കുന്ദമംഗലം വെച്ചുമാറല്‍: യൂത്ത് ലീഗില്‍ അസ്വസ്ഥത

കോഴിക്കോട്: കുന്ദമംഗലം മണ്ഡലം കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം യൂത്ത് ലീഗിലെ അസ്വസ്ഥത പൊട്ടിത്തെറിയുടെ വക്കില്‍. ശനിയാഴ്ച പൂവാട്ടുപറമ്പില്‍ ചേര്‍ന്ന യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍ ലീഗ് മണ്ഡലം ജില്ലാ ഭാരവാഹികള്‍ക്കെതിരെയും യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്‍റ്, സെക്രട്ടറി എന്നിവര്‍ക്കെതിരെയും ശക്തമായ വിമര്‍ശമുയര്‍ന്നു. 2006ല്‍ മുസ്ലിം ലീഗിലെ യു.സി. രാമന്‍ വിജയിച്ച മണ്ഡലം 2011ല്‍ എല്‍.ഡി.എഫ് സ്വതന്ത്രന്‍ അഡ്വ. പി.ടി.എ. റഹീം പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ലോക്സഭ, ത്രിതല പഞ്ചായത്ത് മത്സരങ്ങളില്‍ വോട്ടിങ് നില എല്‍.ഡി.എഫ് അനുകൂലമാണെങ്കിലും ശക്തമായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ യു.ഡി.എഫിന് പ്രതീക്ഷിക്കാവുന്ന മണ്ഡലമാണ് കുന്ദമംഗലമെന്ന വിലയിരുത്തലിലാണ് ലീഗ്. കുന്ദമംഗലം കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നുവെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍തന്നെ യൂത്ത് ലീഗ് ജില്ലാ, സംസ്ഥാനനേതൃത്വത്തെ ബന്ധപ്പെട്ട് മണ്ഡലം കോണ്‍ഗ്രസിന് വിട്ടുനല്‍കരുതെന്ന് ആവശ്യമുന്നയിച്ചിരുന്നു. പാണക്കാട് ഹൈദരലി തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീര്‍ തുടങ്ങിയവരെ പലതവണ കുന്ദമംഗലം മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികള്‍ ഈ വിഷയത്തില്‍ ബന്ധപ്പെട്ടിരുന്നുവത്രെ. സംസ്ഥാന നേതൃത്വത്തില്‍നിന്ന് അനുകൂലമറുപടി ലഭിച്ചിരുന്നെങ്കിലും പിന്നീട് കോണ്‍ഗ്രസിന് സീറ്റ് വിട്ടുനല്‍കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നാണ് യൂത്ത് ലീഗ് ഭാരവാഹികള്‍ പറയുന്നത്. മണ്ഡലത്തില്‍ യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ അഡ്വ. പി.കെ. ഫിറോസിനെ മത്സരിപ്പിക്കണമെന്നാണ് യൂത്ത് ലീഗിന്‍െറ ആവശ്യം. എന്നാല്‍, എസ്.കെ.എസ്.എസ്.എഫിന്‍െറ പ്രതിഷേധം മുതലെടുത്ത് ലീഗിലെയും യൂത്ത് ലീഗിലെയും ചില ഭാരവാഹികള്‍ പി.കെ. ഫിറോസിനെ മാറ്റിനിര്‍ത്താനാണ് മണ്ഡലം കോണ്‍ഗ്രസിന് വെച്ചുമാറുന്നതെന്ന വിമര്‍ശമുയര്‍ന്നിട്ടുണ്ട്. യൂത്ത് ലീഗിന്‍െറ കുന്ദമംഗലം മണ്ഡലം പ്രധാന ഭാരവാഹികളില്‍ ചിലരും ലീഗ് മണ്ഡലം നേതൃത്വവും ഫിറോസിനെതിരെയുള്ള നീക്കത്തിന് ചൂട്ടുപിടിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതത്തേുടര്‍ന്നാണ് ഒളവണ്ണ, പെരുമണ്ണ, പെരുവയല്‍, മാവൂര്‍, ചാത്തമംഗലം, കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റികള്‍ ജില്ലാ ലീഗ് നേതൃത്വത്തിന് തെരഞ്ഞെടുപ്പ് കഴിയുംവരെ അവധി അപേക്ഷ നല്‍കിയത്. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിലാണെന്ന് മണ്ഡലം നേതൃത്വം തിരിച്ചറിഞ്ഞതോടെയാണ് ശനിയാഴ്ച മണ്ഡലം യോഗം ചേര്‍ന്നത്. യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികള്‍ക്കൊപ്പം എം.എസ്.എഫും മണ്ഡലം കോണ്‍ഗ്രസിന് നല്‍കരുതെന്ന ഉറച്ചനിലപാടിലാണ്. എന്നാല്‍, മണ്ഡലം കോണ്‍ഗ്രസിന് നല്‍കുന്നകാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ളെന്നും പ്രാദേശിക കമ്മിറ്റികളുടെ അഭിപ്രായംമാനിച്ച് സംസ്ഥാന അധ്യക്ഷനാണ് ലീഗിന്‍െറ സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് ഉമ്മര്‍ പാണ്ടികശാല മാധ്യമത്തോട് പറഞ്ഞു. കുന്ദമംഗലം മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികള്‍ സംഘടനാപ്രവര്‍ത്തനങ്ങളില്‍നിന്ന് അവധി ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടില്ളെന്ന് അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.