ഇനി പണമെടുക്കാന്‍ ഇന്ത്യന്‍ പോസ്റ്റ് എ.ടി.എമ്മുകളും

കോഴിക്കോട്: തപാല്‍വകുപ്പിനു കീഴിലുള്ള രണ്ട് എ.ടി.എമ്മുകള്‍ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. സിവില്‍ സ്റ്റേഷന്‍, മാനാഞ്ചിറ ഹെഡ് പോസ്റ്റ്ഓഫിസുകളിലാണ് ഇന്ത്യ പോസ്റ്റ് എ.ടി.എമ്മുകള്‍ തുടങ്ങിയത്. സിവില്‍ സ്റ്റേഷന്‍ ഹെഡ്പോസ്റ്റ്ഓഫിസില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് എ.ടി.എം ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്‍െറ മുക്കുമൂലകളില്‍ സാന്നിധ്യമുള്ള പോസ്റ്റ്ഓഫിസുകള്‍ ബാങ്കിങ് മേഖലയിലേക്ക് കടന്നുവരുന്നത് അവയുടെ ഗതകാലപ്രതാപം വീണ്ടെടുക്കാനും അതോടൊപ്പം ആയിരക്കണക്കിന് ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കുകൂടി ബാങ്കിങ് മേഖലയിലേക്ക് പ്രവേശം സാധ്യമാക്കാനും സഹായകരമാവുമെന്ന് ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. നോര്‍തേണ്‍ റീജന്‍ ഡയറക്ടര്‍ ഓഫ് പോസ്റ്റല്‍ സര്‍വിസസ് വിനോദ് കുമാര്‍, പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അഞ്ജലി ആനന്ദ്, അസിസ്റ്റന്‍റ് ഡയറക്ടര്‍ ടെക്നോളജി മിനി രാജന്‍, കാലിക്കറ്റ് ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫിസസ് എ. സുധാകരന്‍, സിവില്‍ സ്റ്റേഷന്‍ ഹെഡ് പോസ്റ്റ്ഓഫിസ് പോസ്റ്റ് മാസ്റ്റര്‍ വി.ടി. ബാബുരാജ് നായര്‍ എന്നിവര്‍ സംസാരിച്ചു. ആദ്യഘട്ടത്തില്‍ ജില്ലയില്‍ 16 എ.ടി.എമ്മുകള്‍ കൂടി സ്ഥാപിക്കാനാണ് പോസ്റ്റല്‍ വിഭാഗത്തിന്‍െറ പദ്ധതി. ഏത് പോസ്റ്റ്ഓഫിസിലും അക്കൗണ്ടുള്ളവര്‍ക്ക് എ.ടി.എം വഴി പണം പിന്‍വലിക്കാം. സ്വന്തം പേര് ചേര്‍ത്തതും അല്ലാത്തതുമായ എ.ടി.എം കാര്‍ഡുകള്‍ പോസ്റ്റ്ഓഫിസില്‍നിന്ന് ലഭിക്കും. പേരില്ലാത്ത ഇന്‍സ്റ്റന്‍റ് കാര്‍ഡുകള്‍ പോസ്റ്റ്ഓഫിസില്‍ ചെന്ന് ആവശ്യപ്പെട്ടാലുടന്‍ നല്‍കാവുന്ന രീതിയിലാണ് സംവിധാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.