പുതുസര്‍ക്കാറിന്‍െറ വരവ് ആഘോഷമാക്കി നാട്

കോഴിക്കോട്: പുതിയ സര്‍ക്കാറിന്‍െറ ചുമതലയേല്‍ക്കല്‍ ചടങ്ങ് നഗരം ഊഷ്മളമായി ആഘോഷിച്ചു. 13ല്‍ 11സീറ്റും എല്‍.ഡി.എഫിന് നല്‍കിയ ജില്ലയുടെ ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ഒരിടത്ത് ഒന്നിച്ചുകൂടിയുള്ള പരിപാടികള്‍ ഉണ്ടായില്ളെങ്കിലും മുക്കിലും മൂലയിലും പായസ വിതരണവും വാദ്യമേളങ്ങളുമുണ്ടായി. ബസ്സ്റ്റാന്‍ഡുകളിലും പ്രധാന ബസ്സ്റ്റോപ്പുകളിലും മധുര വിതരണമുണ്ടായി. ബസുകളിലും മറ്റ് വാഹങ്ങളിലും യാത്ര ചെയ്തവര്‍ക്ക് ഇഷ്ടം പോലെ പായസം കിട്ടി. ചുവപ്പ് കൊടികളാല്‍ അലങ്കരിച്ച പന്തലുകളിലായിരുന്നു മിക്കയിടത്തും വൈകുന്നേരം നാലോടെ പായസ വിതരണം. പലേടത്തും ബിരിയാണി വിതരണവുമുണ്ടായി. കോയാറോഡടക്കം മിക്ക ഭാഗത്തും പിണറായി വിജയന്‍െറ സ്ഥാനാരോഹണ സമയത്ത് മാലപ്പടക്കങ്ങള്‍ക്ക് തിരികൊളുത്തി. വഴിയോരത്തെ നീണ്ട പടക്കം പൊട്ടല്‍ ദേശീയ പാതയിലടക്കം നേരം ഗതാഗത തടസ്സമുണ്ടാക്കി. സ്ത്രീകളും കുട്ടികളുമടക്കം നാട്ടുകാര്‍ സജീവമായി ആഘോഷങ്ങളില്‍ പങ്കെടുത്തു. മിക്ക കവലകളിലും ഉച്ചഭാഷിണിയിലൂടെ വിപ്ളവ ഗാനങ്ങള്‍ ഒഴുകി. 28ന് മുതലക്കുളത്ത് മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും സ്വീകരണം ഒരുക്കിയിട്ടുണ്ട്. കക്കോടി: സംഹാരാത്മകമായ ഡീജെ സംഗീതത്തിന്‍െറ പ്രകമ്പനങ്ങളില്‍ ജനം തുള്ളിയാര്‍ത്തപ്പോള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനുശേഷം മയങ്ങിയ നാട് ഒരിക്കല്‍കൂടി ഉണര്‍ന്നു. എലത്തൂര്‍ മണ്ഡലത്തിലെ ഇടതുപക്ഷ പ്രവര്‍ത്തകരുടെ ഇരട്ടവിജയത്തിന്‍െറ പരിച്ഛേദമായിരുന്നു കക്കോടിയിലെ പ്രവര്‍ത്തകരുടെ ആഹ്ളാദപ്രകടനം. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റതോടൊപ്പം മണ്ഡലത്തിന് മന്ത്രിപദവികൂടി ലഭിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം ഇരട്ടിയായി. പടക്കം പൊട്ടിച്ചും ബൈക്കുകളിലും അലങ്കരിച്ച വാഹനങ്ങളിലും ചെങ്കൊടിയേന്തി പ്രവര്‍ത്തകര്‍ കക്കോടി ബസാറിനെ ആവേശംകൊള്ളിച്ചു. നിമിഷമോഹനും അജയന്‍പൂരങ്ങോട്ടും നയിച്ച ഗാനമേള മണിക്കൂറുകളോളം ജനങ്ങളെ ബസാറില്‍ പിടിച്ചുനിര്‍ത്തി. പ്രവര്‍ത്തകര്‍ പായസവിതരണവും നടത്തി. നിരവധി പ്രവര്‍ത്തകരാണ് സത്യപ്രതിഞ്ജാ ചടങ്ങിന് സാക്ഷികളാവാന്‍ തിരുവനന്തപുരത്തേക്ക് വണ്ടികയറിയത്. ആഹ്ളാദപ്രകടനത്തിനും പായസവിതരണത്തിനും എം.ടി. പ്രസാദ്, ടി.ടി.വിനോദ്, ബഷീര്‍, കോട്ടോളിപൊയില്‍ മോഹനന്‍, ഹമീദ്,ഷിയാബ്, സി. തുളസി, ചെമ്പോളി അനില്‍കുമാര്‍, രമേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT