സോഫ്റ്റ്വെയര്‍ തകരാര്‍ പരിഹരിച്ചെങ്കിലും പോസ്റ്റോഫിസ് പ്രവര്‍ത്തനം മന്ദഗതിയില്‍

കോഴിക്കോട്: കോര്‍ബാങ്കിങ് സോഫ്റ്റ് വെയര്‍ തകരാറിനെ തുടര്‍ന്ന് രണ്ടുദിവസം പോസ്റ്റോഫിസ് പ്രവര്‍ത്തനം അവതാളത്തിലായി. ബുധനാഴ്ചയോടെ താല്‍ക്കാലികമായി അറ്റകുറ്റപ്പണി നടത്തിയെങ്കിലും പ്രവര്‍ത്തനം മന്ദഗതിയിലായതിനാല്‍ പൂര്‍വസ്ഥിതിയിലത്തെിയിട്ടില്ല. സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ കേന്ദ്ര സര്‍ക്കാറിന്‍െറ പുതിയ സാമ്പത്തിക പദ്ധതികളില്‍ നിക്ഷേപകരുടെ തിരക്ക് കൂടുതലുണ്ടായിരുന്നു. ആദായ നികുതിയില്‍ ഇളവ് ലക്ഷ്യമാക്കി ദേശീയ സമ്പാദ്യ പദ്ധതിയില്‍ ചേരാനും ഇതര അക്കൗണ്ടുകള്‍ തുടങ്ങാനും ആളുകള്‍ കൂട്ടത്തോടെ എത്തിയതിനെ തുടര്‍ന്ന് ഇത് താങ്ങാനുള്ള ശേഷിയില്ലാതെ സര്‍വര്‍ പണിമുടക്കുകയായിരുന്നു. സാമ്പത്തിക വര്‍ഷത്തിന്‍െറ അവസാന നാളുകളായതിനാല്‍ ആദായ നികുതിയില്‍നിന്നും ഒഴിവാകുന്നതിന് ദേശീയ സമ്പാദ്യ പദ്ധതി സര്‍ട്ടിഫിക്കറ്റ് ലക്ഷ്യമാക്കി നിരവധിപേര്‍ എത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ പുതിയ സമ്പാദ്യപദ്ധതിയുടെ പലിശ കുറച്ചതിനെ തുടര്‍ന്ന് നിലവിലുള്ള പദ്ധതിയില്‍ ചേരാനത്തെിയവരും ധാരാളമായിരുന്നു. സംസ്ഥാനത്തെ 3,500ഓളം വരുന്ന വകുപ്പുതല പോസ്റ്റ് ഓഫിസുകളെയും തകരാര്‍ ബാധിച്ചു. സോഫ്റ്റ്വെയര്‍ പ്രവര്‍ത്തനം സാവധാനത്തിലായതിനാല്‍ കോഴിക്കോട് ഹെഡ്പോസ്റ്റോഫിസില്‍ ബുധനാഴ്ചയും ഉപഭോക്താക്കള്‍ വലഞ്ഞു. വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഐ.ടി ആധുനികീകരണ പദ്ധതിയുടെ ഭാഗമായി 4,900 കോടി രൂപ മുടക്കിയാണ് രാജ്യത്തെമ്പാടുമുള്ള പോസ്റ്റ് ഓഫിസുകളില്‍ കോര്‍ ബാങ്കിങ് സംവിധാനം നടപ്പാക്കിയത്. ഇന്‍ഫോസിസിന്‍െറ ഫിനക്കിള്‍ എന്ന സോഫ്റ്റ്വെയറാണ് ഇതിനായി ഉപയോഗിച്ചത്. ഇതിന്‍െറ ശേഷി പരിശോധിക്കണമെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ച് പരീക്ഷണത്തിനൊന്നും മുതിരാതെ ഒറ്റയടിക്ക് സംവിധാനം നടപ്പാക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.