പ്രതീക്ഷകളുമായി ജില്ലയിലെ കെ.എസ്.ആര്‍.ടി.സി

കോഴിക്കോട്: ഗതാഗത മന്ത്രിയായി എ.കെ. ശശീന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്തതോടെ ജില്ലയിലെ കെ.എസ്.ആര്‍.ടി.സിയും പ്രതീക്ഷയിലാണ്. മലബാറിലെ പ്രധാന ഡിപ്പോയായിട്ടും കോഴിക്കോടിനോടുള്ള അവഗണന തുടരുന്നതിനിടെയാണ് ജില്ലയില്‍നിന്നുള്ള എം.എല്‍.എക്ക് ഗതാഗതമന്ത്രി സ്ഥാനം ലഭിക്കുന്നത്. സി.കെ. നാണുവിന് ശേഷം ആദ്യമായാണ് കോഴിക്കോട് നിന്നൊരു ഗതാഗത മന്ത്രിയുണ്ടാകുന്നത്. ജില്ലയിലെ കെ.എസ്.ആര്‍.ടി.സി സബ് സ്റ്റേഷനുകളോടുള്ള അവഗണനകള്‍ക്ക് ഇതോടെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. കണ്ടക്ടര്‍മാരില്ലാത്തതിനാല്‍ ഡിപ്പോകളില്‍ സര്‍വിസ് വെട്ടിക്കുറക്കുന്നത് പതിവാണ്. ബംഗളൂരു ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര ബസുകളിലും ജീവനക്കാരുടെ ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കോഴിക്കോട് ഡിപ്പോയില്‍ മാത്രം 19 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ദീര്‍ഘദൂര ബസുകള്‍ ഓടിക്കുമെങ്കിലും രാത്രിയിലും മറ്റും സര്‍വിസ് നടത്തുന്ന ഹ്രസ്വദൂര വണ്ടികളുടെ ട്രിപ് മുടക്കം പതിവാണ്. നിലവിലുള്ള ജീവനക്കാര്‍ അധിക ഡ്യൂട്ടിയെടുത്താണ് സര്‍വിസ് നിലനിര്‍ത്തുന്നത്. മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ ഉദ്ഘാടനം കഴിഞ്ഞ് ബസുകള്‍ പ്രവേശിക്കാന്‍ തുടങ്ങിയെങ്കിലും യാത്രക്കാര്‍ക്ക് വേണ്ട ഒരു സൗകര്യവും ഇതുവരെ ഒരുക്കനായിട്ടില്ല. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വിശ്രമിക്കാനും വാഹനങ്ങള്‍ പാര്‍ക് ചെയ്യാനുമുള്ള ആധുനിക സജീകരണങ്ങളോടെയുള്ള കെട്ടിടത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഇതിന്‍െറ പ്രയോജനം ഇതുവരെ ലഭിച്ചിട്ടില്ല. ഇപ്പോള്‍ ഇവിടെനിന്ന് ബസ് കയറാനുള്ള സൗകര്യം മാത്രമാണുള്ളത്. സ്ത്രീകളുടെ വിശ്രമമുറിയും തുറന്നുകൊടുത്തിട്ടില്ല. ഓഫിസ് സംവിധാനവും പൂര്‍ണതോതില്‍ സജ്ജമായിട്ടില്ല. പാവങ്ങാട്ടെ ഓഫിസ് മാവൂര്‍ റോഡിലെ കോംപ്ളക്സിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ അത് നടന്നിട്ടില്ല. അസൗകര്യങ്ങള്‍ക്ക് നടുവിലാണ് പാവങ്ങാട്ടെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഇതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പുതിയ മന്ത്രിയുടെ ഇടപെടലുകളുണ്ടാവുമെന്നാണ് പ്രതീക്ഷ. കോഴിക്കോട് ഡിപ്പോക്ക് പുറമേ ജില്ലയില്‍ തൊട്ടില്‍പ്പാലത്തും തിരുവമ്പാടിയിലും താമരശ്ശേരിയിലും സബ്ഡിപ്പോയും വടകരയിലും അടിവാരത്തും ഓപറേറ്റിങ് സെന്‍ററും പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും മതിയായ ബസ് സര്‍വിസ് ഇല്ലാത്തതും കെട്ടിടത്തിന്‍െറ ശോച്യാവസ്ഥയും ജില്ലയുടെ ഡിപ്പോകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. മലയോരമേഖലയിലെ യാത്രാക്ളേശം പരിഹരിക്കാന്‍ സ്ഥാപിക്കപ്പെട്ട ഡിപ്പോകള്‍ തമ്മില്‍ കണക്ടിങ് സര്‍വിസുകള്‍ കുറവാണ്. താമരശ്ശേരി, തൊട്ടില്‍പ്പാലം, തിരുവമ്പാടി ഡിപ്പോകള്‍ കൂടാതെ വടകരയിലും അടിവാരത്തും ഓപറേറ്റിങ് സെന്‍ററും പ്രവര്‍ത്തിക്കുന്നുണ്ട്. മലയോരപ്രദേശമായ കുറ്റ്യാടി, പേരാമ്പ്ര എന്നിവിടങ്ങളിലുള്ളവര്‍ക്ക് താമരശ്ശേരിയിലേക്ക് സര്‍വിസില്ല. താമരശ്ശേരി ഡിപ്പോയില്‍നിന്നും തിരുവമ്പാടി ഡിപ്പോയിലേക്കുള്ള സര്‍വിസുകളും പരിമിതം. ജില്ലയില്‍ ഏറ്റവുമാദ്യം പ്രവര്‍ത്തനം ആരംഭിച്ച സബ് ഡിപ്പോയായ താമരശ്ശേരിയിലും സൗകര്യങ്ങള്‍ പരിമിതമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT