മാലിന്യ പ്ളാന്‍റ്: സമരം തീര്‍ക്കണമെന്നാവശ്യപ്പെട്ട് സി.പി.എം രംഗത്ത്

നാദാപുരം: ഗ്രാമപഞ്ചായത്ത് മാലിന്യപ്ളാന്‍റിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭം കാരണം പ്ളാന്‍റ് പ്രവര്‍ത്തനം നിലച്ചതിനിടയില്‍ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.എം രംഗത്ത്. 15ന് നാദാപുരം പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് സംഘടിപ്പിക്കാന്‍ നാദാപുരം, കല്ലാച്ചി ലോക്കല്‍ കമ്മിറ്റികള്‍ തീരുമാനിച്ചു. ഒരു മാസം മുമ്പ് ആരംഭിച്ച കര്‍മസമിതി പ്രക്ഷോഭത്തിനുശേഷം ആദ്യമായാണ് സി.പി.എം നയം വ്യക്തമാക്കി രംഗത്തുവരുന്നത്. പ്ളാന്‍റ് അടച്ചുപൂട്ടുന്നതുവരെ സമരരംഗത്ത് ഉറച്ചുനില്‍ക്കുമെന്നാണ് നാട്ടുകാരുടെ കര്‍മസമിതി തീരുമാനം. എന്നാല്‍, പ്ളാന്‍റ് അടച്ചുപൂട്ടണമെന്ന ആവശ്യം സി.പി.എം ഇതുവരെ സ്വീകരിച്ചിട്ടില്ല. അതേസമയം, പ്ളാന്‍റിനെതിരായ സമരം കാരണം രൂക്ഷമായ മാലിന്യപ്രശ്നത്തിന് ഗ്രാമപഞ്ചായത്ത് പരിഹാരം കാണണമെന്നാണ് സി.പി.എം ആവശ്യപ്പെടുന്നത്. ഇത് എങ്ങനെയെന്ന് പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നില്ല. സമരസമിതിയുമായി സര്‍വകക്ഷി പ്രതിനിധികള്‍ നേരത്തേ പലവട്ടം നടത്തിയ അനുരഞ്ജന ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. പ്ളാന്‍റ് അടച്ചുപൂട്ടുന്ന നിലപാടൊഴികെ ഏതു വിട്ടുവീഴ്ചക്കും ഗ്രാമപഞ്ചായത്ത് ഭരണസമിതി തയാറാണെങ്കിലും അടച്ചുപൂട്ടല്‍ ഒഴികെയുള്ള ഒത്തുതീര്‍പ്പിന് സമരക്കാര്‍ സന്നദ്ധമല്ല. പ്ളാന്‍റിലേക്ക് മാലിന്യം കൊണ്ടുപോകുന്ന വണ്ടി കഴിഞ്ഞ ഒരു മാസമായി സമരസമിതിക്കാര്‍ ഉപരോധിക്കുന്നതിനാല്‍ മാലിന്യനീക്കം നടക്കുന്നില്ല. കഴിഞ്ഞദിവസം മുതല്‍ സമരം പ്ളാന്‍റിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. പ്ളാന്‍റിനുള്ളില്‍ നേരത്തെയുള്ള മാലിന്യങ്ങള്‍ സംസ്കരിക്കുന്ന പ്രവൃത്തി നടത്തുന്ന തൊഴിലാളികളെ തടഞ്ഞുകൊണ്ടാണ് സമരം ശക്തമാക്കിയത്. സമരസമിതിയും ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഹൈകോടതിയില്‍ കേസ് നല്‍കിയ സാഹചര്യത്തില്‍ കോടതി തീര്‍പ്പുവരെ സമരം തുടരാനാണ് സാധ്യത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.