പി.ടി. ഉഷക്ക് വീടുവെക്കാന്‍ സ്കൂള്‍ കളിസ്ഥലം: ബാലാവകാശ കമീഷന്‍ ഇന്ന് തെളിവെടുക്കും

കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളിന്‍െറ കളിസ്ഥലത്ത് 10 സെന്‍റ് സ്ഥലം പി.ടി. ഉഷക്ക് വീട് പണിയാന്‍ നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ സംസ്ഥാന ബാലാവകാശ കമീഷന്‍ ഇടപെടുന്നു. സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് നല്‍കിയ പരാതിയില്‍ കമീഷനംഗം നസീര്‍ ചാലിയം ബുധനാഴ്ച ഗ്രൗണ്ടില്‍ തെളിവെടുപ്പ് നടത്തും. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നിവരില്‍ നിന്ന് കമീഷന്‍ വിശദീകരണം തേടിയേക്കും. കഴിഞ്ഞ ദിവസമാണ് പി.ടി. ഉഷക്ക് നഗരത്തില്‍ വീട് വെക്കാനായി 10സെന്‍റ് അനുവദിച്ചത്. നഗരത്തില്‍ വീടുവെക്കാന്‍ 20 സെന്‍റ് സ്ഥലം സൗജന്യമായി അനുവദിക്കണമെന്ന ഉഷയുടെ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം. സ്ഥലപരിമിതികളാല്‍ ബുദ്ധിമുട്ടുന്ന ഹൈസ്കൂളിലാണ് വീടിന് സ്ഥലം അനുവദിച്ചത് എന്നാണ് പരാതി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗവ.എന്‍ജിനീയറിങ് കോളജിലെയും ഗവ.പോളിടെക്നിക് കോളജിലെയും വിദ്യാര്‍ഥികളും സമീപപ്രദേശത്തെ സ്കൂളുകളും റെസിഡന്‍സ് അസോസിയേഷനുകള്‍, സ്പോര്‍ട്സ് ക്ളബുകള്‍ എന്നിവരും കായിക പരിശീലനത്തിനും മറ്റും ഈ കളിസ്ഥലമാണ് ഉപയോഗിക്കാറ്. 2015 ജൂലൈയില്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ടെക്നിക്കല്‍ സ്കൂള്‍ സൂപ്രണ്ടിനോട് ഉഷക്ക് അഞ്ചുസെന്‍റ് ഭൂമി നല്‍കുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നു. സ്കൂളിന്‍െറ നിലവിലെ അപര്യാപ്തതകളും ശോചനീയാവസ്ഥയും വിശദീകരിച്ച് ഒരു സെന്‍റ് പോലും വിട്ടുകൊടുക്കാന്‍ പറ്റുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന് മറുപടിയും നല്‍കിയിരുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍െറ കീഴിലുള്ള മൂന്ന് സ്ഥാപനങ്ങളും നില്‍ക്കുന്നത് 1.43 ഏക്കര്‍ സ്ഥലത്താണ്. ഏത് സമയവും പൊളിഞ്ഞുവീഴാവുന്ന കെട്ടിടങ്ങളും വര്‍ക്ഷോപ്പുകളുമാണ് ടെക്നിക്കല്‍ ഹൈസ്കൂളിലുള്ളത്. സ്കൂളിന്‍െറ സമഗ്ര വികസന രൂപരേഖ പി.ടി.എ സര്‍ക്കാറിലേക്ക് സമര്‍പ്പിക്കാന്‍ തയാറെടുക്കുന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് എന്നാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.