് വാങ്ങിയ സാധനങ്ങളുടെ പണം പോലും നല്‍കാത്തത് ഡിപ്പോയുടെ പ്രവര്‍ത്തനത്തെതന്നെ പ്രതിസന്ധിയിലാക്കുന്ന നടപടിയാണ്. പുതിയ ഉത്തരവ് താമരശ്ശേരി ഡിപ്പോയെ മാത്രമല്ല ജില്ലയിലെ മറ്റ് സബ് ഡിപ്പോകളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 68 കെ.എസ്.ആര്‍.ടി.സിയും നാല് ലോഫ്ളോര്‍ ബസുകളുമാണ് താമരശ്ശേരി ഡിപ്പോയില്‍ ഉള്ളത്. ഒരു വണ്ടിക്ക് മാസത്തില്‍ 500 രൂപ നിരക്കിലാണ് ചെറിയ അറ്റകുറ്റപ്പണിക്കായി അധികൃതര്‍ നല്‍കുന്നത്. 74 വണ്ടികള്‍ക്കുമായി ഒരു മാസത്തില്‍ ലഭിക്കുന്ന 37000 രൂപ തികയാത്ത അവസ്ഥയാണ്. ദീര്‍ഘദൂരത്തേക്കുള്ള ബസുകള്‍ ഒരു ദിവസം ശരാശരി 560 കിലോമീറ്റര്‍ മുതല്‍ 620 കിലോമീറ്റര്‍ വരെ ഓടുന്നുണ്ട്. പലതും 13, 14 ലക്ഷം കിലോമീറ്റര്‍ ഓടിയവയാണ്. ഇത്തരം വണ്ടികളുടെ അറ്റകുറ്റപ്പണിയുടെ ചെലവും കൂടുതലാണ്. 600 രൂപയുടെയും 800 രൂപയുടെയുമെല്ലാം ചെറിയ തകരാറുകള്‍ താമരശ്ശേരിയിലെയും കോഴിക്കോട് സിറ്റിയിലെയും കടകളില്‍നിന്ന് സാധനം വാങ്ങിയാണ് പരിഹരിച്ചിരുന്നത്. കഴിഞ്ഞദിവസം താമരശ്ശേരി ഡിപ്പോയില്‍നിന്ന് ഗുരുവായൂരിലേക്കും തിരുവനന്തപുരത്തേക്കുമുള്ള ദീര്‍ഘദൂര ബസുകളുടെ ട്രിപ്പും മുടങ്ങി. ഒരോ ദിവസും ഇത്തരത്തില്‍ ട്രിപ് മുടങ്ങുന്നത് പതിവായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.