ഭാഷാതിരുകള്‍ ഭേദിച്ച് മറുനാട്ടുകാരുടെ മലയാളചര്‍ച്ച

കോഴിക്കോട്: ബംഗാളികളും ബിഹാറികളും ഒഡിഷക്കാരും ഝാര്‍ഖണ്ഡുകാരും മഹാരാഷ്ട്രക്കാരുമെല്ലാം മലയാളം പഠിക്കാന്‍ ഒത്തുചേര്‍ന്നപ്പോള്‍ അത് ഭാഷാചരിത്രത്തിലെ വേറിട്ട ഒത്തുചേരലായി. പബ്ളിക് റിലേഷന്‍ വകുപ്പും ഭാഷാ സമന്വയ വേദിയും പ്രവാസി കോഓഡിനേഷന്‍ കമ്മിറ്റിയും ചേര്‍ന്ന് നടത്തിയ മറുനാടന്‍ വായനചര്‍ച്ചയാണ് ഭാഷകള്‍ മറികടന്ന് ആശയവിനിമയത്തിന്‍െറ ശ്രമങ്ങള്‍ നടത്തിയത്. തങ്ങളുടെ കുടുംബത്തിന്‍െറ അന്നം തരുന്ന നാടിനോടുള്ള നന്ദിയോടൊപ്പം നിത്യജീവിതത്തില്‍ അനുഭവിക്കുന്ന ഭാഷാപ്രശ്നങ്ങള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ അവതരിപ്പിച്ചു. ബസ് യാത്രയിലും സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ എത്തുമ്പോഴുമാണ് പ്രധാനമായും പ്രശ്നങ്ങള്‍ നേരിടുന്നത്. തൃശൂരും തിരൂരും അരീക്കാടും അരീക്കോടുമെല്ലാം പരസ്പരം മാറിപ്പോകുന്നു. കടകളിലുള്ളവര്‍ക്ക് ഹിന്ദി അറിയാത്തതിനാല്‍ ‘നഹീ നഹീ’ എന്ന് പറഞ്ഞ് ഒഴിവാക്കും. ഭാഷ അറിയാത്തതിനാല്‍ അപകടങ്ങളില്‍പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സിനും മൃതദേഹം കൊണ്ടുപോകാനുള്ള പണത്തിനുപോലും ബുദ്ധിമുട്ടുന്ന സന്ദര്‍ഭങ്ങളുണ്ട്. നാട്ടില്‍ പോകുമ്പോള്‍ തരാം എന്നുപറഞ്ഞ് പണിയെടുത്ത പണം വാങ്ങിവെച്ച് തിരികെതരാത്ത അനുഭവങ്ങളുമുണ്ട്. പണം, മൊബൈല്‍ എന്നിവ കബളിപ്പിച്ച് കൈക്കലാക്കുന്ന സംഭവങ്ങളുമുണ്ട്. ഭാഷ അറിയാത്തതിനാല്‍ പൊലീസിനെ ബന്ധപ്പെടാനും പ്രയാസമുണ്ട്. ഭാഷ പഠിക്കാന്‍ ഒരു പുസ്തകം വേണമെന്നായിരുന്നു എല്ലാവരുടെയും ആവശ്യം. ഇതിനുള്ള ‘മലയാളം സീഖ്നേ കേലിയേ’ എന്ന പുസ്തകം മൂന്ന് മാസത്തിനകം തയാറാവുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡോ. ആര്‍സു പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പൊലീസ് സര്‍ക്ള്‍ ഇന്‍സ്പെക്ടര്‍ പി. പ്രമോദ്, ആറ്റക്കോയ പള്ളിക്കണ്ടി, പി. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഖാദര്‍ പാലാഴി സ്വാഗതവും സണ്ണിജോസഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.