കോഴിക്കോട്: കരാറുകാരുടെ ശീതസമരത്തെ തുടര്‍ന്ന് അവതാളത്തിലായ വിശപ്പുരഹിതനഗരം പദ്ധതിക്ക് ഉയിര്‍ത്തെഴുന്നേല്‍പ്പ്. പുതിയ കരാറുകാരനെതിരെ സമ്പാദിച്ച സ്റ്റേ ഹൈകോടതി റദ്ദാക്കിയതോടെയാണ് ദിവസങ്ങളായുള്ള അനിശ്ചിതത്വം നീങ്ങിയത്. സാമൂഹിക സുരക്ഷാമിഷന്‍െറ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെയും അനുബന്ധ ആശുപത്രികളിലെയും ബീച്ച് ആശുപത്രിയിലെയും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിയാണ് വിശപ്പുരഹിതനഗരം. കരാറുകാരന് സ്റ്റേ ലഭിച്ചതോടെ വ്യാഴാഴ്ച ഭക്ഷണത്തിനായി രോഗികള്‍ക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവന്നത് വാര്‍ത്തയായിരുന്നു. ആഹാരം പാകം ചെയ്യാനും വിതരണം ചെയ്യാനുമുള്ള കരാര്‍ ലഭിച്ച തിരൂര്‍ സ്വദേശി സി. സന്തോഷ്കുമാറിനെതിരെ ഇ-ടെന്‍ഡറില്‍ രണ്ടാം സ്ഥാനക്കാരനായിരുന്ന പുതിയങ്ങാടി സ്വദേശി ടി.എം. മുഹമ്മദ് ജാബിര്‍ നല്‍കിയ റിട്ട് പരാതിയിലാണ് സ്റ്റേ ലഭിച്ചത്. മാര്‍ച്ച് ആറു മുതല്‍ ഭക്ഷണം പാകംചെയ്ത് വിതരണം ചെയ്യാനുള്ള അനുമതി നല്‍കിയിരുന്ന സന്തോഷ്കുമാറുമായി കരാറില്‍ ഒപ്പുവെച്ചില്ല എന്ന സാങ്കേതികത്വം പറഞ്ഞാണ് ജാബിര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, ഫെബ്രുവരി 24ന് സന്തോഷ്കുമാറുമായി പദ്ധതിയുടെ സാമൂഹിക സുരക്ഷാമിഷന്‍ കരാര്‍ ഒപ്പുവെച്ചിരുന്നു. സ്റ്റേ ഒഴിവാക്കാനായി സാമൂഹിക സുരക്ഷാമിഷന്‍ സ്പെഷല്‍ പ്ളീഡറായി അഡ്വ. എല്‍വിന്‍ പീറ്ററെ ചുമതലപ്പെടുത്തി. 14ന് പരിഗണിക്കാനിരുന്ന കേസ് വെള്ളിയാഴ്ചതന്നെ പരിഗണിക്കുകയും കരാര്‍ വെച്ചതുമായി ബന്ധപ്പെട്ട ശരിയായ വിവരങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഹൈകോടതി സ്റ്റേ ഉത്തരവ് നീക്കുകയായിരുന്നു. വെള്ളിയാഴ്ച താല്‍ക്കാലിക കരാറുകാരെ വെച്ചാണ് ഭക്ഷണം തയാറാക്കിയത്. പാവപ്പെട്ട രോഗികള്‍ക്കുള്ള ഭക്ഷണവിതരണം നടത്തുന്ന പദ്ധതി തകര്‍ക്കാനുള്ള ശ്രമമാണ് ഇതോടെ ഇല്ലാതായതെന്ന് സാമൂഹിക സുരക്ഷാമിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ടി.പി. അഷറഫ് പറഞ്ഞു. വിശപ്പുരഹിതനഗരം പദ്ധതിയില്‍ മെഡിക്കല്‍ കോളജില്‍ ദിവസവും ഏകദേശം 2000 പേര്‍ക്കും ബീച്ച് ആശുപത്രിയില്‍ 400 പേര്‍ക്കും ഭക്ഷണം നല്‍കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.