കോഴിക്കോട്: ജില്ലയില്‍ വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യരോഗങ്ങള്‍ കൂടുന്നതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍.എല്‍. സരിത. ഇതിനാല്‍ കുടിക്കാനും ഭക്ഷണം പാകംചെയ്യാനും ഉപയോഗിക്കുന്ന വെള്ളത്തിന്‍െറ ഗുണനിലവാരം ഉറപ്പുവരുത്തണം. ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ വാഹനങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നവര്‍ ശുദ്ധമായ സ്രോതസ്സുകളില്‍നിന്ന് വെള്ളം ശേഖരിക്കണം. ഇതിനായി ഉപയോഗിക്കുന്ന ടാങ്കുകള്‍ വൃത്തിയുള്ളതാണെന്നും ഉറപ്പുവരുത്തണം. കുടിവെള്ള സാമ്പ്ളുകള്‍ പരിശോധിച്ചതിന്‍െറ രേഖകള്‍ വാഹനത്തില്‍ സൂക്ഷിക്കണം. ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, വിവാഹം എന്നിവ നടക്കുമ്പോള്‍ ശീതളപാനീയങ്ങള്‍ തയാറാക്കാന്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം. ആഘോഷങ്ങള്‍ക്ക് ഒരാഴ്ച മുമ്പ് കുടിവെള്ള സ്രോതസ്സുകള്‍ വൃത്തിയാക്കി ക്ളോറിനേറ്റ് ചെയ്യണം. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് രോഗം വരാതിരിക്കാന്‍ സഹായിക്കും. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി എല്ലാ ആഘോഷപരിപാടികളും മുന്‍കൂട്ടി ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. ആഹാരത്തിനു മുമ്പും മലമൂത്രവിസര്‍ജനത്തിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, പഴങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിക്കുക, ഭക്ഷണസാധനങ്ങള്‍ പ്രാണികള്‍ കടക്കാത്തവിധം അടച്ചുസൂക്ഷിക്കുക, ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുക, എലിനശീകരണം നടത്തുക, വ്യക്തിശുചിത്വം പാലിക്കുക തുടങ്ങിയവ ജലജന്യരോഗങ്ങള്‍ തടയുന്നതിന് ഫലപ്രദമാര്‍ഗങ്ങളാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.