മുക്കം: ആശങ്ക സൃഷ്ടിച്ച് ആഫ്രിക്കന്‍ ഒച്ച് കാരശ്ശേരി പഞ്ചായത്തിലെ പാലായില്‍ പ്രദേശത്ത് പ്രത്യക്ഷപ്പെട്ടു. ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഗ്രാമപഞ്ചായത്ത് അധികൃതര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിരോധത്തിന് രംഗത്തിറങ്ങി. കേരള ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് വിദഗ്ധരെ സ്ഥലത്ത് കൊണ്ടുവന്നു. ശാസ്ത്രജ്ഞരായ സുഗന്ധന്‍, കീര്‍ത്തി എന്നിവര്‍ ഒച്ചിനെക്കണ്ട സ്ഥലം സന്ദര്‍ശിച്ചു. വിദഗ്ധ പഠനത്തിനായി ഒച്ചുകളെ ശേഖരിച്ച് കൊണ്ടുപോയി. സ്ഥാപന മേധാവി സജീവ് അടുത്ത ദിവസം എത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. വിനോദ് പറഞ്ഞു. പ്രദേശവാസികളെ വിളിച്ചുകൂട്ടി പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ ഞായറാഴ്ച അടിയന്തര പ്രതിരോധ നടപടികളെപ്പറ്റിയും മുന്‍കരുതല്‍ സംബന്ധിച്ചും ബോധവത്കരണം നടത്തി. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ഊര്‍ജിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശവാസികളെ ഉള്‍പ്പെടുത്തി നടപ്പാക്കുമെന്നും വി.കെ. വിനോദ് അറിയിച്ചു. ഉപ്പ്, പുകയിലക്കഷായം എന്നിവകൊണ്ട് ആഫ്രിക്കന്‍ ഒച്ചിനെ നശിപ്പിക്കാം. പുകയിലക്കഷായമാണ് കൂടുതല്‍ ഫലപ്രദം. കാബേജ്, പപ്പായ ഇല എന്നിവ ഇവയുടെ ഇഷ്ടാഹാരമാണ്. അതുകൊണ്ടുതന്നെ ഇത് ചതച്ചു കൂട്ടിയിട്ടാല്‍ പരിസരത്തുള്ള മുഴുവന്‍ ഒച്ചുകളും അവിടേക്ക് കൂടിച്ചേരും. കൂട്ടത്തോടെ നശിപ്പിക്കാന്‍ ഇത് ഉപകാരപ്പെടും. കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ഭിത്തിയിലെ കുമ്മായവും പ്രധാന ആഹാരമാണ്. കൂട്ടത്തോടെ കെട്ടിടത്തിന്‍െറ ഭിത്തി കാര്‍ന്നുതിന്നാല്‍ കെട്ടിടം ഇടിഞ്ഞുവീഴാന്‍ വരെ ഇടയാക്കിയേക്കാം. ഒച്ചില്‍നിന്നുള്ള വൈറസ് കുട്ടികളുടെ തലച്ചോറില്‍ കടന്നാല്‍ മാരകാവസ്ഥയിലാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.