രാജാജി റോഡില്‍ ‘കാളപ്പോര്’; ഒടുവില്‍ മെരുങ്ങിയത് നാലെണ്ണം

കോഴിക്കോട്: തിങ്കളാഴ്ച ഉച്ചക്ക് 2.30. രാജാജി റോഡില്‍ തിരക്ക് കുറഞ്ഞ സമയം. പെട്ടെന്ന് നടുറോഡില്‍ കിടന്ന കാളക്കൂറ്റന്മാര്‍ എഴുന്നേറ്റ് ഓടാന്‍ തുടങ്ങിയതോടെയാണ് ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പിന്നാലെ പിടിക്കാന്‍ നാലുപേരും. പിന്നീട് ഇവയെ കുരുക്കാനുള്ള ശ്രമം. ഇടക്ക് വലിയ കാളക്കൂറ്റന്‍ കുതറി മാറി ബസിന് മുന്നിലേക്കും അടുത്ത സ്ഥാപനങ്ങളിലേക്കും ഓടിയതോടെ ആളുകള്‍ക്ക് വെപ്രാളമായി. എന്നാല്‍, പിടിക്കാന്‍ പിന്നാലെ കൂടിയവര്‍ ഉറച്ച മട്ടായിരുന്നു. അതോടെ ആളുകള്‍ക്കും ആശ്വാസമായി. പണി പാളില്ല. അന്വേഷിച്ചപ്പോഴാണ് കഥ തെളിയുന്നത്. കോര്‍പറേഷന്‍ മേയറുടെ പ്രത്യേക ഉത്തരവില്‍ നഗരത്തില്‍ ഇറങ്ങിയ കാളപിടുത്തക്കാരാണ്. നാലുപേരുണ്ട്. നഗരത്തില്‍ അലഞ്ഞുതിരിയുന്ന കാളകളെ പിടിച്ച് വാഹനഗതാഗതം സുഗമമാക്കുകയും അപകടത്തില്‍നിന്ന് ആളുകളെ രക്ഷിക്കുകയുമാണ് ലക്ഷ്യം. ഇതോടെ സഹായിക്കാന്‍ നാട്ടുകാരും കൂടി. നഗരത്തില്‍ തിന്ന് കൊഴുത്തു നടക്കുന്ന കാളക്കൂറ്റന്മാരെ മെരുക്കുക എളുപ്പമായിരുന്നില്ല. വല്ലവിധേനയും കുരുക്കിട്ട് പിടിച്ചപ്പോള്‍ വാഹനത്തില്‍ കയറ്റുകയായി അടുത്ത ഭഗീരഥ യജ്ഞം. ഒരാള്‍ വാഹനത്തില്‍ കയറി. മറ്റുള്ളവര്‍ പിന്നില്‍നിന്ന് തള്ളിയും പിടിച്ചുയര്‍ത്തിയും വല്ലവിധേനയും കയറ്റിയപ്പോഴേ ശ്വാസം നേരെ വീണുള്ളൂ. പുതിയ മേയറായി തോട്ടത്തില്‍ രവീന്ദ്രന്‍ ചുമതലയേറ്റ ഉടന്‍ എടുത്ത പ്രധാന തീരുമാനമായിരുന്നു. രണ്ട് ദിവസം നാലെണ്ണത്തിനെ പിടികൂടി. അങ്ങനെയാണ് രാജാജി റോഡിലെ വീരന്മാരെ പറ്റി അറിഞ്ഞത്. ഇവിടെനിന്ന് മൂന്ന് കാളക്കുട്ടന്മാരെയും ഒരു കുട്ടിയെയുമാണ് പിടികൂടിയത്. ഇവയെ കോര്‍പറേഷന്‍ ഓഫിസിന് സമീപത്തെ പ്രത്യേകം തയാറാക്കിയ തൊഴുത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. രണ്ട് ദിവസം മുമ്പ് പിടികൂടിയതടക്കം എട്ടെണ്ണമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഇവക്ക് വേണ്ട പുല്ല്, വെള്ളം എല്ലാം ഒരുക്കിയിട്ടുണ്ട്. വെളിച്ചവും സുരക്ഷക്ക് ജീവനക്കാരുമുണ്ട്. അടുത്തദിവസം വെറ്ററിനറി ഡോക്ടര്‍മാരെക്കൊണ്ട് പരിശോധിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു. 48 മണിക്കൂറിനകം ഉടമസ്ഥര്‍ എത്തിയില്ളെങ്കില്‍ കാലികളെ ലേലം ചെയ്യും. ഉടമസ്ഥന്‍ എത്തിയാല്‍ ഇവക്കുവേണ്ടി ചെലവഴിച്ച ഭക്ഷണം, പിടുത്തകൂലി എന്നിവയടക്കം പിഴ ഈടാക്കും. ഇനി റോഡില്‍ അലയാന്‍ വിടരുതെന്ന് താക്കീത് ചെയ്യും. കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.കെ. വല്‍സന്‍, രാമദാസ്, സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ശ്രമം നടക്കുന്നത്. രണ്ടാഴ്ചക്കകം റോഡില്‍ കഴിയുന്ന നാല്‍ക്കാലികളെ മുഴുവന്‍ പിടികൂടുമെന്നും അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.