എളമരം കരീമിന്‍െറ പിന്മാറ്റം: ബേപ്പൂര്‍ ശ്രദ്ധാകേന്ദ്രമാകുന്നു

കോഴിക്കോട്: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം മത്സരിക്കില്ളെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനത്തോടെ ജില്ലയില്‍ ബേപ്പൂര്‍ മണ്ഡലം ശ്രദ്ധാകേന്ദ്രമായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ആദംമുല്‍സിയുമായി കടുത്ത പോരാട്ടത്തിനൊടുവില്‍ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കരീം നിയമസഭയിലത്തെിയത്. ജില്ലയില്‍നിന്നുള്ള ഏക കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയിലും സി.ഐ.ടി.യുവിന്‍െറ സംസ്ഥാന സെക്രട്ടറി, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എന്നീ നിലകളിലും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളിലൊരാളാണ് മുന്‍വ്യവസായ മന്ത്രി കരീം. കരീമിനെ സി.ഐ.ടി.യുടെ കേന്ദ്രനേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാത്രമേ മത്സരരംഗത്തുണ്ടാവൂ എന്നും നേരത്തേ ചര്‍ച്ച ഉണ്ടായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്‍െറ എ. വിജയരാഘവന് ബേപ്പൂര്‍ മണ്ഡലത്തില്‍നിന്ന് കേവലം 1700 വോട്ടിന്‍െറ ഭൂരിപക്ഷം മാത്രമേ ലഭിച്ചിരുന്നുള്ളൂ. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് ഭൂരിപക്ഷത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചു. 5316 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് കരീം കഴിഞ്ഞതവണ ഇവിടെ വിജയിച്ചത്. പോള്‍ ചെയ്ത 78.97 ശതമാനം വോട്ടില്‍ 46.80 ശതമാനം എല്‍.ഡി.എഫും 42.69 ശതമാനം യു.ഡി.എഫും നേടിയ ബേപ്പൂരില്‍ ബി.ജെ.പിയുടെ സംസ്ഥാന നേതാവ് കെ.പി. ശ്രീശന്‍ 8.53 ശതമാനം വോട്ടും നേടിയിരുന്നു. ഇവിടെ 2006ല്‍ എളമരത്തിനെതിരെ മുസ്ലിം ലീഗിലെ ഉമ്മര്‍ പാണ്ടികശാലയായിരുന്നു മത്സരിച്ചത്. അന്ന് 51.60 ശതമാനം വോട്ട് നേടി 19618 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ ജയിച്ച കരീമിന്‍െറ ഭൂരിപക്ഷം അയ്യായിരത്തിലത്തെിയത് പാര്‍ട്ടി കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇത്തവണയും യു.ഡി.എഫ് സ്ഥാനാര്‍ഥി ആദം മുല്‍സിയാണെന്ന കാര്യത്തില്‍ ഏറെക്കുറെ തീരമാനമായ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാവായ കരീമിന് പരാജയമേല്‍ക്കേണ്ടിവരുമോ എന്ന ആശങ്കയും പാര്‍ട്ടി തീരുമാനത്തിന് പിന്നിലുണ്ട്. ബേപ്പൂരില്‍ കരീമിന് പകരം ആരുവരുമെന്ന ചര്‍ച്ച സജീവമായ സാഹചര്യത്തില്‍ മുസഫര്‍ അഹമ്മദിന്‍െറ പേരിനാണ് മുന്‍തൂക്കം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്തില്‍ ലീഗിലെ എം.കെ. മുനീറിനെതിരെ ശക്തമായ മത്സരം കാഴ്ചവെച്ച മുസഫര്‍ അഹമ്മദിന്‍െറ പേര് നേരത്തേ ജില്ലാ നേതൃത്വം അയച്ച പട്ടികയിലുമുണ്ടായിരുന്നു. അതിനിടെ സൗത് മണ്ഡലം ഐ.എന്‍.എല്ലിന് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച മുന്നണിയില്‍ നടക്കുന്നതിനാല്‍ മുസഫറിന്‍െറ കാര്യത്തില്‍ ആശങ്ക ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ബേപ്പൂരിന് വേണ്ടി സി.പി.എം ജില്ലാ കമ്മിറ്റി നല്‍കിയ സ്ഥാനാര്‍ഥി പട്ടികയിലെ എളമരം കരീമിന്‍െറ പേര് നീക്കിയത്. മുസഫര്‍ അഹമ്മദും ആദംമുല്‍സിയും തമ്മിലാണ് മത്സരമെങ്കില്‍ യു.ഡി.എഫിന് ഇപ്പോഴുള്ള മുന്‍തൂക്കം നഷ്ടമാകുമെന്നാണ് പ്രാദേശിക വിലയിരുത്തല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.