മണാശ്ശേരിയില്‍ 30ഓളം കിണറുകളില്‍ ജലവിതാനം അസ്വാഭാവികമായി ഉയര്‍ന്നു

മുക്കം: മണാശ്ശേരിയില്‍ 30ഓളം കിണറുകളില്‍ ജലവിതാനം അസ്വാഭാവികമായി ഉയര്‍ന്നതോടെ വീട്ടുകാര്‍ ആശങ്കയില്‍. വേനലില്‍ നാട് മുഴുവന്‍ ജലം ലഭിക്കാതെ വലയുമ്പോഴാണ് ഇത്തരമൊരു പ്രതിഭാസം. ഇതു സംബന്ധിച്ച് സി.ഡബ്ള്യു.ആര്‍.ഡി.എമ്മിലെ ശാസ്ത്രജ്ഞസംഘം വ്യാഴാഴ്ച പ്രാഥമിക പഠനം നടത്തി. പ്രദേശത്തെ 20 കിണറുകളാണ് പരിശോധിച്ചത്. 11 കിണറുകളിലെ വെള്ളം സാമ്പിള്‍ ശേഖരിച്ചു. ജലവിതാനം ഉയര്‍ന്നുനില്‍ക്കുന്നതിനാലും മാലിന്യം കലര്‍ന്നതായി സംശയിക്കുന്നതിനാലും തിളപ്പിച്ച് മാത്രമേ ഉപയോഗിക്കാവൂ എന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മലിനീകരണ സാധ്യത കണ്ടത്തെുന്നതിന്‍െറ ഭാഗമായി പ്രദേശത്തിന്‍െറ 100 മീറ്റര്‍ പരിധിക്കകത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ മെഡിക്കല്‍ കോളജിലെ മലിനജല സംസ്കരണ പ്ളാന്‍റിന്‍െറ കാര്യക്ഷമതയും പരിശോധനക്ക് വിധേയമാക്കി. ഇവിടെ നിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍െറ സാമ്പിളും ശേഖരിച്ചു. ഡോ. മാധവന്‍ കോമത്ത് (ജലഗുണനിലവാര വിഭാഗം), ഡോ. പി.ആര്‍. അരുണ്‍ (ഭൂഗര്‍ഭ ജലവിഭാഗം), മുക്കം മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, റെസി. അസോ. ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മെഡി.കോളജ് പ്രതിനിധികളുമായി സംഘം സംസാരിച്ചു. പ്രദേശത്തെ ഭൂമിയിലെ സ്വാഭാവിക ജലവിതാനം, കിണറുകളിലെ വെള്ളത്തിന്‍െറ ഗുണനിലവാരം എന്നിവ സംബന്ധിച്ച് വിശദമായ പഠനം ആവശ്യപ്പെട്ട് മുക്കം മുനിസിപ്പല്‍ ചെയര്‍മാന്‍ സി.ഡബ്ള്യൂ.ആര്‍.ഡി.എം എക്സിക്യൂട്ടിവ് ഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. അസ്വാഭാവികമായി കിണറുകളില്‍ ജലം നിറയുന്നു എന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മണാശ്ശേരി സാന്ദ്രം റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ നഗരസഭാ അധികൃതര്‍ക്ക് കഴിഞ്ഞ മാസം പരാതി നല്‍കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.