കോഴിക്കോട്: മഴയില്‍ ചോര്‍ന്നൊലിച്ച് നഗര മധ്യത്തിലെ മാനാഞ്ചിറ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. 75ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് സകൂളിന്‍െറ ശോച്യാവസ്ഥ. പഴയ കെട്ടിടത്തിലെ മേല്‍ക്കൂര ദ്രവിച്ചിരിക്കുന്നതിനാല്‍ സ്കൂളിന്‍െറ കെട്ടിടഭാഗങ്ങള്‍ അപകട ഭീഷണിയിലാണ്. സ്റ്റാഫ് റൂമിലും ചില ക്ളാസുകളിലും ചോര്‍ച്ചകാരണം അധ്യാപകരും വിദ്യാര്‍ഥികളും വലിയ ബുദ്ധിമുട്ടനുഭവിക്കുന്നത് സ്കൂളിന്‍െറ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ബുധനാഴ്ച രാവിലെ സ്റ്റാഫ് റൂമിലെ പൊട്ടിയൊലിക്കുന്ന മേല്‍ക്കൂരയുടെ അറ്റകുറ്റപണിക്കായി മുകളില്‍ കയറിയ ഇതരസംസ്ഥാന തൊഴിലാളി ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. മുകളിലെ ചോര്‍ച്ചയുള്ള ഓട് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഓടിനടിയിലെ ദ്രവിച്ച പട്ടിക പൊട്ടി വീഴുകയായിരുന്നു. താഴെ ഇരുന്ന അധ്യാപികമാരും ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. പ്രധാനാധ്യാപികയുടെ മുറിയിലടക്കം ചോര്‍ച്ചയുണ്ട്. പുതിയ കെട്ടിടം വന്നതോടെ കൂടുതല്‍ ക്ളാസുകള്‍ക്ക് മഴയില്‍നിന്ന് രക്ഷയുണ്ട്. എന്നാല്‍, പൈതൃക സംരക്ഷണമെന്ന പേരില്‍ പഴയ കെട്ടിടം നശിക്കുകയാണ്. ഉപയോഗ ശൂന്യമായ പഴയ കെട്ടിടങ്ങള്‍ കുട്ടികള്‍ക്ക് ഉപയോഗമാക്കുന്ന നിലക്ക് മാറ്റിപ്പണിയണമെന്നും അധ്യാപകരും പി.ടി.എയും ആവശ്യപ്പെടുന്നുണ്ട്. പുതിയ കെട്ടിടം അശാസ്ത്രീയമായ രീതിയില്‍ പണികഴിപ്പിച്ചതിനാല്‍ ഇതിന്‍െറ വശങ്ങളിലൂടെയും ചോര്‍ച്ചയുണ്ട്. കുട്ടികള്‍ നടക്കുന്ന വരാന്തയിലും ക്ളാസുകളിലും കെട്ടിടത്തിന്‍െറ വിടവുകളിലൂടെ വെള്ളം കയറുന്നുണ്ട്. ഈ വര്‍ഷംമുതല്‍ പുതിയ ഡിവിഷനുകള്‍ വന്നിട്ടുണ്ടെങ്കിലും അതിനനുസരിച്ചുള്ള ശൗചാലയങ്ങള്‍ സ്കൂളില്‍ ഇല്ളെന്ന് പി.ടി.എ പറയുന്നു. സര്‍ക്കാറിന്‍െറ പുതിയ സര്‍ക്കുലറില്‍ പി.ടി.എ ഫണ്ട് പിരിക്കുന്നതിനെ എതിര്‍ക്കുന്നതുകൊണ്ട് പി.ടി.എ കമ്മിറ്റികള്‍ക്ക് ലക്ഷങ്ങള്‍ മുടക്കി സ്കൂളിന്‍െറ അറ്റകുറ്റപണികള്‍ നടത്താന്‍ പ്രയാസമാണ്. വാര്‍ഡ് കൗണ്‍സിലറെ വിവരം അറിയിച്ചിട്ടും തിരിഞ്ഞുനോക്കുന്നില്ളെന്നും പരാതിയുണ്ട്. പൊട്ടിയൊലിക്കുന്ന മേല്‍ക്കൂരക്കുതാഴെ വളരെ ബുദ്ധിമുട്ടിയാണ് അധ്യാപകര്‍ ജോലി ചെയ്യുന്നതെന്നും നഗരമധ്യത്തിലെ സ്കൂളിന് ഇത് വലിയ അപമാനകരമാണെന്നും പ്രധാനാധ്യാപിക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.