പരസ്യപ്രചരണം ഇന്ന് അവസാനിക്കും

കോഴിക്കോട്: മാസത്തിലേറെ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ക്ക് ശനിയാഴ്ച അഞ്ചോടെ തിരശ്ശീലവീഴും. ജില്ലയില്‍ 13 മണ്ഡലങ്ങളിലായി മത്സരിക്കുന്ന 120 സ്ഥാനാര്‍ഥികളുടെ വിധി തീര്‍പ്പാക്കാനുള്ള തെരഞ്ഞെടുപ്പിന്‍െറ അവസാനനിമിഷങ്ങളില്‍ ആവേശം അതിരുവിടാതിരിക്കാന്‍ കര്‍ശന നടപടികളാണ് തെരഞ്ഞെടുപ്പ് കമീഷനും പൊലീസും എടുത്തിരിക്കുന്നത്. സംഘര്‍ഷസാധ്യതയും ഗതാഗതക്കുരുക്കും ഭയക്കുന്ന പ്രധാന കവലകളില്‍ കൊട്ടിക്കലാശം ഒന്നിച്ചുനടത്തുന്നത് ഒഴിവാക്കാന്‍ ധാരണയായിട്ടുണ്ട്. വിവിധ പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗങ്ങളിലാണ് തീരുമാനം. ഇതത്തേുടര്‍ന്ന് കൊട്ടിക്കലാശത്തിന് തലേന്നാളായ വെള്ളിയാഴ്ച പ്രചാരണ പരിപാടികള്‍ തകര്‍ത്തു. മിക്ക മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളുടെ റോഡ് ഷോകള്‍ വെള്ളിയാഴ്ചയായിരുന്നു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എല്‍.ഡി.എഫിന് വേണ്ടിയും രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് യു.ഡി.എഫിന് വേണ്ടിയും കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ്പ്രഭു എന്‍.ഡി.എക്കും വെള്ളിയാഴ്ച ജില്ലയില്‍ പട നയിക്കാനിറങ്ങി. ശനിയാഴ്ച നേതാക്കളുടെ പരിപാടികളേക്കാളുപരി ആവേശം ആളിക്കത്തിക്കുന്ന പ്രചാരണവുമായി ഇറങ്ങാനാണ് മുന്നണികളുടെ തീരുമാനം. ബേപ്പൂരില്‍ കൊട്ടിക്കലാശവേദിയായ ഫറോക്ക് ടൗണില്‍ പ്രകടനം പലഭാഗത്തായി നടത്താന്‍ ധാരണയായിട്ടുണ്ട്. കുന്ദമംഗലം ടൗണില്‍ നാലു മണിയോടെ പ്രചാരണം നിര്‍ത്താമെന്ന ധാരണയുണ്ടാക്കാന്‍ ബി.ജെ.പി എതിര്‍പ്പ് കാരണം കഴിഞ്ഞിട്ടില്ളെങ്കിലും പൊലീസ് രാത്രിയും ശ്രമംതുടരുന്നു. കാരന്തൂര്‍, പന്തീര്‍പാടം എന്നിവിടങ്ങളും കൊട്ടിക്കലാശ വേദിയാകും. ബാലുശ്ശേരി ടൗണില്‍ കൊട്ടിക്കലാശം ഒഴിവാക്കാന്‍ ധാരണയായിട്ടുണ്ട്. അത്തോളി, നടുവണ്ണൂര്‍ അങ്ങാടികളിലും പ്രകടനങ്ങളുണ്ടാകും. കുറ്റ്യാടി, വടകര, നാദാപുരം, പേരാമ്പ്ര ടൗണുകളിലും പ്രകടനങ്ങള്‍ നിയന്ത്രിക്കാന്‍ ധാരണയായിട്ടുണ്ട്. കൊയിലാണ്ടിയില്‍ ദേശീയപാതയോരത്തുള്ള കൊയിലാണ്ടി ടൗണ്‍, കൊല്ലം, ചെങ്ങോട്ടുകാവ് എന്നിവിടങ്ങളില്‍ പ്രകടനം ഒഴിവാക്കും. പേരാമ്പ്രയില്‍ സംസ്ഥാനപാതയില്‍ രണ്ടു മണിക്കുശേഷം പ്രകടനങ്ങള്‍ നടത്തില്ല. മേപ്പയൂരില്‍ നാലിനുശേഷം പ്രകടനം ഒഴിവാക്കാനാണ് ധാരണ. എലത്തൂര്‍ മണ്ഡലം കൊട്ടിക്കലാശം എലത്തൂര്‍, കക്കോടി അങ്ങാടികളില്‍ നടക്കും. ബിഹാര്‍ മന്ത്രി നിതീഷ്കുമാര്‍, ഓസ്കര്‍ ഫെര്‍ണാണ്ടസ്, എ.ഐ.സി.സി സെക്രട്ടറി ദീപക് ബാസരിയാ, വി.എം. സുധീരന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ യു.ഡി.എഫിനായും സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, സുഭാഷിണി അലി, വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, എം.എ. ബേബി തുടങ്ങിയവര്‍ ഇടതുമുന്നണിക്കായും അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ, നടന്‍ സുരേഷ് ഗോപി തുടങ്ങിയവര്‍ എന്‍.ഡിഎക്കായും പ്രചാരണത്തിനത്തെി. രാഹുല്‍ ഗാന്ധി, എ.കെ. ആന്‍റണി, ശരദ് പവാര്‍, അഖിലേഷ് യാദവ് എന്നിവര്‍ വരുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും എത്തിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.