പട്ടയം കിട്ടിയില്ല; നാലുസെന്‍റ് കോളനിവാസികള്‍ ദുരിതത്തില്‍

കക്കോടി: നാലുസെന്‍റ് കോളനിക്കാര്‍ക്ക് പട്ടയം നല്‍കുമെന്ന വാഗ്ദാനം നിറവേറ്റാത്തതില്‍ പ്രതിഷേധമുയരുന്നു. തങ്ങളെ വഞ്ചിക്കുന്നവരെ തെരഞ്ഞെടുപ്പില്‍ പാഠം പഠിപ്പിക്കാന്‍ തയാറെടുക്കുകയാണ് കോളനിനിവാസികള്‍. എലത്തൂര്‍ നിയോജകമണ്ഡലത്തിലെ കക്കോടി, ചേളന്നൂര്‍, കുരുവട്ടൂര്‍, കാക്കൂര്‍, തലക്കുളത്തൂര്‍ പഞ്ചായത്തിലെ നാലുസെന്‍റ് കോളനികളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് ഇതുമൂലം ആനുകൂല്യങ്ങള്‍ പോലും ലഭിക്കാതെ നട്ടംതിരിയുന്നത്. പട്ടയം ലഭിക്കാത്തതുകൊണ്ട് പൊളിഞ്ഞുവീഴാറായ വീടുകള്‍ പുനര്‍നിര്‍മിക്കാനോ കൈവശാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തതുമൂലം വായ്പയെടുക്കാനോ മറ്റാനുകൂല്യങ്ങള്‍ നേടിയെടുക്കാനോ കഴിയുന്നില്ളെന്ന് കോളനിവാസികള്‍ പറയുന്നു. ഓരോ പഞ്ചായത്തുകളിലും 20നും 30നും ഇടയില്‍ കോളനികള്‍ ഉണ്ട്. ഈ കോളനിവാസികളാണ് ചേരിതുല്യമായ സാഹചര്യത്തില്‍ പൊറുതിമുട്ടുന്നത്. പട്ടയം ലഭിക്കുന്നതിനുവേണ്ടി ഇവര്‍ അപേക്ഷ നല്‍കിയിട്ട് വര്‍ഷങ്ങളായി. പല വീട്ടുകാരും വീട് വിലകൊടുത്ത് വാങ്ങിയവയുമാണ്. പഞ്ചായത്തിന്‍െറ സമ്മതപത്രം കിട്ടിയവരുമുണ്ടത്രെ ഇക്കൂട്ടത്തില്‍. യു.ഡി.എഫ് സര്‍ക്കാറിന് വാഗ്ദാനം നിറവേറ്റാന്‍ കഴിഞ്ഞില്ളെന്ന് എല്‍.ഡി.എഫ് എലത്തൂര്‍ മണ്ഡലം കണ്‍വീനര്‍ മാമ്പറ്റ ശ്രീധരന്‍ പറഞ്ഞു. ഇതുമൂലമാണ് കോളനിക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയാത്തതെന്ന് അദ്ദേഹം പറഞ്ഞു. കോളനിക്കാരുടെ സ്ഥലം അളന്ന് അതിര്‍ത്തി നിര്‍ണയിക്കുന്നതിന് പഞ്ചായത്ത് പ്രമേയം പാസാക്കി സര്‍വേ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ളെന്ന് കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. രാജേന്ദ്രന്‍ പറഞ്ഞു. തങ്ങളുടെ ഉള്ളയിടവും നഷ്ടപ്പെടുമെന്ന ഭീതികൊണ്ടാണത്രേ കാലങ്ങളായി ഇവിടെയുള്ള കോളനിവാസികള്‍ സംഘടിച്ച് പ്രക്ഷോഭത്തിനിറങ്ങാത്തത്. കേരളത്തിലെ പല പഞ്ചായത്തുകളുടെയും വികസനത്തിന് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ എലത്തൂര്‍ നിയോജകമണ്ഡലത്തില്‍ കൊണ്ടുവരുന്നതിന് എം.എല്‍.എ പരാജയപ്പെട്ടതിന്‍െറ ഉദാഹരണമാണ് ലക്ഷംവീട് കോളനികളുടെ ശോച്യാവസ്ഥക്ക് കാരണമെന്ന് യു.ഡി.എഫ് എലത്തൂര്‍ മണ്ഡലം കണ്‍വീനര്‍ ഒ.പി. നസീര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.