എസ്.ഐക്ക് മര്‍ദനമേറ്റ സംഭവം: പൊലീസുകാര്‍ക്കെതിരായ നടപടിയില്‍ അമര്‍ഷം

കോഴിക്കോട്: കണ്‍ട്രോള്‍ റൂം എസ്.ഐ രാജ്മോഹന് നേരെയുള്ള അജ്ഞാതസംഘത്തിന്‍െറ ആക്രമണത്തിന്‍െറ പേരില്‍ സിവില്‍ പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിയെടുത്തതില്‍ സേനയില്‍ അമര്‍ഷം. സേനയിലെ ഇരുസംഘടനകളും തമ്മില്‍ താല്‍ക്കാലികമായി നിലനിന്ന രമ്യത തകര്‍ക്കുന്നതാണ് പുതിയ നടപടി. നേരത്തേ സിവില്‍ പൊലീസ് ഓഫീസറുടെ ആത്മഹത്യയെ തുടര്‍ന്ന് തുടങ്ങിയ ശീതസമരമാണ് വീണ്ടും ശക്തിയാര്‍ജിക്കുന്നത്. അടുത്തിടെ വാഹന പരിശോധനക്കിടെ നടക്കാവില്‍ എസ്.ഐക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒമാരെ തീവ്രപരിശീലനത്തിന് ശിക്ഷിച്ചതാണ് വീണ്ടും ചേരിപ്പോരിനിടയാക്കിയത്. നേരത്തേ ഡി.ജി.പിക്ക് എസ്കോര്‍ട്ട് നല്‍കുന്നതില്‍ വീഴ്ചവരുത്തിയെന്ന് ആരോപിച്ചും സി.പി.ഒമാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചിരുന്നു. സേനയിലെ പൊലീസ് ഓഫിസേഴ്സ് അസോസിയേഷനും പൊലീസ് അസോസിയേഷനും തമ്മിലുള്ള വിഭാഗീയത ആഭ്യന്തര വകുപ്പ് തലത്തില്‍ ചര്‍ച്ചയായതാണ്. എസ്.ഐക്ക് മര്‍ദനമേറ്റ സംഭവത്തില്‍ കുറ്റക്കാരനെ രക്ഷിക്കാനാണ് ഓഫിസേഴ്സ് അസോസിയേഷന്‍ ശ്രമിച്ചതെന്നാണ് പൊലീസ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പറയുന്നത്. ഫെബ്രുവരി 20ന് രാത്രി നടക്കാവ് ഇംഗ്ളീഷ് പള്ളിക്ക് സമീപത്താണ് കണ്‍ട്രോള്‍ റൂം എസ്.ഐ രാജ്മോഹന് നേരെ ആക്രമണമുണ്ടായത്. എസ്.ഐക്ക് മര്‍ദനമേല്‍ക്കുമ്പോള്‍ അതേ ദിവസം ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാര്‍ സഹായിച്ചില്ല എന്നാരോപിച്ചാണ് നടപടി. പക്ഷേ, സംഭവ ദിവസം കണ്‍ട്രോള്‍ റൂം വാഹനത്തില്‍ പരിശോധന നടന്നത് നടക്കാവ് പൊലീസ് സ്റ്റേഷന്‍ ജങ്ഷനിലും എസ്.ഐക്ക് മര്‍ദനമേറ്റത് കിഴക്കേ നടക്കാവിലെ ഇംഗ്ളീഷ് പള്ളിക്ക് സമീപവുമായിരുന്നു. എസ്.ഐ തന്‍െറ സ്വകാര്യ വാഹനത്തില്‍ വരുമ്പോഴാണ് ഇംഗ്ളീഷ് പള്ളി ജങ്ഷനില്‍ ആക്രമണമുണ്ടായതത്രെ. അവിടെ നിന്നും ഓടിയ എസ്.ഐ പൊലീസ് സ്റ്റേഷന്‍ ജങ്ഷനില്‍ എത്തി രക്ഷപ്പെടുകയായിരുന്നു. ഡ്യൂട്ടി സമയത്ത് ഭക്ഷണം കഴിക്കാനായി എസ്.ഐ സ്വന്തം വീട്ടിലേക്ക് പോയതായിരുന്നെന്നും ഇക്കാാര്യം റിപ്പോര്‍ട്ട് ചെയ്യരുതെന്നും സി.പി.ഒമാരോട് നിര്‍ദേശിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പൊലീസുകാര്‍ നേരത്തേ മൊഴി നല്‍കിയതും. എന്നാല്‍, പിന്നീട് സംഭവത്തില്‍ അന്വേഷണം നടത്തിയ ഓഫിസേഴ്സ് അസോസിയേഷന്‍ പൊലീസുകാര്‍ക്കെതിരെ വൈരാഗ്യത്തോടെ റിപ്പോര്‍ട്ട് നല്‍കിയെന്നാണ് അസോസിയേഷന്‍കാരുടെ ആരോപണം. കുറ്റക്കാരനായ എസ്.ഐക്ക് നേരെ ഒരു നടപടിയും ഇല്ലാത്തതും ഇതിന്‍െറ അടിസ്ഥാനത്തിലാണെന്നും അവര്‍ ആരോപിക്കുന്നു. കൊല്ലം സ്വദേശിയായ എസ്.ഐ മലപ്പുറം എസ്.പിയായിരുന്ന ദേബാശിഷ് ബെഹറയോട് അപമര്യാദയായി പെരുമാറിയെന്ന കുറ്റത്തിന് സ്ഥലംമാറ്റം ലഭിച്ചാണ് കോഴിക്കോട്ടത്തെിയത്. വകുപ്പുതല നടപടികളെ തുടര്‍ന്ന് ഇദ്ദേഹം ഇപ്പോഴും എസ്.ഐ ആയി തുടരുകയാണെന്നും പൊലീസുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.