അധ്യയനാരംഭത്തിന് ദിവസങ്ങള്‍; സ്കൂള്‍ വാഹനങ്ങളുടെ പരിശോധന പ്രഹസനം

കോഴിക്കോട്: പുതിയ അധ്യയന വര്‍ഷത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അധികൃതര്‍ക്ക് അനാസ്ഥ. സിറ്റി പൊലീസും ആര്‍.ടി.ഒയും സ്കൂള്‍ വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കുമ്പോഴും ഓട്ടോറിക്ഷകളും സ്വകാര്യ വാഹനങ്ങളുമടക്കം സ്കൂള്‍ കുട്ടികളുമായി ചീറിപ്പായുന്ന വാഹനങ്ങള്‍ക്ക് മൂക്കുകയറിടാന്‍ അധികൃതര്‍ക്കാവുന്നില്ല. എല്ലാ സ്കൂളുകളിലും കുട്ടികള്‍ക്കായി നിരവധി ബസുകള്‍ ഓടുമ്പോഴും സുരക്ഷാ പരിശോധന വഴിപാടാണെന്ന പരാതി വ്യാപകമാണ്. സ്കൂള്‍ ബസുകളില്‍ പലതിലും ആവശ്യത്തിന് ജീവനക്കാരില്ലാതെയാണ് ഓടുന്നത്. എല്‍.കെ.ജി, യു.കെ.ജി കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍പോലും ഡോര്‍ ചെക്കര്‍മാരെ വെക്കാന്‍ ബസ് ഉടമകള്‍ തയാറാകാറില്ല. സ്കൂള്‍ മാനേജ്മെന്‍റിന്‍െറ ഉടമസ്ഥതയിലുള്ള ബസുകളില്‍ മാത്രമാണ് ഡോര്‍ ചെക്കര്‍മാരുള്ളത്. മറ്റു വാഹനങ്ങളില്‍ കൂട്ടത്തിലുള്ള മുതിര്‍ന്ന കുട്ടികളായിരിക്കും ഡോര്‍ ചെക്കര്‍മാരുടെ ജോലി ചെയ്യുന്നത്. ബസുകളിലുള്ള കുട്ടികളുടെ എണ്ണം പരിശോധിക്കുന്നതിനും ഉദ്യോഗസ്ഥര്‍ തയാറാകാറില്ല. മുന്‍കാലങ്ങളിലുണ്ടായ സ്കൂള്‍ ബസ് അപകടങ്ങളിലെല്ലാം കുട്ടികളുടെ എണ്ണം പരമാവധിയില്‍ കവിഞ്ഞാണുണ്ടായിരുന്നത്. ഡ്രൈവറല്ലാതെ മറ്റു ജീവനക്കാരും ബസുകളില്‍ പലതിലും ഇല്ലായിരുന്നു. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് സ്കൂള്‍ ബസുകളുടെ പരിശോധന കര്‍ശനമാക്കണമെന്ന ആവശ്യം ഉയരുന്നത്. കുട്ടികളെ കുത്തിനിറച്ചാണ് പല ഓട്ടോറിക്ഷകളും പോകുന്നത്. ഡ്രൈവറുടെ സീറ്റിലടക്കം കുട്ടികളെ ഇരുത്തിക്കൊണ്ടുപോകുന്നത് നിത്യക്കാഴ്ചയാണ്. കുട്ടികളെ കയറ്റുന്ന ഓട്ടോറിക്ഷകളും കര്‍ശന പരിശോധനക്ക് വിധേയമാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. അതേസമയം, അധ്യയനാരംഭത്തിന് മുന്നോടിയായി ശനി, ഞായര്‍ ദിവസങ്ങളില്‍ സിറ്റി പരിധിയിലെ സ്കൂള്‍ ബസുകള്‍ക്ക് പ്രീ മണ്‍സൂണ്‍ പരിശോധനയും ബോധവത്കരണവും സംഘടിപ്പിക്കുന്നതായി ആര്‍.ടി.ഒ പ്രേമാനന്ദന്‍ അറിയിച്ചു. സ്കൂള്‍ ബസുകളുടെ എന്‍ജിന്‍െറ കാര്യക്ഷമത, ഫുട്ബോര്‍ഡിന്‍െറ ഉയരം, അടിത്തറയുടെ ഉറപ്പ്, ബ്രേക്കിന്‍െറ കാര്യക്ഷമത, സ്പീഡ് ഗവേണറുകളുടെ പ്രവര്‍ത്തനക്ഷമത തുടങ്ങിയവയാണ് പരിശോധിക്കുക. സ്കൂള്‍ ബസുകളുടെ വാതിലുകള്‍, ഫസ്റ്റ് എയ്ഡ് ബോക്സ്, ബാഗുകള്‍ വെക്കാനുള്ള റാക്ക് എന്നിവ ഉറപ്പുവരുത്തണം. അഗ്നിശമന യന്ത്രം, എമര്‍ജന്‍സി വാതില്‍, തുടങ്ങിയ കാര്യങ്ങളും സ്കൂള്‍ ബസുകളില്‍ നിര്‍ബന്ധമാണ്. സ്കൂളിന്‍െറ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പിന്നിലെ വാതിലിന് സമീപത്തായി എഴുതണം. 10 വര്‍ഷത്തെ പരിചയമുള്ള ഹെവി ഡ്രൈവിങ് ലൈസന്‍സുള്ളവരെ മാത്രമേ സ്കൂള്‍ ബസുകളില്‍ നിയമിക്കാവൂ എന്ന് നിര്‍ദേശം നല്‍കിയതായി സിറ്റി ട്രാഫിക് അസി. കമീഷണര്‍ എ.കെ. ബാബു അറിയിച്ചു. ഏതെങ്കിലും ക്രിമിനല്‍ കേസിലെ പ്രതികളായവരെ നിയമിക്കരുതെന്നും ആര്‍.ടി.ഒയുടെയും പൊലീസിന്‍െറയും നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT