അറ്റകുറ്റപ്പണിയില്ല; മെഡിക്കല്‍ കോളജ് ക്വാര്‍ട്ടേഴ്സുകള്‍ നശിക്കുന്നു

കോഴിക്കോട്: ഒരു മഴപെയ്താല്‍ മതി മെഡിക്കല്‍ കോളജിലെ ക്വാര്‍ട്ടേഴ്സുകള്‍ ചോര്‍ന്നൊലിക്കാന്‍. വിവിധ ഗ്രേഡിലുള്ള ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുകളാണ് കൃത്യമായി അറ്റക്കുറ്റപ്പണി നടത്താത്തതുമൂലം ചോര്‍ന്നൊലിക്കുന്നത്. മെഡിക്കല്‍ കോളജിലെ സ്റ്റേഡിയത്തിനു സമീപം എല്‍.ഡി, എല്‍.ഇ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുകളും മോര്‍ച്ചറിയില്‍നിന്ന് സ്റ്റേഡിയത്തിലേക്കുള്ള വഴിയില്‍ ഫാര്‍മസി കോളജിനു സമീപമുള്ള പ്രഫസര്‍മാര്‍ താമസിക്കുന്ന എ ടൈപ് ക്വാര്‍ട്ടേഴ്സുകളിലുമാണ് ദുരിതം. എല്‍.ഇ ഗ്രേഡ് ക്വാര്‍ട്ടേഴ്സുകളിലൊന്ന് മുകളില്‍ മരംവീണ് ഉപയോഗശൂന്യമായിട്ടുണ്ട്. മേല്‍ക്കൂരയില്‍ ആസ്ബസ്റ്റോസ് ഷീറ്റിട്ട വീടുകളിലൊന്നാണ് തകര്‍ന്നത്. കോണ്‍ക്രീറ്റിട്ട എ ടൈപ് ക്വാര്‍ട്ടേഴ്സിലൊന്ന് ചോര്‍ന്നൊലിക്കുന്നതുമൂലം മുകളില്‍ ആസ്ബസ്റ്റോസ് ഷീറ്റ് വിരിച്ചിട്ടുണ്ടെങ്കിലും ഈ ഷീറ്റ് കാറ്റിലും മഴയിലും തകര്‍ന്ന് വീണ്ടും ചോര്‍ന്നൊലിക്കുന്നുണ്ട്. ക്വാര്‍ട്ടേഴ്സുകള്‍ തകരുമ്പോള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ അധികൃതര്‍ തയാറാവുന്നില്ളെന്ന് താമസക്കാര്‍ പരാതിപ്പെടുന്നു. ഓരോ വീട്ടുകാരും തങ്ങളുടെ തകരാര്‍ പരാതിപ്പെടുന്നുണ്ടെങ്കിലും, ഇവ പരിഗണിക്കാതെ ഒന്നിലധികം ക്വാര്‍ട്ടേഴ്സുകള്‍ കൂട്ടത്തോടെ അറ്റകുറ്റപ്പണി നടത്തുകയാണെന്ന് ആക്ഷേപമുണ്ട്. സ്റ്റേഡിയത്തിനു സമീപമുള്ള എല്‍.ഡി, എല്‍.ഇ ക്വാര്‍ട്ടേഴ്സുകളിലേക്കുള്ള വഴികള്‍ ഏറെ ദുര്‍ഘടമാണ്. അരനൂറ്റാണ്ടുമുമ്പ് മെഡിക്കല്‍ കോളജ് സ്ഥാപിച്ച കാലത്തുള്ളതാണ് പല കെട്ടിടങ്ങളും. മൂന്നുവര്‍ഷമായി അറ്റകുറ്റപ്പണിക്ക് ഫണ്ട് അനുവദിച്ചിട്ട്. ഇതു കൂടാതെ, വര്‍ഷങ്ങള്‍ക്കുമുമ്പ് അപേക്ഷിച്ചവരുടേത് പരിഹരിക്കാതെ ഏറ്റവും അവസാനമായി അപേക്ഷിച്ചവരുടെ പ്രശ്നങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. എല്‍ക്യു, എല്‍.ഇ, എല്‍.ഡി, എല്‍.സി, ഡി,സി,ബി,എ ടൈപ് ക്വാര്‍ട്ടേഴ്സുകളാണ് മെഡിക്കല്‍ കോളജിലുള്ളത്. ഇവയില്‍ പലതും കൃത്യമായ അറ്റകുറ്റപണി നടക്കാത്തതിനാല്‍ ഉപയോഗശൂന്യമായിട്ടുണ്ട്. 96 ക്വാര്‍ട്ടേഴ്സുകളുള്ള എല്‍.ഇയില്‍ നാലെണ്ണം ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. എല്‍.ഡി ടൈപില്‍ 34 എണ്ണമുണ്ട്. അഞ്ചുവര്‍ഷം മുമ്പ് അലോട്ട്ചെയ്ത ഇവയിലൊന്നില്‍ കുറച്ചുനാള്‍ താമസിച്ചതിനുശേഷം ഒഴിഞ്ഞുപോയെങ്കിലും ഇതുവരെ വെക്കേറ്റ് ചെയ്തിട്ടില്ല. എല്‍.ഡിയിലെ പല വീടുകളുടെയും ശൗചാലയങ്ങളും വാതിലുകളും ഉള്‍പ്പടെ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. എല്‍.സിയില്‍ 10 ക്വാര്‍ട്ടേഴ്സാണ് ആകെയുള്ളത്. ഡി ടൈപ് ക്വാര്‍ട്ടേഴ്സില്‍ 44 എണ്ണമാണുള്ളത്. ഇതില്‍ രണ്ട് ഗ്രൂപ് ക്വാര്‍ട്ടേഴ്സുകളുണ്ട്. അസി. പ്രഫസര്‍മാര്‍ക്കുള്ള സി ടൈപ് ക്വാര്‍ട്ടേഴ്സ് ആറെണ്ണം മാത്രമാണുള്ളത്. അസോ. പ്രഫസര്‍മാര്‍ക്കായുള്ള ബി ടൈപ്പില്‍ 13 ക്വാര്‍ട്ടേഴ്സുണ്ടായിരുന്നു. ഇതില്‍ നാലെണ്ണം മാത്രമാണ് നിലവില്‍ ഇവരുപയോഗിക്കുന്നത്. 15 വര്‍ഷം മുമ്പ് മെഡിക്കല്‍ കോളജിലെ സ്വീവേജ് പ്ളാന്‍റ് നിര്‍മാണത്തിന് നാലെണ്ണവും മാസങ്ങള്‍ക്കുമുമ്പ് ഫ്ളാറ്റ് നിര്‍മാണത്തിന്‍െറ പേരില്‍ അഞ്ചെണ്ണവും ഒഴിപ്പിച്ചു. ഫ്ളാറ്റ് നിര്‍മാണ ജോലിക്കത്തെിയ ഇതരസംസ്ഥാന തൊഴിലാളികളും കരാറുകാരും താമസിക്കുകയാണ് ഇവിടെ. വിവിധ വിഭാഗങ്ങളിലായി 150 പേരെങ്കിലും അസോ. പ്രഫസര്‍മാരായി കോളജിലുണ്ട്. വിവിധ വകുപ്പുകളിലായി 80ഓളം പ്രഫസര്‍മാരുണ്ടായിരിക്കെ ഇവര്‍ക്കായി എ ടൈപ് ക്വാര്‍ട്ടേഴ്സില്‍ 11 എണ്ണം മാത്രമാണ് നിര്‍മിച്ചത്. ഇതില്‍ 10ഉം ഉപയോഗിക്കുന്നുണ്ട്. അവശേഷിക്കുന്ന ഒരെണ്ണം പ്രിന്‍സിപ്പലിന്‍േറതാണ്. നിലവില്‍ ഇത് പി.ഡബ്ള്യൂ.ഡി ഓഫിസായാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ വര്‍ഷവും അറ്റക്കുറ്റപ്പണി ചെയ്യുന്നുണ്ടെന്നാണ് മെഡിക്കല്‍ കോളജ് വികസന വകുപ്പ് അധികൃതര്‍ പറയുന്നത്. കാലപ്പഴക്കമുള്ള കെട്ടിടങ്ങളില്‍ തകരാര്‍ പരിഹരിക്കുന്നതിന് പരിമിതികളുണ്ടെന്നും ഫണ്ടിന്‍െറ അലഭ്യതയും പ്രതിസന്ധിയാവുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. എന്‍.ജി.ഒ, ജി.ഒ, പി.ജി വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായി മൂന്ന് ഫ്ളാറ്റുകളുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.