എം.കെ. മുനീറിനുവേണ്ടി അനുമതിയില്ലാതെ സ്ഥാപിച്ച പോസ്റ്ററുകള്‍ സ്ക്വാഡ് പിടിച്ചെടുത്തു

കോഴിക്കോട്: സൗത് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ. മുനീറിനുവേണ്ടി അനുമതിയില്ലാതെ സ്ഥാപിച്ച പ്രചാരണ പോസ്റ്ററുകള്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ നിരീക്ഷണസംഘം പിടിച്ചെടുത്തു. ക്ളബുകളുടെ നേതൃത്വത്തില്‍ ബീച്ചില്‍ സംഘടിപ്പിച്ച പട്ടംപറത്തലിനിടെ സ്ഥാനാര്‍ഥി എം.കെ. മുനീറിന്‍െറ ചിത്രം ഉപയോഗിച്ചതിനെതിരെയാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (എം.സി.എം.സി) നടപടി. ശനിയാഴ്ച വൈകുന്നേരമാണ് നോര്‍ത് എം.സി.എം.സി സ്ക്വാഡിന്‍െറ നേതൃത്വത്തില്‍ നടപടിയെടുത്തത്. മൂന്നു ഫ്ളക്സുകള്‍ സ്ക്വാഡ് പിടിച്ചെടുത്തെങ്കിലും മുനീറിന്‍െറ ചിത്രത്തോടുകൂടി ചടങ്ങില്‍ പറപ്പിച്ച നൂറുകണക്കിന് പട്ടങ്ങള്‍ പിടിച്ചെടുത്തില്ല. അനുമതിയില്ലാത്തതിനാല്‍ ഇത്തരം പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന സ്ക്വാഡിന്‍െറ നിര്‍ദേശം സംഘാടകര്‍ അവഗണിക്കുകയായിരുന്നു. അനുമതിയില്ലാതെ വരുന്ന പരസ്യങ്ങള്‍ പെരുമാറ്റച്ചട്ടത്തിന്‍െറ ലംഘനമായി കണക്കാക്കി നടപടിയെടുക്കും. ബള്‍ക്ക് എസ്.എം.എസ്, വോയ്സ് മെസേജ് സംവിധാനങ്ങള്‍ പ്രചാരണത്തിനായി ഉപയോഗിക്കുന്നവരും മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് നിര്‍ദേശമുണ്ട്. ഓണ്‍ലൈന്‍, സോഷ്യല്‍മീഡിയ, മൊബൈല്‍ ഫോണ്‍ വഴിയുള്ള പ്രചാരണങ്ങളും സ്ഥാനാര്‍ഥികളുടെ ചെലവില്‍ ഉള്‍പ്പെടും. ഇവയുടെ കണക്കും കൃത്യമായി സൂക്ഷിക്കാന്‍ നിര്‍ദേശമുണ്ട്. ഇതെല്ലാം ലംഘിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വണ്‍ ഇന്ത്യ കൈറ്റ് ടീം, എ.പി.ജെ. അബദുല്‍ കലാം കൈറ്റ് മൂവ്മെന്‍റ്, ഇന്‍ക്രെഡിബ്ള്‍ ഇന്ത്യ വിമന്‍ കൈറ്റ് ടീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങ് ശശി തരൂര്‍ എം.പി ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.