കോഴിക്കോട്: വാക്കല്ല പ്രവൃത്തിയാണ് മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തില്‍ ഉണ്ടാവേണ്ടതെന്ന ശക്തമായ നിലപാടുമായി ആക്ഷന്‍ കമ്മിറ്റി മുന്നോട്ടുവന്നതോടെ റോഡ് വികസനത്തിന് വീണ്ടും ജീവന്‍വെച്ചുതുടങ്ങി. ഏറ്റെടുക്കുന്ന സ്ഥലത്തിന്‍െറ നഷ്ട പ്രതിഫലസംഖ്യ നല്‍കുന്നതിന് അസ്സല്‍ രേഖകള്‍ ഹാജരാക്കാനുള്ള നോട്ടീസ് സ്ഥലമുടമക്ക് ശനിയാഴ്ച ലഭിച്ചു. എന്നാല്‍, 23ന് അസ്സല്‍ രേഖകള്‍ ഹാജരാക്കന്‍ പറയുന്ന നോട്ടീസ് മൂന്നു ദിവസം വൈകി ലഭിച്ചത് അധികൃതരുടെ ഒളിച്ചുകളിയുടെ ഭാഗമാണെന്നാണ് പുതിയ ആക്ഷേപം. തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കുമെന്ന വാര്‍ത്ത വരുന്നതിനുമുമ്പുതന്നെ നടപടിയെടുത്തുവെന്ന് കാണിക്കാനായാണ് അയച്ച തീയതി രേഖപ്പെടുത്താതെ നോട്ടീസ് അയച്ചതെന്നാണ് ആരോപണം. നോട്ടീസ് വൈകിയാണ് ലഭിച്ചതെങ്കിലും ശനിയാഴ്ച അസ്സല്‍ രേഖകള്‍ ഓഫിസില്‍ സ്വീകരിച്ചു. നഗരപാതാവികസന പദ്ധതിയുടെ സ്പെഷല്‍ തഹസില്‍ദാര്‍ (എല്‍.എ) ആണ് നോട്ടീസ് അയച്ചിരിക്കുന്നത്. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം വേഗത്തിലാക്കുമെന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രഖ്യാപനങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രശ്നം ചര്‍ച്ചയാക്കാന്‍ ആക്ഷന്‍ കമ്മിറ്റി യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇത് മാര്‍ച്ച് 24നാണ് പത്രങ്ങളില്‍ വാര്‍ത്തയാകുന്നത്. നോര്‍ത്, സൗത് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പില്‍ റോഡ് വികസനം വിഷയമാക്കുമെന്നായിരുന്നു ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കിയത്. ഇതിനുശേഷമാണ് അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായിരിക്കുന്നത്. നഷ്ടപരിഹാര തുക ലഭിക്കുന്നതിന് ബ്ളോക് നമ്പര്‍ എട്ടിലെ കരുണാകര ഫാര്‍മസിക്ക് സമീപമുള്ള മരക്കാര്‍കണ്ടി യതിരാജിന്‍െറ 0.0224 ഹെക്ടര്‍ ഭൂമിയുടെ ഒമ്പത് അസ്സല്‍ രേഖകള്‍ മാര്‍ച്ച് 23ന് ഹാജരാക്കാനാണ് പറയുന്നത്. അസ്സല്‍ രേഖകള്‍ മാര്‍ച്ച് 23ന് നഗരപാത വികസനപദ്ധതി ഓഫിസില്‍ ഹാജരാക്കണമെന്ന് വ്യക്തമാക്കുന്ന നോട്ടീസ് ഇദ്ദേഹത്തിന് നടക്കാവ് പോസ്റ്റ് ഓഫിസില്‍നിന്ന് ലഭിക്കുന്നത് 26നാണ്. നോട്ടീസ് അയച്ച ദിവസത്തെ പോസ്റ്റ് ഓഫിസ് സീല്‍ തെളിഞ്ഞിട്ടുമില്ല. 24ലെ വാര്‍ത്തക്കുമുമ്പുതന്നെ തങ്ങള്‍ റോഡ് വികസനത്തിനുള്ള നടപടിയെടുത്തുതുടങ്ങി എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് തീയതിയിലെ ഈ മറിമായമെന്നാണ് ആക്ഷേപം. മാനാഞ്ചിറ മുതല്‍ ശിവപുരി ക്ഷേത്രം വരെയുള്ളതാണ് എട്ടാം നമ്പര്‍ ബ്ളോക്. നേരത്തേ ഈ ബ്ളോക് ഏറ്റെടുക്കുന്നതിന് പകരം മാനാഞ്ചിറ-മാവൂര്‍ റോഡ് ഭാഗത്തെ ലൈറ്റ് മെട്രോക്കുള്ള സ്ഥലം ഏറ്റെടുക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ക്രിസ്ത്യന്‍ കോളജിന് സമീപമുള്ള എട്ടാം നമ്പര്‍ ബ്ളോക് ഏറ്റെടുക്കാനുള്ള തീരുമാനവും കൈക്കൊണ്ടുവെന്നാണ് വ്യക്തമാകുന്നത്. റോഡ് വികസനം ബോധപൂര്‍വം വൈകിക്കാനുള്ള ശ്രമം ഇപ്പോഴും നടക്കുന്നുണ്ടെന്ന ആക്ഷന്‍ കമ്മിറ്റിയുടെ പരാതി ശരിവെക്കുന്നതാണ് പുതിയ സംഭവങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.