കൊടുവള്ളിയില്‍ ലീഗിന്‍െറ തോല്‍വി: ബൂത്ത്തല കണക്കുകള്‍ തിരിഞ്ഞുകുത്തുന്നു

കൊടുവള്ളി: എന്നും ലീഗിനെ തുണച്ചിരുന്ന കൊടുവള്ളി മണ്ഡലം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചമൂലം ലീഗ് വിമതനായ കാരാട്ട് റസാഖിലൂടെ നഷ്ടപ്പെട്ടതോടെ പൊട്ടിത്തെറിയുടെ വക്കിലത്തെിയ മുസ്ലിം ലീഗിന് ബൂത്ത്തല കണക്കുകള്‍ തിരിഞ്ഞുകുത്തുന്നു. എന്നും ലീഗിനൊപ്പം നിന്ന താമരശ്ശേരി, മടവൂര്‍, കിഴക്കോത്ത്, ഓമശ്ശേരി പഞ്ചായത്തുകളില്‍ യു.ഡി.എഫിന് ഭൂരിപക്ഷം കുറഞ്ഞു. ഏറെ ഭൂരിപക്ഷം തന്ന കൊടുവള്ളി നഗരസഭയിലും കട്ടിപ്പാറ പഞ്ചായത്തിലും എല്‍.ഡി.എഫിന് ഭൂരിപക്ഷം വര്‍ധിച്ചതും ചര്‍ച്ചയായിട്ടുണ്ട്. യു.ഡി.എഫിനെ തുണച്ച ബൂത്തുകളിലാണ് എല്‍.ഡി.എഫിന് അനുകൂലമായ വോട്ടുചോര്‍ച്ച സംഭവിച്ചിട്ടുള്ളത്. കട്ടിപ്പാറയില്‍ മൂന്ന് ബൂത്തുകള്‍ യു.ഡി.എഫിന് ഭൂരിപക്ഷം നല്‍കിയപ്പോള്‍ 11 ബൂത്തുകളില്‍ എല്‍.ഡി.എഫിന് ഭൂരിപക്ഷം നേടാനായി. കൊടുവള്ളിയില്‍ എട്ട് ബൂത്തുകളില്‍ മാത്രമാണ് യു.ഡി.എഫിന് ലീഡുണ്ടായത്. 18 ബൂത്തുകളില്‍ എല്‍.ഡി.എഫിന് മികച്ച ലീഡുണ്ടാക്കാനായി. താമരശ്ശേരിയിലും കിഴക്കോത്തും അഞ്ചുവീതം ബൂത്തുകളില്‍ മാത്രമാണ് എല്‍.ഡി.എഫിന് ലീഡുണ്ടാക്കാനായത്. എന്നാല്‍, ഇവിടങ്ങളില്‍ 14 വീതം ബൂത്തുകളില്‍ യു.ഡി.എഫിന് ഭൂരിപക്ഷമുറപ്പിക്കാനായി. ഓമശ്ശേരിയില്‍ 12 ബൂത്തുകളിലാണ് യു.ഡി.എഫിന് ലീഡുണ്ടായത്. ഏഴു ബൂത്തുകളിലേ എല്‍.ഡി.എഫിന് ലീഡുണ്ടാക്കാനായുള്ളൂ. എന്നാല്‍, നരിക്കുനിയിലും മടവൂരിലും ഏഴുവീതം ബൂത്തുകളില്‍ യു.ഡി.എഫിന് ഭൂരിപക്ഷമുണ്ടായപ്പോള്‍ നരിക്കുനിയില്‍ ഏഴും മാവൂരില്‍ ഒമ്പതും വീതം ബൂത്തുകളില്‍ ഭൂരിപക്ഷമുണ്ടാക്കാന്‍ എല്‍.ഡി.എഫിനായി. പ്രാദേശികമായി പരിഹരിക്കപ്പെടാതെ കിടന്ന ലീഗിലെയും കോണ്‍ഗ്രസിലെയും പ്രശ്നങ്ങള്‍ എല്‍.ഡി.എഫിന് അനുകൂലമാക്കാന്‍ കഴിഞ്ഞതും കാരാട്ട് റസാഖിന്‍െറ വിജയം എളുപ്പമാക്കി. തിരുവമ്പാടിയിലെയും കൊടുവള്ളിയിലെയും പരാജയകാരണം ജില്ലാ നേതൃത്വം പഠിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതിനുമുമ്പേ കൊടുവള്ളി നഗരസഭ കമ്മിറ്റി രാജിവെച്ചൊഴിയാന്‍ ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കിയെങ്കിലും നേതൃത്വം ഇത് അംഗീകരിച്ചില്ലത്രെ. കാരാട്ട് റസാഖുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് കൊടുവള്ളി നഗരസഭ കമ്മിറ്റിയായിരുന്നു എന്നിരിക്കെ രാജിനാടകം നേതൃത്വത്തിനു നേരെ തിരിഞ്ഞ അണികളുടെ കണ്ണില്‍പൊടിയിടാനായിരുന്നുവെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.