ഗ്രീന്‍ പ്രോട്ടോകോള്‍ ഫലംകണ്ടില്ല; നാടു നിറഞ്ഞ് ഫ്ളക്സ് ബോര്‍ഡുകള്‍

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതിസൗഹൃദമാക്കാന്‍ ജില്ലാ ഭരണകൂടം മുന്നോട്ടുവെച്ച ഗ്രീന്‍ പ്രോട്ടോകോള്‍ ഫലംചെയ്തില്ല. ഇതോടെ നാടെങ്ങും ഫ്ളക്സ്മയമായി. കവലകള്‍, ജങ്ഷനുകള്‍, റോഡരികുകള്‍ എന്നിവിടങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തെതുടര്‍ന്നുള്ള മാലിന്യങ്ങളും നിറഞ്ഞു. ഓരോ മണ്ഡലത്തിലും ആയിരത്തിലേറെ ഫ്ളക്സ് ബോര്‍ഡുകളാണ് ഓരോ പാര്‍ട്ടിയുടെ പേരിലും വെക്കുന്നത്. അഞ്ചും ആറും സ്ഥാനാര്‍ഥികള്‍ മത്സരിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതോടെ അന്തരീക്ഷം ഫ്ളക്സ്മയമാകും. മത്സരം കടുക്കുന്ന ഇടങ്ങളില്‍ ഇതിന്‍െറ എണ്ണം പല മടങ്ങാകും. കൊടുവള്ളിയില്‍ മത്സരിച്ചാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. ചില സ്ഥാനാര്‍ഥികള്‍ തുണികൊണ്ടുള്ള ബാനറുകള്‍ ഉപയോഗിച്ചെങ്കിലും വ്യാപകമാക്കിയില്ല. ജില്ലാ ഭരണകൂടത്തിന്‍െറ മുകളില്‍നിന്നുള്ള നിര്‍ദേശം എന്നതിലപ്പുറം കാര്യമായ മുന്നൊരുക്കങ്ങള്‍ ഇല്ലാതെ നടപ്പാക്കിയതിനാലാണ് പദ്ധതി വിജയം കാണാതിരുന്നതെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പറയുന്നു. മറ്റു പാര്‍ട്ടികള്‍ ഫ്ളക്സ്ബോര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ എങ്ങനെ തങ്ങള്‍ മാത്രം മാറിനില്‍ക്കും എന്നാണ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ചോദിക്കുന്നത്. മാത്രമല്ല, ഇത്തരമൊരു നിര്‍ദേശം മുന്നില്‍ വെക്കുമ്പോഴേക്കും പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു ഘട്ടം പിന്നിട്ടിരുന്നതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പ്ളാസ്റ്റിക്കുകളും ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന വസ്തുക്കളും ഒഴിവാക്കുക, പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ മാത്രം ഉപയോഗിക്കുകയും മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്യുക, ഓഫിസുകള്‍, ഓഡിറ്റോറിയങ്ങള്‍, പൊതുസ്ഥലങ്ങള്‍, നടപ്പാതകള്‍ എന്നിവിടങ്ങളിലെ മാലിന്യം യഥാസമയം ശേഖരിച്ച് സംസ്കരിക്കുക, വാഹനങ്ങള്‍ ഉപയോഗിച്ചുള്ള പ്രചാരണങ്ങളില്‍ തുണി, മുള, മറ്റു പരിസ്ഥിതിസൗഹൃദ വസ്തുക്കള്‍കൊണ്ടുള്ള ബാനറുകളും ബോര്‍ഡുകളും ഉപയോഗിക്കുക, പോളിങ് സ്റ്റേഷനുകളിലും മറ്റും പാക്കറ്റുകളിലാക്കിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയത്. പോളിങ് സ്റ്റേഷനും പരിസരവും എന്‍.സി.സി കേഡറ്റുകളെ ഉപയോഗിച്ച് വൃത്തിയാക്കുകയും ഇവിടെ പരമാവധി പ്ളാസ്റ്റിക്രഹിത വസ്തുക്കള്‍ ഉപയോഗിക്കാനുള്ള തീരുമാനം പ്രായോഗികമായി നടപ്പാക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷ. നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയില്ലാത്തതും പദ്ധതി വിജയിക്കാന്‍ തടസ്സമാണ്. 13 മണ്ഡലങ്ങളിലും ആന്‍റി ഡീഫേസ്മെന്‍റ് സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവര്‍ കൈയേറിയുള്ള പ്രചാരണങ്ങള്‍ക്കെതിരെ മാത്രമാണ് നടപടിയെടുക്കുന്നത്. കഴിഞ്ഞ ദിവസം വരെ 1479 ബോര്‍ഡുകള്‍, 6923 ബാനറുകള്‍, 4821 പതാകകള്‍, 24887 പോസ്റ്ററുകള്‍ എന്നിവയാണ് സ്ക്വാഡ് നീ ക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.