പാളയം സ്റ്റാന്‍ഡില്‍ മിന്നല്‍പണിമുടക്ക്; യാത്രക്കാര്‍ പെരുവഴിയില്‍

കോഴിക്കോട്: പാളയം സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെടുന്ന ബസ് ജീവനക്കാരുടെ മിന്നല്‍പണിമുടക്കു കാരണം യാത്രക്കാര്‍ വലഞ്ഞു. മാവൂര്‍, മുക്കം, കുന്ദമംഗലം ഭാഗങ്ങളിലൂടെ പോകുന്ന 200ഓളം ബസുകള്‍ നിര്‍ത്തുന്ന പാളയം സ്റ്റാന്‍ഡില്‍ ശനിയാഴ്ച രാവിലെ 9.30ഓടെയാണ് മിന്നല്‍പണിമുടക്ക് നടന്നത്. പാളയം സ്റ്റാന്‍ഡിലേക്ക് പോകുന്ന ദീര്‍ഘദൂര ബസുകള്‍ അരയിടത്തുപാലത്തുനിന്ന് തെക്കോട്ട് തിരിഞ്ഞ് ജയിലിന് പിറകുവശത്തുകൂടി റാം മോഹന്‍ റോഡ്, സ്റ്റേഡിയം ജങ്ഷന്‍, മുതലക്കുളം വഴി പാളയത്തത്തെണമെന്നാണ് ചട്ടം. ഇത് ലംഘിച്ച് മാവൂര്‍ റോഡ് മൊഫ്യൂസില്‍ സ്റ്റാന്‍ഡ് വഴി വന്ന 20ഓളം ബസുകള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തതാണ് സമരത്തിന് കാരണം. സ്കൂള്‍ വിപണിയുടെ തിരക്കില്‍ നഗരത്തിലത്തെിയ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ ഏറെ ബുദ്ധിമുട്ടി. കെ.എസ്.ആര്‍.ടി.സി ബസുകളാണ് ആശ്വാസമായത്. ട്രാഫിക് സി.ഐയുമായി സംസാരിച്ചതിന്‍െറ അടിസ്ഥാനത്തില്‍ ഉച്ചക്ക് ഒരുമണിയോടെയാണ് സമരം പിന്‍വലിച്ചത്. 20ഓളം ബസുകള്‍ പിടികൂടി സ്റ്റേഷനിലത്തെിച്ച് 5000 രൂപ വീതം പിഴയിടുകയായിരുന്നു. പെര്‍മിറ്റ് നിര്‍ദേശങ്ങള്‍ ലംഘിച്ച കുറ്റമാണ് ചുമത്തിയത്. ഇതില്‍ പ്രതിഷേധിച്ച് പാളയത്തുനിന്ന് സര്‍വിസ് നടത്തുന്ന മുഴുവന്‍ ബസുകളും ഓട്ടം നിര്‍ത്തുകയായിരുന്നു. പണിമുടക്കിയ ജീവനക്കാര്‍ ട്രാഫിക് സി.ഐ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാസങ്ങളായി ബസുകള്‍ പുതിയ സ്റ്റാന്‍ഡ് വഴിയാണ് പോവാറുള്ളതെന്നും മുന്നറിയിപ്പില്ലാതെ പിഴയിടുകയായിരുന്നുവെന്നുമാണ് ബസുകാരുടെ പരാതി. അരയിടത്തുപാലത്തുനിന്ന് ബസുകള്‍ പുതിയ സ്റ്റാന്‍ഡിലേക്ക് വരുന്നത് ട്രാഫിക് പൊലീസ് തടയാറുമില്ല. 25 കിലോമീറ്ററില്‍ താഴെ ദൂരം ഓടുന്ന ബസുകള്‍ പുതിയ സ്റ്റാന്‍ഡ് വഴി പോകാമെന്നാണ് പെര്‍മിറ്റിലുള്ളതെന്നും ജീവനക്കാരും ഉടമകളും പറയുന്നു. എന്നാല്‍, ജയില്‍ റോഡ് ഭാഗത്ത് റോഡ് പണി നടക്കുന്നതുകൊണ്ട് മാത്രമാണ് കുറച്ചു മാസങ്ങള്‍ ബസ് തിരിച്ചുവിട്ടതെന്ന് പൊലീസ് അറിയിച്ചു. പ്രതിഷേധിച്ചതിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ് പിഴ ഒഴിവാക്കിക്കൊടുത്തതായി ജീവനക്കാര്‍ പറയുന്നു. പെര്‍മിറ്റ് ഇല്ലാത്ത വാഹനങ്ങള്‍ പുതിയ സ്റ്റാന്‍ഡ് വഴി പോയാല്‍ ശക്തമായ നടപടിയെടുക്കുമെന്നും പാളയത്തേക്കുള്ള ബസുകള്‍ പഴയപടി ജയിലിന് പിറകിലൂടെ റാംമോഹന്‍ റോഡ് വഴി പാളയത്തത്തെണമെന്നും പൊലീസ് നിര്‍ദേശം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.