കോരിച്ചൊരിയുന്ന മഴയില്‍ അന്തിയുറങ്ങാന്‍ കൂരയില്ലാതെ അമ്മയും മക്കളും

മേപ്പയൂര്‍: കോരിച്ചൊരിയുന്ന മഴയില്‍ അന്തിയുറങ്ങാന്‍ കൂരയില്ലാതെ അമ്മയും മൂന്നു കുട്ടികളും. മേപ്പയൂര്‍ പഞ്ചായത്തിലെ വിളയാട്ടൂര്‍ പുല്ലങ്കോട്ടുമ്മല്‍ കുന്നിന്‍മുകളിലാണ് ഈ കുടുംബം. മൂന്നുവര്‍ഷം മുമ്പ് അപകടത്തില്‍ മരിച്ച വിജീഷിന്‍െറ ഭാര്യ ബവിതയെന്ന 27കാരിയാണ് പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങള്‍ക്കൊപ്പം ജീവിതത്തോട് പൊരുതുന്നത്. ഭര്‍ത്താവിന്‍െറ മരണശേഷം നാലു സെന്‍റ് ഭൂമിയും നാല് അവകാശികളുമുള്ള ഭര്‍തൃവീട്ടില്‍നിന്ന് മടങ്ങിയത് പിതാവിനൊപ്പം ടാര്‍പോളിന്‍ ഷീറ്റുകൊണ്ടും ചാക്കുകൊണ്ടും മറച്ചുകെട്ടിയ കൂരയിലേക്കാണ്. അയല്‍വീടുകളില്‍ വീട്ടുജോലി ചെയ്തും നാട്ടുകാരുടെ സഹായവുമൊക്കെ സ്വീകരിച്ചാണ് ഭക്ഷണത്തിനും നിത്യച്ചെലവിനും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനുമുള്ള തുക കണ്ടത്തെുന്നത്. സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ ഭവനപദ്ധതി ആനുകൂല്യങ്ങളൊന്നും ലഭ്യമായില്ല. കക്കൂസ്, കിണര്‍, വൈദ്യുതിയുമില്ല. മണ്ണെണ്ണവിളക്കിന്‍െറ വെളിച്ചത്തിലാണ് കുഞ്ഞുങ്ങള്‍ പഠിക്കുന്നത്. മൂത്ത മകന്‍ ഏഴാം ക്ളാസിലും രണ്ടാമത്തെ മകള്‍ അഞ്ചാം ക്ളാസിലും ശ്രവണവൈകല്യമുള്ള ഇളയകുട്ടി മൂന്നാം ക്ളാസിലും പഠിക്കുന്നു. മേപ്പയൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെയും ജെന്‍ഡര്‍ ടീമിന്‍െറയും നേതൃത്വത്തില്‍ സ്ത്രീകള്‍ വീട് നിര്‍മിക്കാനുള്ള മൂന്നു സെന്‍റ് ഭൂമി ബവിതക്ക് വിലക്ക് വാങ്ങിക്കൊടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചിരുന്നുവെങ്കിലും ആ പ്രവര്‍ത്തനം പാതിവഴിയിലായി. ഭൂമിക്ക് ആവശ്യമായ തുക കണ്ടത്തൊനുമായില്ല. ജില്ലാ ജെന്‍ഡര്‍ ടീം അംഗം എന്‍.പി. ശോഭയും സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കെ.കെ. ഗീതയുമാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ഒരു കുടുംബശ്രീ അംഗം ഒരുമാസം അഞ്ചു രൂപ വീതം നീക്കിവെച്ച് 60,000 രൂപയോളം സ്ത്രീ കൂട്ടായ്മ സമാഹരിച്ചിട്ടുണ്ട്. മൂന്നു ലക്ഷം രൂപയുണ്ടെങ്കില്‍ ബവിതക്കും കുഞ്ഞുങ്ങള്‍ക്കും വീടുവെക്കാന്‍ ഭൂമി വാങ്ങാന്‍ കഴിയുമെന്ന് ജില്ലാ ജെന്‍ഡര്‍ ടീം അംഗം എന്‍.പി. ശോഭ പറഞ്ഞു. സ്ഥലം കിട്ടിക്കഴിഞ്ഞാല്‍ ഒരു കൊച്ചുവീട് വെച്ചുകൊടുക്കാന്‍ നിരവധി കോണുകളില്‍നിന്ന് സഹായവാഗ്ദാനമുണ്ടെന്നും അവര്‍ പറഞ്ഞു. ഈ നിര്‍ധന കുടുംബത്തിന് മഴനനയാതെ അന്തിയുറങ്ങാനുള്ള കൂരയും തൊഴിലും നല്‍കാന്‍ കഴിയുന്ന സുമനസ്സുകള്‍ മുന്നോട്ടുവരുമെന്ന പ്രത്യാശയിലാണ് ഈ കുടുംബം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.