കെ.ടി.ഡി.സി കെട്ടിടം അടച്ചുപൂട്ടി

കോഴിക്കോട്: കാല്‍ നൂറ്റാണ്ടായി മാനാഞ്ചിറയില്‍ പ്രവര്‍ത്തിക്കുന്ന കെ.ടി.ഡി.സി നോര്‍ത് റീജനല്‍ ഓഫിസ് കെട്ടിടം ഒഴിപ്പിച്ചു. കെ.ടി.ഡി.സി ബിയര്‍ പാര്‍ലര്‍, റീജനല്‍ ഓഫിസ്, റെസ്റ്റാറന്‍റ്, മലബാര്‍ മാന്‍ഷന്‍ ഹോട്ടല്‍ എന്നിവ ഉള്‍പ്പെടുന്ന നാലു നില കെട്ടിടമാണ് കോര്‍പറേഷന്‍ റവന്യൂ ഇന്‍സ്പെക്ടര്‍ പി.വി. ശ്രീനിവാസന്‍, ടൗണ്‍ പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചത്. രാവിലെ എട്ടരയോടെ തുടങ്ങിയ ഒഴിപ്പിക്കല്‍ നടപടികള്‍ 12.30ഓടെ അവസാനിച്ചു. ഗേറ്റുകള്‍ പൂട്ടിയശേഷമായിരുന്നു ഒഴിപ്പിക്കല്‍. കോര്‍പറേഷന്‍െറ കൈവശമുള്ള കെട്ടിടവും സ്ഥലവും കെ.ടി.ഡിസിക്ക് വാടകക്ക് നല്‍കിയതായിരുന്നു. ലൈസന്‍സ് കാലാവധി തീര്‍ന്നിട്ടും പുതുക്കാത്തതിനെ തുടര്‍ന്ന് ആറുമാസം കൂടി നീട്ടിനല്‍കിയിരുന്നു. ലൈസന്‍സ് പുതുക്കുന്നതിന് കോര്‍പറേഷന്‍ അനുവദിച്ച സമയം കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിക്കുകയും ചെയ്തു. തുടര്‍ന്ന് കോര്‍പറേഷന്‍ കെ.ടി.ഡി.സിക്കു നോട്ടീസ് നല്‍കി. കെ.ടി.ഡി.സിയുടെ ഭാഗത്തുനിന്ന് നടപടി ഇല്ലാതെ വന്നപ്പോഴാണ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കാന്‍ എത്തിയത്. കോര്‍പറേഷന്‍ തയാറാക്കിയ പ്രൊജക്ട് പ്രകാരം ഇവിടെ സ്വന്തമായി കെട്ടിടം പണിയുമെന്നും അതിനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും കോര്‍പറേഷന്‍ റവന്യൂ ഇന്‍സ്പെക്ടര്‍ പി.വി. ശ്രീനിവാസന്‍ അറിയിച്ചു. 25 മുറികളുള്ള കെട്ടിടം തകര്‍ന്നു തുടങ്ങിയതിനാല്‍ വാടകക്കു കൊടുക്കുന്നത് രണ്ടു വര്‍ഷമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കരാര്‍ നീട്ടിനല്‍കിയാല്‍ ലോഡ്ജിങ് അടക്കമുള്ള സൗകര്യമൊരുക്കാമെന്നു കാണിച്ച് 10 കോടിയുടെ പദ്ധതിയാണ് കെ.ടി.ഡി.സി കോര്‍പറേഷനു മുന്നില്‍വച്ചത്. നിലവില്‍ 33,000 രൂപയാണ് വാടകയായി മാസത്തില്‍ നല്‍കുന്നതെങ്കിലും ലോഡ്ജിങ് അടക്കമുള്ള സൗകര്യമുണ്ടായാല്‍ കൂടുതല്‍ വരുമാനമുണ്ടാകുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് അനുവദിക്കാനാകില്ളെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. എത്രയും പെട്ടെന്ന് ഒഴിയുക എന്ന നിര്‍ദേശമാണ് അധികൃതര്‍ മുന്നോട്ടുവച്ചത്. കോര്‍പറേഷന്‍ പരിധിയിലെ കെ.ടി.ഡി.സിയുടെ ഏക യൂനിറ്റാണ് മാനാഞ്ചിറയില്‍ പ്രവര്‍ത്തിക്കുന്നത്. കോര്‍പറേഷന് സ്വന്തമായി ഒരു അതിഥിമന്ദിരമെന്ന നിലയില്‍ 1970ലാണ് ഈ കെട്ടിടം നിര്‍മിച്ചത്. റവന്യു ഓഫിസര്‍മാരായ മനോജ്, ബൈജു, ടൗണ്‍ പൊലീസ് എസ്.ഐ രജീഷിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തത്തെിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.