കോഴിക്കോട്: ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കിയതിലൂടെ തിങ്കളാഴ്ച മുതല്‍ കോഴിക്കോട് ജില്ലയിലെ ആധാരം രജിസ്ട്രേഷന്‍ മുടങ്ങുമെന്ന് ആശങ്ക. ഓണ്‍ലൈന്‍ സംവിധാനം നടപ്പായി ഒരുമാസം കഴിഞ്ഞതോടെ രജിസ്ട്രേഷന്‍ പൂര്‍ണമായും അവതാളത്തിലായിട്ടുണ്ട്. ചാത്തമംഗലം, മാവൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ മോഡം തകരാറിലായതിനാല്‍ ശനിയാഴ്ച രജിസ്ട്രേഷന്‍ നടന്നില്ല. സമാനകാരണത്താല്‍ ജില്ലയിലെ മുഴവന്‍ സബ് രജിസ്ട്രാര്‍ ഓഫിസുകളിലും നടപടി നിലച്ചമട്ടാണ്. അപേക്ഷ സ്വീകരിക്കുന്നത് നിര്‍ത്തിയതിനാല്‍ തിങ്കളാഴ്ച മുതല്‍ ജില്ലയില്‍ പൂര്‍ണമായും രജിസ്ട്രേഷന്‍ നിലക്കും. രാവിലെ പത്തരക്ക് രജിസ്ട്രേഷനുള്ള ടോക്കണ്‍ നല്‍കിയാല്‍തന്നെ വൈകുന്നേരത്തോടെ മാത്രമേ നടപടി പൂര്‍ത്തിയാകൂ. താമരശ്ശേരി താലൂക്കില്‍ കട്ടിപ്പാറ പഞ്ചായത്തും ശിവപുരം വില്ളേജില്‍ മങ്ങാട് ദേശവും വെബ്സൈറ്റില്‍ ഇല്ലാത്തതിനാല്‍ അവിടെ രജിസ്ട്രേഷന്‍ നടത്തുന്നില്ല. ബാധ്യത സര്‍ട്ടിഫിക്കറ്റുകളില്‍ വസ്തുവിവരം ഇല്ലാത്തതുകാരണം ബാങ്കുകളില്‍നിന്നും മറ്റും ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ മടക്കുന്നത് വായ്പ എടുക്കുന്നവര്‍ക്ക് വിനയാകുന്നു. ജില്ല രജിസ്ട്രാര്‍ ഓഫിസിന് പുറമെ 33 സബ്രജിസ്ട്രാര്‍ ഓഫിസുകളാണ് ജില്ലയിലുള്ളത്. ശരാശരി 350ഓളം രജിസ്ട്രേഷനാണ് ദിവസം നടക്കുന്നത്. ഓണ്‍ലൈന്‍ സംവിധാനം തുടങ്ങിയതോടെ മിക്ക ഓഫിസുകളിലും മൂന്നോ നാലോ രജിസ്ട്രേഷനായി ചുരുങ്ങി. സ്ഥലംകൈമാറ്റം, വിവാഹം, മുക്ത്യാര്‍, ഒസ്യത്ത്, ട്രസ്റ്റ് പ്രമാണം, കുടിക്കടം, ആധാരത്തിന്‍െറ സര്‍ട്ടിഫൈഡ് പകര്‍പ്പ് തുടങ്ങിയ രജിസ്ട്രേഷനുകളാണ് പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലായത്. എന്നാല്‍, ജീവനക്കാര്‍ക്കും ആധാരം എഴുത്തുകാര്‍ക്കും മതിയായ പരിശീലനം ഇല്ലാത്തതും അടിസ്ഥാനസൗകര്യം ഒരുക്കാത്തതുമാണ് രജിസ്ട്രേഷന്‍ അവതാളത്തിലാകാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതോടെ, ഇരട്ടിജോലിയാണ് ഉണ്ടായത്. ആധാരം എഴുത്തുകാര്‍ ആധാരം തയാറാക്കി അതിലെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചേര്‍ക്കുകയാണ്. പേള്‍ പബ്ളിക് എന്ന സോഫ്റ്റ്വെയര്‍ വഴി ഓണ്‍ലൈനില്‍ ചേര്‍ക്കുന്ന ആധാരത്തിലെ സംക്ഷിപ്തവിവരങ്ങള്‍ രജിസ്ട്രാര്‍ ഓഫിസില്‍ ഒത്തുനോക്കിയാണ് രജിസ്റ്റര്‍ ചെയ്യുന്നത്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന തീയതിയും സമയവും ടോക്കണ്‍ നമ്പറുമായാണ് രജിസ്ട്രാര്‍ ഓഫിസില്‍ എത്തേണ്ടത്. എന്നാല്‍, ജീവനക്കാര്‍ക്കും ആധാരം എഴുത്തുകാര്‍ക്കും ആവശ്യമായ പരിശീലനം നല്‍കാത്തത് പ്രയാസം സൃഷ്ടിക്കുന്നു. മിക്ക ഓഫിസുകളിലും ആവശ്യത്തിന് കമ്പ്യൂട്ടര്‍പോലും സജ്ജമാക്കാതെയാണ് പുതിയ സംവിധാനം പ്രഖ്യാപിച്ചത്. മാസം മുമ്പാണ് ജില്ലയില്‍ എല്ലായിടത്തും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍വഴിയാക്കിയത്. അതിനും 10 ദിവസം മുമ്പ് ഘട്ടംഘട്ടമായി ഓണ്‍ലൈനാക്കുന്ന പ്രവര്‍ത്തനം നടന്നിരുന്നു. ഈ ഘട്ടത്തിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമുമ്പെ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കിയതാണ് രജിസ്ട്രേഷന്‍ മുടങ്ങാനിടയായത്. നെറ്റ്വര്‍ക് തകരാറാണെന്നും രജിസ്ട്രേഷന്‍ നടക്കില്ളെന്നുമാണ് ജീവനക്കാരുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.