കോഴിക്കോട്: ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക സംബന്ധിച്ച് സാമാന്യ ധാരണയായി. കോണ്‍ഗ്രസ് മണ്ഡലങ്ങളായ നാദാപുരം, കൊയിലാണ്ടി, കോഴിക്കോട് നോര്‍ത്, ബേപ്പൂര്‍, ബാലുശേരി എന്നീ അഞ്ച് മണ്ഡലങ്ങളിലേക്കാണ് കെ.പി.സി.സി ഉപസമിതി പട്ടിക തയാറാക്കിയത്. ഇവയില്‍ നാല് പേരുകള്‍ക്കാണ് ഏറെ സാധ്യത. വെച്ചുമാറണമെന്ന ആവശ്യമുയര്‍ന്ന കുറ്റ്യാടി- നാദാപുരം, കുന്ദമംഗലം- ബാലുശേരി മണ്ഡലം സംബന്ധിച്ച് യു.ഡി.എഫില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. തിരുവമ്പാടിക്ക് വേണ്ടിയും കോണ്‍ഗ്രസില്‍നിന്നും താമരശ്ശേരി രൂപതയില്‍നിന്നും സമ്മര്‍ദമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കെ.പി.സി.സി പ്രാഥമിക പട്ടിക എ.ഐ.സി.സിക്ക് അയച്ചത്. എ, ഐ ഗ്രൂപ് വീതംവെപ്പും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ പട്ടികയുമടക്കം ഓരോ മണ്ഡലത്തിലേക്കും നാലും അഞ്ചും പേരുടെ പാനല്‍ ആണ് ഐ.ഐ.സി.സിയുടെ സ്ക്രീനിങ് കമ്മിറ്റിക്ക് അയച്ചത്. ഇടതുമുന്നണിക്ക് ആധിപത്യമുള്ള കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങള്‍ പരസ്പരം വെച്ചുമാറണമെന്നാണ് മുന്നണി ചര്‍ച്ച. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടിയില്‍ സി.പി.എമ്മിലെ കെ.കെ ലതിക 6972 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് മുസ്ലിംലീഗിലെ സൂപ്പി നരിക്കാട്ടേരിയെ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് സീറ്റായിരുന്ന നാദാപുരത്ത് സി.പി.ഐയുടെ ഇ.കെ. വിജയന്‍ 7546 വോട്ടിന്‍െറ ഭൂരിപക്ഷത്തിന് വി.എം. ചന്ദ്രനെയും പരാജയപ്പെടുത്തിയിരുന്നു. ഈ രണ്ട് മണ്ഡലങ്ങളും തമ്മില്‍ വെച്ചുമാറണമെന്നാണ് ആവശ്യം. കുറ്റ്യാടി, നാദാപുരം സീറ്റുകളിലൊന്നില്‍ ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബുവിനാണ് മുന്‍തൂക്കം. ഇതിനു പുറമെ കെ. പ്രവീണ്‍കുമാര്‍, വി.എം. ചന്ദ്രന്‍, ഐ. മൂസ എന്നിവരുടെ പേരും പട്ടികയിലുണ്ട്. പി.എം. സുരേഷ്ബാബു, കെ.സി. അബു, പി. ശങ്കരന്‍, വിദ്യാ ബാലകൃഷ്ണന്‍, പി.വി. ഗംഗാധരന്‍ എന്നിവരടങ്ങുന്ന അഞ്ച് പേരുടെ പട്ടികയാണ് കോഴിക്കോട് നോര്‍ത്തിന് വേണ്ടി സമര്‍പ്പിച്ചത്. ഇതില്‍ സുരേഷ്ബാബുവിനാണ് അന്തിമ സാധ്യത. സി.പി.എമ്മിലെ എ. പ്രദീപ്കുമാര്‍ 8998 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിലെ പി.വി. ഗംഗാധരനെ കഴിഞ്ഞ തവണ പരാജയപ്പെടുത്തിയത്. സിറ്റിങ് എം.എല്‍.എ പ്രദീപ്കുമാറാണ് ഇവിടെ സ്ഥാനാര്‍ഥിയെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. സി.പി.എമ്മിലെ മുതിര്‍ന്ന നേതാവ് എളമരം കരീമിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ആദം മുല്‍സിയുടെ പേരിനാണ് ബേപ്പൂരില്‍ മുന്‍ഗണന. ഗ്രൂപ്പുകള്‍ക്കതീതമായി രാഹുല്‍ ബ്രിഗേഡിലെ അംഗമാണ് മുല്‍സി. പി.എം. നിയാസ്, പി.എം. സുരേഷ്ബാബു, കെ.സി. അബു എന്നിവരുടെ പേരും സമര്‍പ്പിച്ച പട്ടികയിലുണ്ട്. 5316 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് കരീം കഴിഞ്ഞ തവണ ഇവിടെ വിജയിച്ചത്. പോള്‍ ചെയ്ത 78.97 ശതമാനം വോട്ടില്‍ 46.80 ശതമാനം എല്‍.ഡി.എഫും 42.69 ശതമാനം യു.ഡി.എഫും നേടിയ ബേപ്പൂരില്‍ ബി.ജെ.പിയുടെ സംസ്ഥാന നേതാവ് കെ.പി ശ്രീശന്‍ 8.53 ശതമാനം വോട്ടും നേടിയിരുന്നു. കൊയിലാണ്ടിയില്‍ കെ. ദാസന്‍ എം.എല്‍.എക്കെതിരെ എന്‍. സുബ്രഹ്മണ്യന്‍ മത്സരിക്കാനാണ് സാധ്യത. കെ.പി. അനില്‍കുമാറിന്‍െറ പേരും ഒപ്പം സജീവമായുണ്ട്. കെ. പ്രവീണ്‍കുമാര്‍, കെ.സി. അബു, യു. രാജീവന്‍ എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍. കെ.പി. അനില്‍കുമാറിനെതിരെ സി.പി.എമ്മിന്‍െറ കെ. ദാസന്‍ 4139 വോട്ടിന്‍െറ വിജയമാണ് കഴിഞ്ഞ തവണ നേടിയത്. ഇത്തവണയും ദാസനായിരിക്കും ഇവിടെ എല്‍.ഡി.എഫ് സഥാനാര്‍ഥി. പിന്നാക്ക സംവരണ സീറ്റായ ബാലുശേരിയിലേക്ക് ഉപസമിതി നല്‍കിയ പട്ടികയില്‍ വി.ടി. സുരേന്ദ്രന്‍, കെ.വി. സുബ്രഹ്മണ്യന്‍, ഇ.വി. ഗോപാലന്‍, പി.കെ. സുപ്രന്‍ എന്നിവരുടെ പേരുകളാണുള്ളത്. ബാലുശേരിയും കുന്ദമംഗലവുമായി വെച്ചുമാറണമെന്ന അഭിപ്രായം മുന്നണിയില്‍ തുടക്കത്തിലേ ഉയര്‍ന്നതാണ്. 2011ല്‍ സി.പി.എമ്മിന്‍െറ പുരുഷന്‍ കടലൂണ്ടി 8882 വോട്ടിന്‍െറ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിലെ എ. ബലറാമിനെ പരാജയപ്പെടുത്തിയ മണ്ഡലമാണിത്. അടുത്തിടെ നടന്ന പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍െറ സിറ്റിങ് സീറ്റ് ബി.ജെ.പി പിടിച്ചെടുത്തതും നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വാധീനിച്ചേക്കുമെന്ന ആശങ്ക കോണ്‍ഗ്രസ് കേന്ദ്രങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.