നഗരത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം

കോഴിക്കോട്: വേനലിനൊപ്പം നഗരത്തിലും സമീപപ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ജനം നെട്ടോട്ടമോടുന്നു. കോര്‍പറേഷന്‍ പരിധിയില്‍തന്നെ ജപ്പാന്‍ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. കോര്‍പറേഷനിലെ എലത്തൂര്‍, ചെട്ടിക്കുളം, എരഞ്ഞിക്കല്‍, പുത്തൂര്‍ എന്നീ പ്രദേശങ്ങളിലെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഒന്നാം വാര്‍ഡായ എലത്തൂരിലെ മാട്ടുവയല്‍ ഭാഗത്താണ് സ്ഥിതി ഏറ്റവും ഗുരുതരം. വടക്കു ഭാഗം കോരപ്പുഴയും പടിഞ്ഞാറ് കടലുമാണ് വാര്‍ഡിന്‍െറ അതിര്. ഇതുകാരണം കിണര്‍ കുഴിച്ചാല്‍ ഉപ്പുവെള്ളമാണ് കിട്ടുക. ചില ഭാഗങ്ങളില്‍ കുഴിച്ചാല്‍ പെട്രോളിയം അംശമാണ് കാണുക. സമീപത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയുടെ സാന്നിധ്യമാണ് ഇതിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനിടയിലെ തോടുകളിലെല്ലാം മലിനജലവും. പൂളാടിക്കുന്നില്‍നിന്നുള്ള കോര്‍പറേഷന്‍ പൈപ്പ്വെള്ളം മാത്രമാണ് നാട്ടുകാര്‍ക്ക് ആശ്രയം. പൂനൂര്‍ പുഴയില്‍നിന്നുള്ള ഈ വെള്ളം മഞ്ഞ നിറത്തിലും ചവര്‍പ്പുള്ളതുമാണ്. ഇതുകാരണം ബക്കറ്റില്‍ ഏറെ നേരം സൂക്ഷിച്ച് തുണികൊണ്ട് അരിച്ചാണ് വീട്ടുകാര്‍ കുടിക്കാനും ഭക്ഷണം പാകംചെയ്യാനും ഉപയോഗിക്കുന്നത്. ഏറെ ക്ഷാമമുണ്ടാകുമ്പോള്‍ തോട്ടിലെ വെള്ളവും ഇതേ രീതിയില്‍ ഉപയോഗിക്കേണ്ട സ്ഥിതിയിലാണ് നാട്ടുകാര്‍. തലച്ചുമടായിപ്പോലും നല്ല കുടിവെള്ളം കൊണ്ടുവരുക ഇവിടെയുള്ളവര്‍ക്ക് അപ്രായോഗികമാണ്. കഴിഞ്ഞ വര്‍ഷം ബക്കറ്റിന് 15 രൂപ തോതിലാണ് ഇവിടെ വെള്ളം വിതരണം ചെയ്തിരുന്നത്. ഇത്തവണ വില ഇനിയും കൂടും. ചെട്ടിക്കുളം വാര്‍ഡിലെ പുതിയനിരത്ത്, ജെട്ടിറോഡ്, അരോത്ത്കുഴി, പാറമ്മല്‍ എന്നിവിടങ്ങളിലെ 1400ഓളം കുടുംബങ്ങളും കുടിവെള്ളത്തിനായി പ്രയാസപ്പെടുകയാണ്. ജപ്പാന്‍ കുടിവെള്ളം അടുത്തെങ്ങും എത്തുമെന്ന പ്രതീക്ഷ നാട്ടുകാര്‍ക്കില്ല. 1979ല്‍ തുടങ്ങിയ കുടിവെള്ള പദ്ധതിയാണ് ആശ്രയം. ഇതാകട്ടെ കൂടുതല്‍ ഉയരമുള്ള സ്ഥലങ്ങളിലേക്ക് എത്തുന്നുമില്ല. വോള്‍ട്ടേജ് ക്ഷാമമാണ് കാരണം. ഇവിടെ ട്രാന്‍സ്ഫോര്‍മര്‍ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും നടപടിയായിട്ടില്ല. വാട്ടര്‍ അതോറിറ്റിയുടെ പൂനൂര്‍പുഴയില്‍നിന്നുള്ള വെള്ളം ലഭിക്കുന്നുണ്ടെങ്കിലും ഇത് ഉപയോഗയോഗ്യമല്ല. എരഞ്ഞിക്കല്‍ വാര്‍ഡിലെ പെരുന്തിരുത്തി, എളാമത്ത്, ചെറുവയല്‍ എന്നിവിടങ്ങളിലും കുടിവെള്ളത്തിനായുള്ള അലച്ചിലാണ്. ജപ്പാന്‍ പദ്ധതിയുടെ പൈപ്പ് എവിടെയെങ്കിലും പൊട്ടുമ്പോള്‍ മാത്രമാണ് വെള്ളം ലഭിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പില്‍നിന്ന് ആഴ്ചയില്‍ മൂന്നു ദിവസംപോലും വെള്ളം ലഭിക്കുന്നില്ല. 450ഓളം കുടുംബങ്ങളാണ് പ്രശ്നം അനുഭവിക്കുന്നത്. ഏപ്രിലാകുന്നതോടെ വാര്‍ഡിലെ രണ്ടായിരത്തോളം കുടുംബങ്ങള്‍ക്കും സമാന സ്ഥിതിയാവുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. 34 ലക്ഷത്തോളം രൂപയാണ് വാട്ടര്‍ അതോറിറ്റിക്കുവേണ്ടി പ്രതിവര്‍ഷം ഗുണഭോക്താക്കള്‍ ഈ വാര്‍ഡില്‍നിന്ന് അടക്കുന്നത്. എന്നാല്‍, കുടിവെള്ളം മാത്രം ലഭിക്കുന്നില്ല. പുത്തൂര്‍ വാര്‍ഡിലും സ്ഥിതി സമാനമാണ്. ഇവിടെ കഴിഞ്ഞയാഴ്ചതന്നെ പല ദിവസങ്ങളിലും കുടിവെള്ളം മുടങ്ങി. പൂളാടിക്കുന്നില്‍നിന്നുള്ള വെള്ളം വൈദ്യുതിമുടക്കം കാരണം നിലച്ചതാണ് കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.