കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ആവേശക്കൊടുമുടി കേറുമ്പോള്‍ നഗരത്തിന്‍െറ കാതുകളില്‍ പെരുമ്പറ മുഴക്കാന്‍ നാസിക് ദോള്‍ ബാന്‍ഡും രംഗത്തിറങ്ങും. വോട്ട് ആര്‍ക്കെന്നോ ആരു ജയിക്കുമെന്നോ എന്നു നോക്കാതെ എല്ലാ പാര്‍ട്ടിക്കാരും നാസിക് ബീറ്റ്സ് സംഘത്തെ പ്രചാരണത്തിനിറക്കുകയാണ്. ചടുലതാളങ്ങളും ദ്രുതചലനങ്ങളും കാതടപ്പിക്കുന്ന ശബ്ദവുമാണ് ഈ കലാരൂപത്തിന്‍െറ പ്രത്യേകത. അതുകൊണ്ടുതന്നെ പ്രചാരണരംഗത്ത് ഓളംതീര്‍ക്കാന്‍ എല്ലാ പാര്‍ട്ടിക്കാരും നാസിക് ദോള്‍ അവതരിപ്പിക്കുന്ന സംഘങ്ങളെ ഏറ്റെടുത്തുകഴിഞ്ഞു. സാധാരണ ബാന്‍ഡ് മേളങ്ങളും ചെണ്ടമേളങ്ങളും കൊഴുപ്പേകിയിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലെ ആവേശമാണ് ഇപ്പോള്‍ നാസിക് ബീറ്റ്സിന് വഴിമാറിയിരിക്കുന്നത്. സാധാരണ ബാന്‍ഡ്സെറ്റിലെപ്പോലെ കുഴല്‍ വാദ്യങ്ങളോ നാദസ്വരങ്ങളോ ഉണ്ടാവില്ല. എന്നാല്‍ ബാന്‍ഡ്സെറ്റിനേക്കാളും ചെണ്ടമേളത്തേക്കാളും ഉയര്‍ന്ന ഇതിന്‍െറ ശബ്ദവും താളവും വളരെപ്പെട്ടെന്നുതന്നെ ജനങ്ങളെ ആവേശഭരിതരാക്കും. ബേസ് ഡ്രംസ്, ദോള്‍, ബുള്ളറ്റ് ദോള്‍ എന്നിവയാണ് ഇതിലുപയോഗിക്കുന്ന പ്രധാന വാദ്യോപകരണങ്ങള്‍. പഞ്ചാബിലെ ഭാംഗ്ര നൃത്തത്തിന്‍െറ താളമാണ് നാസിക് ദോളില്‍ ഏറെയും ഉപയോഗിക്കുന്നത്. ഇതുകൂടാതെ ഡപ്പാംകൂത്ത്, ശിങ്കാരിമേളം എന്നീ താളങ്ങളും, നാസിക് ബീറ്റ്സ് കലാകാരന്മാര്‍ സ്വന്തമായി ഒരുക്കുന്ന വിവിധ താളങ്ങളും കേള്‍ക്കാം. വലിയ ശബ്ദത്തില്‍ ഒരേതാളത്തിലാണ് ദോള്‍ അവതരിപ്പിക്കുന്നത്. ചെറിയ താളത്തില്‍ തുടങ്ങി മുറുക്കം വര്‍ധിച്ച്, താളം ഉച്ചസ്ഥായിയിലത്തെുമ്പോള്‍ കണ്ടുനില്‍ക്കുന്നവരും അറിയാതെ താളം പിടിച്ചുപോവും. കൊട്ടിനൊപ്പം കലാകാരന്മാരുടെ ചുവടുവെപ്പുകളും ആകര്‍ഷണീയമാണ്. ചെണ്ടയില്‍നിന്ന് വ്യത്യസ്തമായി സ്റ്റീലിന്‍െറ ബോഡിയും ഫൈബര്‍ ബേസുമാണ് ഡ്രംസിനുള്ളത്. ഫൈബറില്‍ നിര്‍മിച്ച ബേസാണ് ശബ്ദത്തിന്‍െറ തീവ്രത കൂട്ടുന്നത്. ഉത്തരേന്ത്യന്‍ മാതൃകയില്‍ കല്യാണം, ഉത്സവങ്ങള്‍ തുടങ്ങിയ ആഘോഷങ്ങളിലെല്ലാം ഇപ്പോള്‍ മേളക്കൊഴുപ്പ് തീര്‍ക്കാനായി നാസിക് ബീറ്റ്സ് സജീവസാന്നിധ്യമായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അടുത്തകാലത്തായി ഒഴിച്ചുകൂടാനാവാത്ത ഇനമാണിത്. കൊട്ടിക്കലാശമുള്‍പ്പെടെ പ്രചാരണത്തിന്‍െറ അവസാനനാളുകളില്‍ മാത്രമല്ല, മേയ് 19ന് തെരഞ്ഞെടുപ്പുഫലം വന്നാലും സംഘത്തിന് തിരക്കേറുമെന്ന് നടക്കാവിലെ നാസിക് ദോള്‍ സംഘത്തിലെ നിധിന്‍ ജോണ്‍ പറയുന്നു. നിധിനെക്കൂടാതെ കൂട്ടുകാരായ വിപുല്‍രാജ്, ജിതിന്‍, വിഷ്ണുപ്രശാന്ത്, അഭിജിത്, റിതിന്‍, അര്‍ജുന്‍, താരാചന്ദ്, ആല്‍വിന്‍ ബൈജു എന്നിവരും സംഘത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.