ആക്രമികളുടെ വോട്ട് വേണ്ടെന്ന് നാദാപുരം സ്ഥാനാര്‍ഥികള്‍

കോഴിക്കോട്: ആക്രമണം നടത്തുകയും ബോംബുണ്ടാക്കുകയും ചെയ്യുന്നവരുടെ വോട്ട് വേണോ വേണ്ടേ... വേണ്ടെന്നാണ് നാദാപുരത്തെ സ്ഥാനാര്‍ഥികള്‍ പറയുന്നത്. ആക്രമികളുടെ വോട്ട് വേണ്ടെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി എം.പി. രാജനും രക്തം ചിന്തിയവരുടെ വോട്ട് ലഭിക്കുന്നതിനേക്കാള്‍ നല്ലത് തോല്‍ക്കുകയാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. കെ. പ്രവീണ്‍ കുമാറും സമാധാനാന്തരീക്ഷം തകര്‍ക്കുന്നത് ഏതെങ്കിലും ഒരു പാര്‍ട്ടിയാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തരുതെന്നും ആക്രമികളുടെ വോട്ട് വേണ്ടന്നും നിലവിലെ എം.എല്‍.എയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ഇ.കെ. വിജയനും പറഞ്ഞു. കോഴിക്കോട് പ്രസ്ക്ളബില്‍ നടന്ന മുഖാമുഖം പരിപാടിയിലാണ് സ്ഥാനാര്‍ഥികള്‍ നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടിഗ്രാമങ്ങളുണ്ടാക്കി നാടിന്‍െറ സമാധാനം തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് പ്രവീണ്‍ കുമാറും പി. ജയരാജന്‍ വടകരയില്‍ എത്തിയതിന്‍െറ ഭീകരതയാണ് നാദാപുരത്ത് അടുത്തിടെയുണ്ടായ ബോംബ് സ്ഫോടനങ്ങളെന്ന് എം.പി. രാജനും പറഞ്ഞു. എന്നാല്‍, ഷിബിന്‍വധത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ക്ക് കാരണം പൊലീസിന്‍െറ വീഴ്ചയാണെന്ന് ഇ.കെ. വിജയനും തുറന്നടിച്ചു. ബോംബ് സ്ഫോടനവും സമാധാനപ്രശ്നങ്ങള്‍ക്കും ശേഷം ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് നാദാപുരത്തെ മാലിന്യപ്ളാന്‍റും സമരവുമായിരുന്നു. മാലിന്യപ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്നും ഇരകളുടെ പ്രശ്നം പരിഹരിക്കുമെന്ന ഇ.കെ. വിജയന്‍ എം.എല്‍.എയുടെ അഭിപ്രായത്തോട് യു.ഡി.എഫ് സ്ഥാനാര്‍ഥിയും എന്‍.ഡി.എ സ്ഥാനാര്‍ഥിയും വിയോജിച്ചു. ശാസ്ത്രീയമായ പഠനമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്ന് പ്രവീണ്‍ കുമാറും നാദാപുരത്തെ മാലിന്യപ്ളാന്‍റ് അശാസ്ത്രീയമായാണ് നിര്‍മിച്ചതെന്നും ഇതിനെതിരെ ജനങ്ങള്‍ നടത്തുന്ന സമരം ന്യായമാണെന്നും എം.പി. രാജനും പറഞ്ഞു. പൊതുവിദ്യാഭ്യാസം, ആരോഗ്യം, പശ്ചാത്തലവികസനം എന്നിവയിലാണ് കഴിഞ്ഞ അഞ്ചുവര്‍ഷം മണ്ഡലത്തില്‍ ഊന്നല്‍നല്‍കിയതെന്ന് ഇ.കെ. വിജയന്‍ എം.എല്‍.എ പറഞ്ഞു. പ്രതിപക്ഷ എം.എല്‍.എ ആയതിനാല്‍ പല ഫണ്ടുകളും വൈകിയാണ് കിട്ടുന്നത്. പല പദ്ധതികളും കരാറെടുക്കാന്‍ ആളില്ലാത്തതിനാല്‍ നിന്നു പോകുകയാണ്. കരാറുകാരെ കിട്ടാത്തതിനാലാണ് ടോം ജോസഫിന്‍െറ വീട്ടിലേക്കുള്ള റോഡ് നന്നാക്കാന്‍ സാധിക്കാത്തതെന്നും 10 ലക്ഷം രൂപയെങ്കിലും ഫണ്ടുണ്ടെങ്കില്‍ റോഡ് നന്നാക്കാമെന്നും ഇ.കെ. വിജയന്‍ പറഞ്ഞു. വികസനത്തേക്കാള്‍ കൂടുതല്‍ നാദാപുരത്ത് സമാധാനവും സൗഹാര്‍ദാന്തരീക്ഷവും നിലനിര്‍ത്തുകയാണ് വേണ്ടതെന്ന് കെ. പ്രവീണ്‍ കുമാര്‍ അഭിപ്രായപ്പെട്ടു. നാദാപുരമെന്ന് കേട്ടാല്‍ പരിഹസിക്കുകയോ അനുകമ്പയോടെ നോക്കുകയോ ചെയ്യുന്ന അവസ്ഥയാണുള്ളത്. ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിന്‍െറ കെട്ടിടനിര്‍മാണത്തിനേക്കാള്‍ വേഗത്തില്‍ ബോംബ് നിര്‍മാണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ പങ്കാളിത്തത്തോടെ ഐ.ടി പാര്‍ക്ക്, ഹൈടെക് അഗ്രികള്‍ചറല്‍ സെന്‍റര്‍ എന്നിവ യാഥാര്‍ഥ്യമാക്കുമെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. മണ്ഡലത്തില്‍ ഇരുമുന്നണികളും മാറിമാറി ഭരിച്ചിട്ടുണ്ടെങ്കിലും വികസനങ്ങള്‍ അപര്യാപ്തമാണെന്നായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ഥി എം.പി. രാജന്‍െറ അഭിപ്രായം. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന മലയോരപ്രദേശങ്ങള്‍ ഇപ്പോള്‍ കുടിവെള്ളമില്ലാതെ വറ്റിവരണ്ടുകിടക്കുകയാണ്. നിരവധി ക്വാറികളാണ് ഇവിടെ അനധികൃതമായി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.